കൊല്ലം: പാലക്കാട്, കൊല്ലം ജില്ലാ സമ്മേളനങ്ങളില്‍ പൊലീസിനും ആഭ്യന്തര വകുപ്പിനും രൂക്ഷ വിമര്‍ശനം. പൊലീസിന്റെ നിയന്ത്രണമില്ലാത്ത ഇടപെടല്‍ സര്‍ക്കാറിനെ പ്രതിരോധത്തിലാഴ്ത്തുന്നുവെന്ന് അംഗങ്ങള്‍ കുറ്റപ്പെടുത്തി.
പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പോലും പൊലീസില്‍ നിന്നും നീതി ലഭിക്കുന്നില്ലെന്ന് കൊല്ലം ജില്ലാ സമ്മേളനത്തിലും വിമര്‍ശനം ഉയര്‍ന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പാലക്കാട് ജില്ലാ സമ്മേളനത്തിലാണ് പൊലീസിനും ആഭ്യന്തര വകുപ്പിനുമെതിരെ പാര്‍ട്ടി പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചത്.
ചിലയിടങ്ങളില്‍ പൊലീസിന്റെ നിയന്ത്രണമില്ലാത്ത ഇടപെടല്‍ സര്‍ക്കാറിനെ പ്രതിരോധത്തിലാഴ്ത്തുന്നുവെന്നും പ്രതിനിധികള്‍ വിമര്‍ശിച്ചു. ഇത് തിരുത്തണമെന്നും ആവശ്യപ്പെട്ടു. സമ്മേളന പ്രതിനിധികള്‍ നേരത്തെ കൊല്ലത്തും ആഭ്യന്തര വകുപ്പിനെതിരെ അവിശ്വാസം ഉയര്‍ത്തി. പൊലീസ് ഉദ്യോഗസ്ഥരെ നിയന്ത്രിക്കണമെന്ന് മുന്‍ എംഎല്‍എ ഐഷാ പോറ്റി ഉള്‍പ്പടെയുള്ളവര്‍ ആവശ്യപ്പെട്ടു. തനിക്ക് പോലും പൊലീസ് സ്‌റ്റേഷനില്‍ നിന്ന് നീതി ലഭിക്കാത്ത സാഹചര്യമുണ്ടായെന്നും അയിഷാ പോറ്റി പറഞ്ഞു.
പ്രാദേശിക നേതാക്കള്‍ക്ക് പൊലീസ് സ്‌റ്റേഷനില്‍ കയറാന്‍ കഴിയാത്ത സാഹചര്യമെന്നുള്ള വിമര്‍ശനം ഭൂരിഭാഗം അംഗങ്ങളും ഉന്നയിച്ചു. ബ്രാഞ്ച് ഏരിയാ കമ്മറ്റികളിലും നേരത്ത വിമര്‍ശനം ഉയര്‍ന്നിരുന്നുവെങ്കിലും ആഭ്യന്തര വകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ പോലും വിമര്‍ശനം ഉയരുന്നത് ശ്രദ്ധേയമാണ്.