കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത് പോലീസ് പുനഃപരിശോധിക്കണമെന്ന് സി.പി.എം പോളിറ്റ് ബ്യുറോ അംഗം എം.എ ബേബി. യു.എ.പി.എ കരിനിയമമാണ്, എന്നാല്‍ ചില പോലീസുകാര്‍ക്ക് ഇത് മനസിലായിട്ടില്ല. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് സ്വീകരിക്കുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും ബേബി ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം ഭരണകൂട ഭീകരതയാണു തങ്ങളോടു കാണിക്കുന്നതെന്നും തങ്ങള്‍ക്കെതിരെ യുഎപിഎ ചുമത്തിയതു കെട്ടിച്ചമച്ച കേസിലെന്നും കോഴിക്കോട് അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകര്‍ പ്രതികരിച്ചു.
തങ്ങളുടെ കൈയില്‍നിന്നു ലഘുലേഖകളൊന്നും പോലീസ് പിടിച്ചെടുത്തിട്ടില്ല. സിഗരറ്റ് വലിച്ചു കൊണ്ടിരുന്ന തന്നെ പോലീസ് പിടിച്ചു കൊണ്ടു പോകുകയായിരുന്നു. സ്റ്റേഷനില്‍ വച്ചു തന്നെ പോലീസ് മര്‍ദ്ദിച്ചെന്നും താഹ ആരോപിച്ചു. തങ്ങള്‍ക്കെതിരെ ഒരു തെളിവുമില്ലെന്നും അലന്‍ ഷുഹൈബ് അറിയിച്ചു.
കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയായ നിയമ വിദ്യാര്‍ഥി അലന്‍ ഷുഹൈബ്, ജേണലിസം വിദ്യാര്‍ഥി താഹ ഫസല്‍ എന്നിവരെയാണു ശനിയാഴ്ച രാവിലെ പോലീസ് അറസ്റ്റ് ചെയ്തത്. കോടതി ഇവരെ 15 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു. ലഘുലേഖകള്‍ വിതരണം ചെയ്തു പ്രതിഷേധിച്ചെന്ന് ആരോപിച്ചാണ് അറസ്റ്റ്. ഇവര്‍ക്കെതിരേ യുഎപിഎ കുറ്റവും ചുമത്തി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമ വിദ്യാര്‍ഥിയായ അലന്‍ എസ്എഫ്‌ഐ അംഗമാണ്. താഹ സിപിഎം പാറമ്മല്‍ ബ്രാഞ്ച് അംഗവും.
എം.എ ബേബിയുടെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ
മാവോയിസ്റ്റ് ബന്ധം ആരോപിച്ചു കോഴിക്കോട് രണ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ യു എ പി എ പ്രകാരം കേസ് എടുത്തത് പൊലീസ് പുനപരിശോധിക്കണം.യു എ പി എ ഒരു കരിനിയമമാണ് എന്നതില്‍ സിപിഐ എമ്മിനോ കേരള സര്‍ക്കാരിനോ ഒരു സംശയവുമില്ല. പക്ഷേ, കേരളത്തിലെ ചില പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇത് ബോധ്യപ്പെട്ടിട്ടില്ല. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് എടുക്കും എന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് ഉറപ്പുണ്ട്.