സി.പി.ഐ എറണാകുളം ജില്ലാ കമ്മറ്റി ഡി.ഐ.ജി ഓഫീസ് മാര്‍ച്ച് സംഘടിപ്പിച്ചത് തന്നെ സര്‍ക്കാറിനെ പ്രതിരോധത്തിലാക്കുന്നതിനു വേണ്ടി ! പൊലീസിനെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ത്താന്‍ അണികള്‍ക്ക് നിര്‍ദേശം നല്‍കിയത് തന്നെ സി.പി.ഐ ജില്ലാ നേതാക്കളാണ്. ഇതാണ് കല്ലേറിലും പൊലീസ് ബാരിക്കേഡ് തകര്‍ക്കുന്നതിലും കലാശിച്ചിരുന്നത്.
പൊലീസ് ലാത്തിചാര്‍ജ്ജ് പ്രതീക്ഷിച്ചു തന്നെയായിരുന്നു സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചതെന്ന് വീഡിയോ ദൃശ്യങ്ങളിലും വ്യക്തമാണ്. ഇക്കാര്യം സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ വിവരങ്ങളാണ് മുഖ്യമന്ത്രി നേരിട്ട് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരിക്കുന്നത്.
മന:പൂര്‍വ്വം അക്രമം സൃഷ്ടിക്കുകയായിരുന്നു സമരക്കാരുടെ ലക്ഷ്യമെന്ന് ബോധ്യമായതോടെയാണ് കാനവും ചുവട് മാറ്റിയിരിക്കുന്നത്. വൈപ്പിന്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുവാന്‍ അനുമതി വാങ്ങി അത് ഡി.ഐ.ജി ഓഫീസ് മാര്‍ച്ചാക്കി മാറ്റിയതും കാനത്തിനെ പ്രകോപിപ്പിച്ച ഘടകമാണ്. ഇതു സംബന്ധിച്ച് പാര്‍ട്ടി തലത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കാനാണ് ഇപ്പോഴത്തെ നീക്കം.
കാനം വിരുദ്ധ ചേരിയെ നയിക്കുന്ന കെ.ഇ.ഇസ്മയില്‍ പക്ഷക്കാരനാണ് സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജു. ഗ്രൂപ്പ് വൈര്യം ഇപ്പോഴത്തെ നടപടികള്‍ക്ക് പിന്നിലുണ്ടോ എന്ന കാര്യവും സി.പി.ഐ സംസ്ഥാന നേതൃത്വം പരിശോധിക്കുന്നുണ്ട്. കാനത്തിനെതിരെ ആലപ്പുഴ പാര്‍ട്ടി ഓഫീസിന് മുന്നില്‍ പോസ്റ്റര്‍ പതിച്ചതും മകനുമായി ബന്ധപ്പെട്ട ആക്ഷേപങ്ങള്‍ വരുന്നതും ഗൗരവമായാണ് പാര്‍ട്ടി നേതൃത്വം നോക്കികാണുന്നത്.
ഡി.ഐ.ജി ഓഫീസ് മാര്‍ച്ചുമായി ബന്ധപ്പെട്ട് കാനം സ്വീകരിച്ച നിലപാടാണ് ഇസ്മയില്‍ പക്ഷത്തെ പ്രകോപിപ്പിച്ചിരിക്കുന്നത്. ‘പൊലീസ് വീട്ടിലെത്തിയല്ല, സമരത്തിനിറങ്ങിയപ്പോഴാണ് മര്‍ദ്ദിച്ചതെന്നായിരുന്നു’ കാനത്തിന്റെ പ്രതികരണം.
വെളിയം ഭാര്‍ഗവന്‍ സെക്രട്ടറി സ്ഥാനത്ത് ഇരുന്നപ്പോള്‍ പൊലീസ് സ്റ്റേഷനില്‍ കയറി സഖാക്കളെ ഇറക്കി കൊണ്ടുവന്നത് ചൂണ്ടിക്കാട്ടിയാണ് കാനത്തിനെതിരെ എതിര്‍വിഭാഗം രംഗത്ത് വന്നിരിക്കുന്നത്. നിലവില്‍ സി.പി.ഐ സംസ്ഥാന കൗണ്‍സിലിലും എക്സിക്യൂട്ടീവിലും കാനം വിഭാഗത്തിനാണ് ആധിപത്യം. ജില്ലാ കൗണ്‍സിലുകളിലും ഈ ആധിപത്യം പ്രകടമാണ്.
