ടി ശിവദാസ മേനോന്റെ സംസ്കാരം ഇന്ന്; നിയമസഭ ചേരില്ല

കോഴിക്കോട്; മുൻമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായിരുന്ന ടി ശിവദാസ മേനോൻറെ സംസ്കാരം ഇന്ന്. രാവിലെ പത്തരയോടെ മഞ്ചേരിയിലെ വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. ഇന്നലെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ശിവദാസ മേനോൻ അന്തരിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയൻ സ്പീക്കർ എം ബി രാജേഷ്, മന്ത്രിമാരായ പി രാജീവ്, കെ രാധാകൃഷ്ണൻ തുടങ്ങിയവർ ഇന്ന് രാവിലെ മഞ്ചേരിയിലെ വസതിയിലെത്തി അന്ത്യാഞ്ജലി അർപ്പിക്കും. മന്ത്രിമാർക്കും എംഎൽഎമാരും സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നതിനാൽ ഇന്നത്തെ നിയമസഭ സമ്മേളനം ഒഴിവാക്കി.

മൂന്ന് തവണ എംഎൽഎയും രണ്ട് തവണ മന്ത്രിയുമായിരുന്നു ടി ശിവദാസ മേനോൻ. രണ്ടാം നായനാർ മന്ത്രിസഭയിൽ വൈദ്യുതി, ഗ്രാമ വികസന വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. മൂന്നാം നായനാർ മന്ത്രിസഭയിൽ ധന വകുപ്പും എക്സൈസ് വകുപ്പും കൈകാര്യം ചെയ്തു. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയായിരിക്കെ 1987ൽ ആണ് ആദ്യമായി മലമ്പുഴയിൽ നിന്ന് മത്സരിച്ചത്. കന്നിയങ്കത്തിൽ കോൺഗ്രസിലെ എ തങ്കപ്പനെ മുട്ടുകുത്തിച്ചപ്പോൾ തേടിയെത്തിയത് മന്ത്രി പദവി. പാർട്ടി അധികാരത്തിലെത്തിയ രണ്ട് തവണയും ശിവദാസ മേനോൻ മന്ത്രിയായി. 91ൽ പാർട്ടി പ്രതിപക്ഷത്തായിരുന്നപ്പോൾ ചീഫ് വിപ്പായിരുന്നു ടി.ശിവദാസ മേനോൻ. 1993 മുതൽ 1996 വരെ പബ്ലിക്​ അക്കൗണ്ട്​സ്​ കമ്മറ്റി ​ചെയർമാനായിരുന്നു.

Top