വിവാദങ്ങള്‍ പുകയുമ്പോള്‍ സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന് ഇന്ന് കൊടി ഉയരും

കണ്ണൂര്‍: വിവാദങ്ങള്‍ക്കിടെ സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന് ഇന്ന് വൈകുന്നേരം കൊടി ഉയരും. നാളെ രാവിലെ മുതല്‍ കണ്ണൂര്‍ ഇ.കെ. നായനാര്‍ അക്കാദമിയില്‍ തുടങ്ങുന്ന പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസ് വിവാദവും, പി.ജയരാജനെതിരെയുള്ള വ്യക്തി പൂജാ ആരോപണവും സമ്മേളന ചര്‍ച്ചയില്‍ ഇടം പിടിക്കും.

ജയരാജനെതിരെയുള്ള സംസ്ഥാന സമിതിയുടെ വിമര്‍ശന കുറിപ്പ് കോടിയേരി ബാലകൃഷ്ണന്‍ തന്നെ ജില്ലാ കമ്മിറ്റിയില്‍ അവതരിപ്പിച്ച് ചര്‍ച്ചയും ചെയ്തിരുന്നു. ബ്രാഞ്ച് തലങ്ങളില്‍ റിപ്പോര്‍ട്ട് വായിച്ച് നടപടി പൂര്‍ത്തിയാക്കിയതല്ലാതെ ജില്ലാ സെക്രട്ടറിക്കെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നില്ല. കീഴ്ഘടകങ്ങളിലുള്ള ഈ സ്വാധീനവും ജില്ലാ സമ്മേളനത്തില്‍ പ്രതിഫലിക്കും.

മാതൃജില്ലയായ കണ്ണൂരിലെ സമ്മേളനത്തിലുയരുന്ന ചര്‍ച്ചകള്‍ കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും കരുതലോടെയാണ് കാണുന്നത്. സംസ്ഥാന സെക്രട്ടറി പദവിയില്‍ തുടരാന്‍ കണ്ണൂര്‍ ഘടകത്തിന്റെ പിന്തുണ കോടിയേരി ബാലകൃഷ്ണന് കൂടിയേ തീരൂ. അതേസമയം, വിവാദങ്ങളില്‍ പെടാതെ കണ്ണൂര്‍ ഘടകത്തെ ഒന്നിച്ച് നിര്‍ത്താന്‍ പിണറായി വിജയന്‍ മുഴുവന്‍ സമയവും സമ്മേളനത്തില്‍ പങ്കെടുക്കും.

Top