ഒതുക്കപ്പെട്ടിരുന്ന ഇസ്മയില്‍ പക്ഷത്തിന് പിടിച്ചു നില്‍ക്കാന്‍ കിട്ടിയ കച്ചിത്തുരുമ്പായിരുന്നു പൊലീസ് ലാത്തി ചാര്‍ജ്ജ്. അതാണിപ്പോള്‍ തിരിച്ചടിച്ചിരിക്കുന്നത്. എം.എല്‍.എ അടക്കമുള്ളവരെ മര്‍ദ്ദിച്ചതിനെതിരെ കെ.ഇ.ഇസ്മയില്‍, സി.എന്‍.ജയദേവന്‍ തുടങ്ങിയ നേതാക്കള്‍ പരസ്യമായി തന്നെ രംഗത്തിറങ്ങിയിരുന്നു. അനുകൂല സാഹചര്യം മുതലാക്കി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ സ്വാധീനമുറപ്പിക്കലായിരുന്നു ഈ വിഭാഗത്തിന്റെ ലക്ഷ്യം.
തന്റെ കൈ ഒടിഞ്ഞെന്ന എം.എല്‍.എ എല്‍ദോ എബ്രഹാമിന്റെ വാദം പൊളിഞ്ഞതാണിപ്പോള്‍ ഇസ്മയില്‍ പക്ഷത്തിന് തിരിച്ചടിയായിരിക്കുന്നത്. എം.എല്‍.എയുടെ ഇടതു കൈ ഒടിഞ്ഞെന്ന വാദമാണ് പൊളിഞ്ഞത്. അദ്ദേഹത്തിന്റെ കൈയ്യുടെ എല്ലിന് ഒടിവോ, പൊട്ടലോ ഉള്ളതായി മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പോലും രേഖപ്പെടുത്തിയിട്ടില്ല. ഈ സാഹചര്യത്തില്‍ എം.എല്‍.എയുടെ കൈക്കേറ്റ പരുക്കില്‍ അന്വേഷണം വേണമെന്ന നിലപാടിലാണ് പൊലീസ്.
എം.എല്‍.എയെ പൊലീസ് മര്‍ദ്ദിക്കുന്നതെന്ന പേരില്‍ പുറത്തു വിട്ടത് വ്യാജ ചിത്രമാണെന്നും ഇതിനകം തന്നെ വ്യക്തമായിട്ടുണ്ട്. എറണാകുളം സെന്‍ട്രല്‍ എസ്.ഐ വിപിന്‍ദാസ് തന്നെ മര്‍ദ്ദിക്കുന്നതായി കാട്ടി എല്‍ദോ ഏബ്രഹാം തന്നെ മാധ്യമങ്ങള്‍ക്കു മുന്നില്‍ കാണിച്ച ചിത്രമാണ് ഫോട്ടോഷോപ്പു ചെയ്തുണ്ടാക്കിയതാണെന്ന് വിദഗ്ധ പരിശോധനയില്‍ വ്യക്തമായിരിക്കുന്നത്.
എസ്.ഐ ലാത്തി വീശുന്ന ചിത്രവും എം.എല്‍.എയുടെ ചിത്രവും ഫോട്ടോ ഷോപ്പിലൂടെ ഒന്നിച്ചു ചേര്‍ക്കുകയാണുണ്ടായത്. ചിത്രത്തിന്റെ താഴെ ഭാഗത്ത് രണ്ടു ചിത്രങ്ങളും തമ്മില്‍ സിങ്ക് ചെയ്യുന്നതിനായി വെള്ള നിറത്തില്‍ എല്‍ ആകൃതിയില്‍ വരച്ചു ചേര്‍ത്തത് മായ്ച്ചു കളയാന്‍ ഫോട്ടോഷോപ്പ് ചെയ്ത വിരുതന്‍ വിട്ടുപോയിട്ടുണ്ട്. മാത്രമല്ല അതിനോടു ചേര്‍ന്നു തന്നെ എം.എല്‍.എയുടെ മുണ്ടിനുള്ളില്‍ നിന്ന് ഒരു പൊലീസ് ഓഫീസറുടെ ബ്രൗണ്‍ നിറത്തിലുള്ള ഷൂവും കാണാം. ഇതും ഫോട്ടോഷോപ്പ് കലാകാരന്‍ മായ്ച്ചു കളയാന്‍ മറന്നു പോയിട്ടുണ്ട്. ഗുരുതരമായ കുറ്റകൃത്യമാണ് ഇവിടെ നടന്നിരിക്കുന്നത്. ഇക്കാര്യത്തില്‍ അന്വേഷണമുണ്ടായാല്‍ പെടുക സി.പി.ഐ ജില്ലാ നേതാക്കളാണ്. പൊലീസ് മര്‍ദ്ദനത്തിന്റെ പേരില്‍ വ്യാജ തെളിവുണ്ടാക്കാന്‍ സിപിഐ ജില്ലാ നേതൃത്വം തയ്യാറായി എന്നത് സര്‍ക്കാരിനും ഇപ്പോള്‍ ബോധ്യമായിട്ടുണ്ട്.
