തെക്കോട്ടെടുക്കല്‍ പരാമര്‍ശം; ശോഭ സുരേന്ദ്രനെതിരേ സിപിഎം നേതാവ് ഡിജിപിക്ക് പരാതി നല്‍കി

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ നടത്തിയ വിവാദ പ്രംസഗത്തിനെതിരെ ഡി.ജി.പിയ്ക്ക് പരാതി.

പ്രസംഗം പരിശോധിച്ച് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം നേതാവ് വി.ശിവന്‍കുട്ടിയാണ് പരാതി നല്‍കിയത്.

നേരത്തെ സംഭവത്തില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം ചിറക്കടവ് ലോക്കല്‍ സെക്രട്ടറി വി.ജി. ലാല്‍ കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പിയ്ക്ക് പരാതി നല്‍കിയിരുന്നു.

ബുധനാഴ്ച കോട്ടയം പൊന്‍കുന്നത്ത് നടന്ന പൊതുപരിപാടിക്കിടെയാണ് കോടിയേരിക്കെതിരെ ശോഭ സുരേന്ദ്രന്‍ വധഭീഷണി മുഴക്കിയത്.

കോടിയേരിയോട് സമാധാനമായി മരിക്കേണ്ടേ എന്നായിരുന്നു ശോഭയുടെ ചോദ്യം.

വയസെത്രയായെന്നും തെക്കോട്ടെടുക്കേണ്ടേ എന്നും ചോദിച്ച ശോഭ, ഇനിയെങ്കിലും നേരാവണ്ണം ജീവിക്കാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കണമെന്നും കോടിയേരിയോട് പറഞ്ഞു.

ഇന്ത്യ ഭരിക്കുന്നത് പിണറായിയുടെ വല്യേട്ടനല്ലെന്നു പറഞ്ഞ ശോഭ, കോടിയേരിക്ക് ഇന്ത്യയിലെ മറ്റു സ്ഥലങ്ങളില്‍ പോകേണ്ടി വരില്ലെ എന്നും ചോദിച്ചു.

ഒരു പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിക്ക് അറിയപ്പെടുന്ന മാദ്ധ്യമ പ്രവര്‍ത്തകരുടെ മുന്നില്‍ പത്രസമ്മേളനം നടത്താന്‍ സുരക്ഷയില്ലാത്ത നാടാണോ ‘കോടിയേരി ബാലകൃഷ്ണാ നിന്റെയീ കേരളം’ എന്ന് ചോദിച്ച ശോഭ ഇത് ജനാധിപത്യ സംസ്ഥാനമാണെന്നും കൂട്ടിച്ചേര്‍ത്തു.

ജനാധിപത്യത്തിലൂടെ നിങ്ങളെ ജയിപ്പിച്ച് അധികാരത്തില്‍ എത്തിച്ചിട്ടുണ്ടെങ്കില്‍ ഇത് കോടിയേരി ബാലകൃഷ്ണന്റെ തറവാട് സ്വത്തല്ലെന്നും ശോഭ പ്രസംഗത്തില്‍ പറഞ്ഞിരുന്നു.

ആര്‍എസ്എസില്‍ നിന്നു സിപിഎമ്മിലെത്തിയ സുധീഷ് മിന്നിക്കെതിരേയും ശോഭ ആഞ്ഞടിച്ചു. സുധീഷിന്റെ പേര് നായ്ക്കള്‍ക്ക് ഇടണമെന്നായിരുന്നു ശോഭയുടെ ആഹ്വാനം.

Top