പത്തനംതിട്ട: ഓഖി ദുരന്തമേഖലയില്‍ മുഖ്യമന്ത്രി നേരത്തെ എത്തണമായിരുന്നുവെന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. പൊലീസില്‍ ഐപിഎസ് ഭരണമാണെന്നും വിമര്‍ശനം ഉന്നയിച്ചു.
സമ്മേളനത്തില്‍ സിപിഐക്കെതിരെയും രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. സിപിഐ എന്ന വിഴുപ്പുഭാണ്ഡം ഇനി ചുമക്കാനാകില്ലെന്ന് പ്രതിനിധികള്‍ പറഞ്ഞു. സിപിഐയെ മുന്നണിയില്‍ ഉള്‍പ്പെടുത്തേണ്ടകാര്യം തീരുമാനിക്കണമെന്നും ചര്‍ച്ചയില്‍ എല്ലാ ഏരിയാ കമ്മിറ്റികളും അറിയിച്ചു.
തുടര്‍ച്ചയായ ഇടതുമുന്നണിയെ പ്രതിസന്ധിയിലാക്കുന്ന സിപിഐയെ മുന്നണിയില്‍ ആവശ്യമുണ്ടോ എന്നുള്ള കാര്യം സിപിഐഎം നേതൃത്വം ഉടന്‍ ആലോചിക്കണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
കാനത്തിന് മാധ്യമശ്രദ്ധ കിട്ടുന്നതിന് വേണ്ടിയാണ് ഇത്രയധികം സിപിഐഎമ്മിനെ വിമര്‍ശിക്കുന്നത്. സിപിഐയുടെ നിലപാടുകള്‍ എല്‍ഡിഎഫ് സര്‍ക്കാരിന് തലവേദന സൃഷ്ടിക്കുന്നുണ്ടെന്നും വരുന്ന തിരഞ്ഞെടുപ്പുകളില്‍ സിപിഐ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കണോ എന്ന കാര്യം ആലോചിക്കണമെന്നും സമ്മേളനത്തില്‍ ആവശ്യമുയര്‍ന്നു.