പത്തനംതിട്ട: പന്തളത്ത് സിപിഎം നേതാവിന്റെ മകന് വെട്ടേറ്റു. പന്തളം മുന്‍ ഏരിയാ സെക്രട്ടറി അഡ്വ. കെആര്‍ പ്രമോദിന്റെ മകനാണ് വെട്ടേറ്റത്. അക്രമികള്‍ വീട്ടില്‍ അതിക്രമിച്ചു കയറിയാണ് വെട്ടിയത് എന്നാണ് വിവരം.
സിപിഎം മുന്‍ ഏരിയ സെക്രട്ടറി, ലോക്കല്‍ സെക്രട്ടറി എന്നിവരുടെ വീടുകള്‍ക്ക് നേരെ ആക്രമണവുമുണ്ടായി. മുന്‍ ലോക്കല്‍ സെക്രട്ടറി പരേതനായ ഹസന്‍ റാവുത്തറുടെ കടയ്ക്കാടുള്ള വീടിന് നേരെയും മുന്‍ ഏരിയാ സെക്രട്ടറി കെ.ആര്‍. പ്രമോദ്കുമാറിന്റെ വീടിന് നേരെയുമാണ് ആക്രമണം ഉണ്ടായത്. പന്തളത്തു കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടന്നുവരുന്ന അക്രമസംഭവങ്ങളുടെ തുടര്‍ച്ചയാണ് വീട് ആക്രമണമെന്നു പറയുന്നു.
അതേസമയം പന്തളം കേന്ദ്രീകരിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കു നേരെ എസ്.ഡി.പി.ഐ-പോപ്പുലര്‍ ഫ്രണ്ട് ക്രമിനലുകള്‍ തുടര്‍ച്ചയായി നടത്തുന്ന അക്രമം പ്രത്യേക പൊലീസ് സംഘം രൂപീകരിച്ച് അന്വേഷിക്കണമെന്ന് ഡി.വൈ.എഫ്.ഐ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.