കൊല്‍ക്കത്ത: കന്നുകാലിവില്പന നിയന്ത്രണം സംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തിനെതിരെ കേരളത്തില്‍ സി.പി.എം. നടത്തുന്ന ബീഫ് ഫെസ്റ്റിവലുകളോട് എതിര്‍പ്പ് പ്രകടിപ്പിച്ച് ബംഗാള്‍ഘടകം. ബംഗാളിലെ ഭൂരിപക്ഷസമുദായത്തിന്റെ വികാരത്തെ ബാധിക്കുമെന്നതാണ് ഇതിനുകാരണമായി അവര്‍ ഉയര്‍ത്തിക്കാട്ടുന്നത്.
കേന്ദ്രസര്‍ക്കാരും ബി.ജെ.പി.യും ചെയ്യുന്നത് ശരിയല്ല. പക്ഷേ, ബീഫ് ഫെസ്റ്റിവലോ പോര്‍ക്ക് ഫെസ്റ്റിവലോ നടത്തുകവഴി, മതേതരത്വം തെളിയിക്കാന്‍ മറ്റൊരാളെ ഇതുകഴിക്കാന്‍ നിര്‍ബന്ധിക്കുകയാണ് ചെയ്യുന്നതെന്ന് ബംഗാളിലെ മുതിര്‍ന്ന സി.പി.എം. നേതാക്കളിലൊരാള്‍ അഭിപ്രായപ്പെട്ടു.
സംസ്ഥാന സര്‍ക്കാരിന്റെ പ്രീണന രാഷ്ട്രീയം കാരണം ബംഗാളില്‍ ബി.ജെ.പി. വളരെ പെട്ടെന്നാണ് സ്വാധീനമുണ്ടാക്കുന്നത്. ഇപ്പോള്‍ തങ്ങള്‍ ബീഫ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചാല്‍ വര്‍ഗീയാഗ്‌നിക്ക് അത് ഇന്ധനമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ബീഫ് ഫെസ്റ്റിവലുകള്‍ നടത്തുന്നതിന് തങ്ങളുടെ പാര്‍ട്ടി എതിരാണെന്ന് ബംഗാളിലെ ഇടതുമുന്നണിയിലെ കക്ഷിയായ ആര്‍.എസ്.പി.യുടെ സംസ്ഥാന സെക്രട്ടറി ക്ഷിതി ഗോസ്വാമി പറഞ്ഞു.