എം.എം. മണിയെ പരസ്യമായി ശാസിക്കാന്‍ സിപിഎം സംസ്ഥാന സമിതിയോഗത്തില്‍ തീരുമാനം

തിരുവനന്തപുരം: മന്ത്രി എം.എം. മണിയെ പരസ്യമായി ശാസിക്കാന്‍ സിപിഎം സംസ്ഥാന സമിതിയോഗം തീരുമാനിച്ചു. ഇനി മേലില്‍ വിവാദ പരാമര്‍ശങ്ങള്‍ ഉണ്ടാകരുതെന്ന് മണിയോട് ആവശ്യപ്പെടും. തുടര്‍ച്ചയായ വിവാദ പരാര്‍ശങ്ങളുടെ പേരിലാണ് നടപടി.

മണിക്കെതിരായ നടപടി അനിവാര്യമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ധാരണയായിരുന്നു. ഇതിനു പിന്നാലെയാണ് സംസ്ഥാന സമിതി യോഗം ചേര്‍ന്നു മണിയെ പരസ്യമായി ശാസിക്കാന്‍ തീരുമാനിച്ചത്.

മൂന്നാറിലെ പൊമ്പിളൈ ഒരുമൈക്കെതിരെ മണി നടത്തിയ പരാമര്‍ശം മാത്രമല്ല, ശൈലി മാറ്റാനും തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനും പാര്‍ട്ടി ഉപദേശിച്ചിട്ടും അതു പാലിച്ചില്ലെന്ന് പാര്‍ട്ടി സെക്രട്ടേറിയറ്റില്‍ വിലയിരുത്തലുണ്ടായി.

മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മണിക്കെതിരെയാണു സംസാരിച്ചത്. സെക്രട്ടേറിയറ്റ് യോഗത്തില്‍ അദ്ദേഹത്തിന്റെ പ്രസംഗങ്ങളെ പിന്തുണയ്ക്കാന്‍ ആരുമുണ്ടായില്ല.

തന്റെ വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്തുവെന്ന വിശദീകരണമാണ് മണി സെക്രട്ടേറിയറ്റ് യോഗത്തില്‍ നല്‍കിയത്. മാധ്യമപ്രവര്‍ത്തകരെയും കുറ്റപ്പെടുത്തി. പക്ഷേ, വിശദീകരണം ദുര്‍ബലമായിരുന്നു. ഇതിനൊന്നിനുമല്ല മണിയെ മന്ത്രിയാക്കിയതെന്നായിരുന്നു നേതാക്കളുടെ പ്രതികരണം.

Top