സിപിഎം ചെറുപ്പുളശേരി ഏരിയ കമ്മിറ്റി യോഗത്തില്‍ പികെ ശശിക്കെതിരെ രൂക്ഷ വിമര്‍ശനം

ഷൊര്‍ണൂര്‍: സിപിഎം ചെറുപ്പുളശേരി ഏരിയ കമ്മിറ്റി യോഗത്തില്‍ പികെ ശശിക്കെതിരെ രൂക്ഷ വിമര്‍ശനം. ചെറുപ്പുളശേരിയിലെ പൊതുപരിപാടിയില്‍ ശശിയെ മാലയിട്ട് സ്വീകരിച്ച പ്രവര്‍ത്തകരുടെ നടപടി ശരിയായില്ലെന്ന് ഒരു വിഭാഗം പ്രവര്‍ത്തകര്‍ അറിയിച്ചു. ഒളിമ്പിക്‌സില്‍ മെഡല്‍ കിട്ടിയിട്ടാണോ സ്വീകരണം നല്‍കിയതെന്നും ഇതിന് ആരാണ് നിര്‍ദ്ദേശം നല്‍കിയതെന്നുമായിരുന്നു വിമര്‍ശനം.

മേല്‍ കമ്മിറ്റിയുടെ തീരുമാനങ്ങള്‍ അറിയിക്കാന്‍ വിളിച്ച യോഗത്തില്‍ പ്രധാന അജണ്ടയായി നിശ്ചയിച്ചിരുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കുന്ന കാര്യങ്ങളായിരുന്നു. എന്നാല്‍ യോഗത്തില്‍ രണ്ടര മണിക്കൂറോളം പികെ ശശിക്കെതിരായ വിമര്‍ശനമായിരുന്നു നടന്നത്.

യോഗത്തില്‍ പങ്കെടുത്ത 17 ഏരിയ കമ്മിറ്റി അംഗങ്ങളില്‍ 15 അംഗങ്ങളും ശശിക്കെതിരെ നിലപാടെടുത്തു. ആരോപണം ഉയര്‍ന്നതിന് ശേഷം ആദ്യ ഏരിയ കമ്മിറ്റി യോഗമാണ് ഇന്ന് നടന്നത്. നേരത്തെ മൂന്ന് തവണ യോഗം വിളിച്ചെങ്കിലും ക്വാറം തികയാത്തതിനാല്‍ യോഗം മാറ്റിവയ്ക്കുകയായിരുന്നു.

അതേസമയം, പി.കെ.ശശിയ്ക്കെതിരെ നേതൃത്വത്തിന്റെ ഭാഗത്തു നിന്നുമുള്ള മൗനത്തില്‍ ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിലും രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു.

പി കെ ശശിക്കെതിരെ ആരോപണം ഉയര്‍ന്നത്തിനു ശേഷം ആദ്യമായാണ് ബുധനാഴ്ച പാലക്കാട് ജില്ലാ കമ്മിറ്റി ചേര്‍ന്നത്. ഇരയ്ക്കൊപ്പമാണ് സംഘടന നില്‍ക്കേണ്ടതെന്ന് ഒരു വിഭാഗം പ്രവര്‍ത്തകര്‍ യോഗത്തില്‍ നിലപാടെടുത്തു. ഡിവൈഎഫ്ഐ വനിതാ നേതാവ് നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ സി പി എം അന്വേഷണം പ്രഖ്യാപിച്ചിട്ടും ഇരയ്ക്കൊപ്പം നില്‍ക്കുന്ന നിലപാടല്ല ഡിവൈഎഫ്ഐ ജില്ലാ നേതൃത്വം സ്വീകരിയ്ക്കുന്നതെന്നും ഒരു വിഭാഗം ആരോപിച്ചു.

എന്നാല്‍ ജില്ലാ കമ്മറ്റിയംഗം കൂടിയായ വനിതാ നേതാവ് ഡിവൈഎഫ്ഐക്ക് പരാതി നല്‍കിയിട്ടില്ലെന്നും നേതാക്കള്‍ പറഞ്ഞു. ജില്ലാ സമ്മേളന ഒരുക്കങ്ങള്‍ മാത്രമായിരുന്നു അജണ്ടയെന്നും ശശി വിഷയം ചര്‍ച്ചയാക്കേണ്ട വേദിയല്ല ജില്ലാകമ്മറ്റി യോഗമെന്നും നേതൃത്വം നിലപാടെടുത്തിരുന്നു.

ഒറ്റപ്പാലത്ത് നിന്നുള്ള അംഗമാണ് വിഷയത്തില്‍ ഡി.വൈ.എഫ്.ഐയുടെ നിലപാടില്ലായ്മയെ ചോദ്യം ചെയ്ത് രംഗത്ത് വന്നത്. പുതുശ്ശേരി, ചെര്‍പ്പുളശ്ശേരി എന്നിവിടങ്ങളില്‍ നിന്നുള്ളവരും വിമര്‍ശിച്ചു. പരാതിക്കാരിയായ യുവതി ജില്ലാ കമ്മിറ്റിയോഗത്തില്‍ നിന്ന് വിട്ടുനിന്നതും നേതൃത്വത്തിന്റെ സമീപനം മൂലമാണെന്നും ആരോപണമുണ്ട്.

Top