കോഴിക്കോട്: ഒളിക്യാമറ വിവാദത്തിലായ എംകെ രാഘവനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. എൽഡിഎഫ് കോഴിക്കോട് പാർലമെന്‍റ് മണ്ഡലം കമ്മറ്റി കണ്‍വീനറും ഡിവൈഎഫ്ഐ അഖിലേന്ത്യാ നേതാവുമായ അഡ്വക്കറ്റ് പി എ മുഹമ്മദ് റിയാസ് ആണ് പരാതി നൽകിയത്.
എം കെ രാഘവൻ നടത്തിയ തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെയും നിയമങ്ങളുടെയും ലംഘനത്തെ പറ്റിയും രാഘവന്‍റെ പണമിടപാടുകളെ കുറിച്ചും അന്വേഷിക്കണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം. കള്ളപ്പണ ഇടപാടടക്കം എല്ലാം അന്വേഷിക്കണമെന്നും ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
2014 ലെ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ ആകെ 53 ലക്ഷം രൂപ മാത്രമാണ് രാഘവൻ തെരഞ്ഞെടുപ്പ് ചെലവായി രാഘവൻ കമ്മീഷന് മുന്പാകെ കാണിച്ചത്. എന്നാൽ സ്വാകര്യ ചാനൽ പ്രതിനിധിയോട് 20 കോടി രൂപ ചെലവായെന്ന് പറഞ്ഞതിലൂടെ പണമുപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് സംശയിക്കുന്നതായും പരാതിയിൽ പറയുന്നു.
ഇതിനിടെ .കെ. രാഘവനെതിരെ ചാനല്‍ പുറത്തുവിട്ട ഒളി ക്യാമറാ ദൃശ്യങ്ങളെക്കുറിച്ചും അഴിമതി ആരോപണത്തെക്കുറിച്ചും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് ഡിജിപി റിപ്പോര്‍ട്ട് നല്‍കി. ദൃശ്യങ്ങളുടെ ആധികാരികത തെളിയിക്കുന്നതിന് ശാസ്ത്രീയ പരിശോധന വേണമെന്ന് ഡിജിപി അഭിപ്രായപ്പെട്ടതായാണ് വിവരം.
അതേസമയം, തനിക്കെതിരായ ഒളിക്യാമറാ അഴിമതി ആരോപണം തെളിയിച്ചാല്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാമെന്ന് എം കെ രാഘവന്‍ പറഞ്ഞിരുന്നു. സംഭവം കെട്ടിച്ചമച്ചതാണെന്നും തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കാമെന്നും രാഘവന്‍ വ്യക്തമാക്കുകയും ചെയ്തു. ചാനലിനെതിരെ പൊലിസ് കമ്മീഷണര്‍ക്കും ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
സിങ്കപ്പൂര്‍ കമ്പനിക്ക് കോഴിക്കോട് ഹോട്ടല്‍ തുടങ്ങാന്‍ സ്ഥലത്തിനായി സഹായിക്കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ച ആളുകളില്‍ നിന്നും കോഴ ആവശ്യപ്പെടുന്നതാണ് ചാനലിന്റെ ഒളിക്യാമറാ ദൃശ്യങ്ങളിലുള്ളത്. ഹിന്ദി ചാനലായ ടി വി 9 ആണ് വാര്‍ത്ത പുറത്ത് വിട്ടത്.
കമ്മീഷന്‍ ആയി 5 കോടി രൂപ രാഘവന്റെ തിരഞ്ഞെടുപ്പു ഫണ്ടിലേക്ക് സംഘം വാഗ്ദാനം ചെയ്യുന്നു. ഇത് തന്റെ ഡല്‍ഹിയിലെ ഓഫീസ് സെക്രട്ടറിയെ ഏല്‍പ്പിക്കണം എന്നും പണം കറന്‍സിയായി മതി എന്നും രാഘവന്‍ പറയുന്നുണ്ട്.