എം.എല്‍.എയുടെ കൈക്ക് പൊട്ടലില്ല എന്ന് എല്‍ദോ ചികിത്സയില്‍ കഴിഞ്ഞിരുന്ന സ്വകാര്യ ആശുപത്രയിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഹരിഹരനാണ് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഒടിയാത്ത കൈ പ്ലാസ്റ്ററിട്ട് പൊലീസിനെതിരായ വികാരമുണ്ടാക്കാനാണ് എം.എല്‍.എയും സി.പി.ഐ ജില്ലാ നേതൃത്വവും ബോധപൂര്‍വ്വം ശ്രമിച്ചതെന്ന് വ്യക്തമാണ്. എം.എല്‍.എ പുറത്തു വിട്ട ചിത്രം ഫോട്ടോ ഷോപ്പ് ചെയ്തതാണെന്ന് മനസ്സിലായിട്ടും സര്‍ക്കാരിനെതിരായ വികാരമുണ്ടാക്കുന്നതിനായി, ചിത്രത്തിന്റെ ചുവട് ഭാഗം കട്ട് ചെയ്താണ് ചില മാധ്യമങ്ങളും പ്രസിദ്ധീകരിച്ചിരുന്നത്. ഇതും ഗൗരവമായാണ് സര്‍ക്കാര്‍ കാണുന്നത്.
അതേസമയം സി.പി.ഐ പ്രവര്‍ത്തരുടെ ആക്രമണത്തില്‍ പരിക്കേറ്റ അസി.കമ്മീഷണര്‍ കെ.ലാല്‍ജി, സെന്‍ട്രല്‍ എസ്.ഐ വിപിന്‍ ദാസ് എന്നിവര്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഇപ്പോഴും തുടരുകയാണ്. ഇരുവരുടെയും വലതുകൈയിലെ എല്ലിന് പൊട്ടലുണ്ട്. ഇതു സംബന്ധമായ മെഡിക്കല്‍ റിപ്പോര്‍ട്ടും എറണാകുളം ജില്ലാ കളക്ടര്‍ക്ക് ആശുപത്രി അധികൃതര്‍ കൈമാറിയിട്ടുണ്ട്. രാഷ്ട്രീയ മുതലെടുപ്പിനൊപ്പം പൊലീസിലെ ചിലരോട് സി.പി.ഐയിലെ ഒരു വിഭാഗത്തിനുള്ള വ്യക്തിവിരോധവും പുതിയ വിവാദങ്ങള്‍ക്കു പിന്നിലുണ്ട്.
പൊലീസ് ലാത്തിചാര്‍ജുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ ലഭിച്ചാല്‍ ഉടന്‍ തുടര്‍ നടപടി സ്വീകരിക്കുവാനാണ് സര്‍ക്കാരിന്റെ തീരുമാനം. വൈപ്പിന്‍ സി.ഐ ഉള്‍പ്പെടെ ഏതാനും ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്ന കാര്യം ആഭ്യന്തര വകുപ്പിന്റെ പരിഗണനയിലാണ്. എന്നാല്‍ സി.പി.ഐ മാര്‍ച്ചിന്റെ പേരില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചാല്‍ തെറ്റായ സന്ദേശം നല്‍കുമെന്ന വിലയിരുത്തലിലാണ് സി.പി.എം നേതൃത്വം.
സി.പി.ഐ ജില്ലാ നേതൃത്വം നടപടി ആവശ്യപ്പെടുന്ന ഉദ്യോഗസ്ഥരെല്ലാം സി.പി.എം നേതൃത്വവുമായി വലിയ അടുപ്പമുള്ളവരാണ്. തെറ്റായതൊന്നും പൊലീസ് ചെയ്തിട്ടില്ലെന്ന നിലപാട് എറണാകുളത്തെ സി.പി.എം നേതൃത്വത്തിനുണ്ട്.
സി.പി.എം അച്ചടക്ക നടപടി സ്വീകരിക്കുന്നവരെ ഒപ്പം നിര്‍ത്തി മന:പൂര്‍വ്വം പ്രശ്നമുണ്ടാക്കുന്നത് സി.പി.ഐ ജില്ലാ സെക്രട്ടറിയാണെന്നാണ് സി.പി.എം വാദം. വൈപ്പിന്‍ കോളെജ് വിഷയത്തില്‍ സി.പി.ഐ ജില്ലാ സെക്രട്ടറിയുടെ ഇടപെടലാണ് പ്രശ്നം വഷളാക്കിയതെന്ന് എസ്.എഫ്.ഐയും കുറ്റപ്പെടുത്തുന്നുണ്ട്. ഇതോടെ ചെറിയ ഒരിടവേളക്ക് ശേഷം എറണാകുളം ജില്ലയില്‍ വീണ്ടും സി.പി.ഐ- സി.പി.എം പോരിനാണ് വീണ്ടും വഴി തുറന്നിരിക്കുന്നത്.
Political Reporter