പയ്യോളി മനോജ് വധക്കേസില്‍ സി.പി.എം നേതാക്കള്‍ സി.ബി.ഐ കസ്റ്റഡിയില്‍

manoj

തിരുവനന്തപുരം: കേന്ദ്ര ഭരണത്തിന്റെ ‘പവര്‍’ കാട്ടി തിരിച്ചടിച്ച് ബി.ജെ.പി.

ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ പയ്യോളി മനോജ് വധകേസില്‍ സി.പി.എം നേതാക്കളെ സി.ബി.ഐ അറസ്റ്റ് ചെയ്ത നടപടി സി.പി.എം സംസ്ഥാന നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്.

പിണറായി സര്‍ക്കാര്‍ അധികാരമേറ്റെടുത്തതിനു ശേഷം 15 ഓളം ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായാണ് ബി.ജെ.പി നേതൃത്വം പറയുന്നത്.

ഈ കേസുകള്‍ സി.ബി.ഐക്ക് വിടണമെന്ന ആവശ്യം സംഘപരിവാര്‍ അനുകൂലികള്‍ ഹൈക്കോടതിയില്‍ തന്നെ ആവശ്യപ്പെട്ടിരിക്കെയാണ് സി.ബി.ഐ ആക്ഷന്‍ തുടങ്ങിയിരിക്കുന്നത്.

പ്രതികളെ പിടികൂടാന്‍ സംസ്ഥാന പൊലീസ് സഹകരിച്ചില്ലങ്കില്‍ കേന്ദ്ര സേനയെ വിട്ടു നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഒരു തുറന്ന പോരിലേക്ക് കേന്ദ്രവും സംസ്ഥാന സര്‍ക്കാറും പോകുന്നതിലേക്ക് കാര്യങ്ങള്‍ എത്തുമോയെന്ന് കണ്ടറിയേണ്ട സാഹചര്യമാണ് നിലവില്‍ .

ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ പയ്യോളി മനോജ് വധക്കേസില്‍ സിപിഐഎം നേതാവ് അടക്കം 9 പേരെയാണ് അറസ്റ്റ് ചെയ്തിരുന്നത്.

സിപിഐഎം മുന്‍ ഏരിയ സെക്രട്ടറി ചന്തുമാഷ്, ലോക്കല്‍ സെക്രട്ടറി പി.വി രാമചന്ദ്രന്‍, കൗണ്‍സിലര്‍ ലിജേഷ് തുടങ്ങിയവരടക്കം 9 പേരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്.

വടകര ക്യാംപ് ഓഫീസില്‍ വിളിച്ച് വരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് ഇവരെ കൊച്ചിയിലേക്ക് കൊണ്ട് പോയി.

ഒന്നര വര്‍ഷം മുന്‍പാണ് കേസ് സിബിഐക്ക് കൈമാറിയത്.

സി.ടി. മനോജിനെ വധിച്ചകേസില്‍ ലോക്കല്‍ പൊലീസ് സമര്‍പ്പിച്ച അന്തിമറിപ്പോര്‍ട്ട് ഹൈക്കോടതി റദ്ദാക്കിയിരുന്നു. കേസ് ഏറ്റെടുത്ത സി.ബി.ഐ., സമഗ്രാന്വേഷണം നടത്തി അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചിരുന്നു.

മനോജിന്റെ സുഹൃത്ത് സജാദ് നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതിയുടെ നിര്‍ദേശം. കേസ് സി.ബി.ഐ.യ്ക്ക് വിട്ടശേഷവും അന്വേഷണത്തില്‍ പൊലീസ് ഇടപെടുന്നുവെന്ന് ഹര്‍ജിക്കാരന്‍ ആരോപിച്ചിരുന്നു. മുമ്പ് കേസ് അന്വേഷിച്ച സി.ഐ. ആദ്യത്തെ മൊഴിയില്‍ ഉറച്ചുനില്‍ക്കാന്‍ സാക്ഷികളെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

2012 ഫെബ്രുവരി 12നാണ് പയ്യോളി മനോജിനെ ഒരുസംഘം വീട്ടില്‍ക്കയറി കൊലപ്പെടുത്തിയത്. ആദ്യം അന്വേഷിച്ച ലോക്കല്‍ പോലീസ്, സി.പി.എം. ലോക്കല്‍ സെക്രട്ടറിയടക്കം 15 പേരെ പ്രതിചേര്‍ത്ത് കോഴിക്കോട് കോടതിയില്‍ കുറ്റപത്രം നല്‍കി. എന്നാല്‍, വിചാരണ തുടങ്ങാനിരിക്കേ തങ്ങളല്ല യഥാര്‍ഥപ്രതികളെന്നും പാര്‍ട്ടിയും പോലീസും ചേര്‍ന്ന് കുടുക്കിയതാണെന്നും ഇവര്‍ മൊഴിനല്‍കി. നുണപരിശോധനയ്ക്ക് തയ്യാറാണെന്നും പറഞ്ഞു. തുടര്‍ന്നാണ് സി.ബി.ഐ. അന്വേഷണത്തിന് ഹൈക്കോടതിയില്‍ ഹര്‍ജി വന്നതും കോടതി അനുകൂല ഉത്തരവിട്ടതും.

Top