പത്തനംതിട്ട: തിരുവല്ല സിപിഎം ലോക്കല്‍ സെക്രട്ടറി പി.ബി.സന്ദീപ് കുമാറിന്റെ കൊലപാതകത്തില്‍ നാലു പേര്‍ പിടിയില്‍. ജിഷ്ണു, പ്രമോദ്, നന്ദു, മുഹമ്മദ് ഫൈസല്‍ എന്നിവരാണ് പിടിയിലായത്. കരുവാറ്റയില്‍ നിന്നാണ് ഇവരെ പിടികൂടിയത്.
കേസില്‍ ആകെ അഞ്ചു പേരെയാണ് പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വേങ്ങല്‍ സ്വദേശി അഭിയ്ക്കായി തിരച്ചില്‍ തുടരുന്നു. പ്രതികളെ പുളിക്കീഴ് സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്യുകയാണ്.
സന്ദീപിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ തിരുവല്ല നഗരസഭയിലും സമീപ പഞ്ചായത്തുകളിലും ഹര്‍ത്താല്‍ നടത്തുമെന്ന് സിപിഎം ഏരിയ സെക്രട്ടറി ഫ്രാന്‍സിസ് വി.ആന്റണി അറിയിച്ചു. സന്ദിപിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ നടക്കും.
ഇന്നലെ രാത്രി 8നാണ് നെടുമ്പ്രം ഭാഗത്തുനിന്നു വീട്ടിലേക്ക് ബൈക്കില്‍ പോകുന്ന വഴി സിപിഎം പെരിങ്ങര ലോക്കല്‍ സെക്രട്ടറി പുത്തന്‍പറമ്പില്‍ പി.ബി.സന്ദീപ് കുമാറിനെ (32) ഗുണ്ടാസംഘം വെട്ടിക്കൊലപ്പെടുത്തിയത്. 3 ബൈക്കുകളിലായി എത്തിയ അഞ്ചംഗ സംഘമാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.സന്ദീപിനെ സമീപത്തെ വെള്ളക്കെട്ടിലേക്ക് ചവിട്ടി വീഴ്ത്തിയ ശേഷം വടിവാള്‍ കൊണ്ടു വെട്ടുകയായിരുന്നെന്ന്് പൊലീസ് അറിയിച്ചു. ആര്‍എസ്എസ് ആണ് കൊലപാതകത്തിനു പിന്നിലെന്ന് സിപിഎം ആരോപിച്ചു.