CPM MLA’s Experience-lesson for left representatives and leaders

തിരുവനന്തപുരം: മുന്‍കൂട്ടി അനുമതി വാങ്ങാതെ മുഖ്യമന്ത്രിയുടെ മുന്നിലെത്താന്‍ ഇടത് എംഎല്‍എമാര്‍ക്കും മന്ത്രിമാര്‍ക്കും പേടി.

കാട്ടാക്കട എംഎല്‍എയും സിപിഎം ജില്ലാ കമ്മറ്റി അംഗവുമായ ഐ ബി സതീശനോട് മുന്‍കൂട്ടി അനുമതി വാങ്ങി വരാത്തതിന് മുഖ്യമന്ത്രി ശകാരിച്ചതാണ് ഇടത് ജനപ്രതിനിധികള്‍ക്കിടയിലും പാര്‍ട്ടി നേതാക്കള്‍ക്കിടയിലും പുനര്‍വിചിന്തനത്തിന് കാരണമായിട്ടുള്ളത്.

മന്ത്രിസഭാ യോഗത്തില്‍ കൃത്യസമയത്ത് എത്താതിരുന്ന മന്ത്രിമാര്‍ക്ക് പുറത്തിരിക്കേണ്ടി വന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് ഐബി സതീശുമായി ബന്ധപ്പെട്ട കാര്യവും പുറത്തായത്.

കരമന-കളിയിക്കാവിള റോഡ് വികസനവുമായി ബന്ധപ്പെട്ട് കോവളം എംഎല്‍എയും കോണ്‍ഗ്രസ്സ് നേതാവുമായി എം വിന്‍സന്റിനൊപ്പം എത്തിയപ്പോഴാണ് സതീശിന്
ഈ അനുഭവം ഉണ്ടായതെന്നാണ് വാര്‍ത്ത.

തന്നെ ശകാരിക്കാന്‍ മുഖ്യമന്ത്രിക്ക് അവകാശമുണ്ടെന്ന് പറഞ്ഞ സതീശന്‍ സംഭവം നിഷേധിച്ചെങ്കിലും ഒപ്പം ഉണ്ടായിരുന്നത് പ്രതിപക്ഷ അംഗമായതിനാല്‍ കാര്യങ്ങള്‍ കൃത്യമായി തന്നെ പുറംലോകം അറിഞ്ഞു.

ഫയലുകള്‍ നോക്കിത്തീര്‍ക്കാന്‍ നീക്കിവെച്ച സമയത്ത് സിപിഎം എംഎല്‍എയുടെ നേതൃത്വത്തില്‍ മുന്‍കൂട്ടി അനുവാദം വാങ്ങാതെ എത്തിയതാണ് പിണറായിയെ പ്രകോപിപ്പിച്ചതത്രെ.

ഒരു ഭരണാധികാരി എന്ന നിലയില്‍ പിണറായി സ്വീകരിച്ചത് ശരിയായ നിലപാടാണ് എന്ന അഭിപ്രായം പരക്കെ ഉണ്ടെങ്കിലും പ്രതിപക്ഷ എംഎല്‍എയുടെ മുന്നില്‍ ഇങ്ങനെ പെരുമാറിയത് കടന്ന കൈയ്യായി പോയി എന്ന അഭിപ്രായമാണ് സിപിഎം നേതൃത്വത്തിലെ ഒരു വിഭാഗത്തിനുള്ളത്.

മുഖ്യമന്ത്രി പിണറായി, പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായിയേക്കാള്‍ കാര്‍ക്കശ്യമായി പെരുമാറുന്ന പശ്ചാത്തലത്തില്‍ ഇനി സെക്രട്ടറിയേറ്റിലേക്കുള്ള യാത്ര ഒഴിവാക്കാനാവാത്ത സാഹചര്യത്തില്‍ മാത്രം മതിയെന്ന് തീരുമാനിച്ചുറപ്പിച്ചിരിക്കുകയാണ് ഇടത് ജനപ്രതിനിധികളടക്കമുള്ളവര്‍.

എന്തിനേറെ മന്ത്രിമാര്‍ പോലും പുതിയ സാഹചര്യത്തില്‍ സൂക്ഷിച്ചാണ് ചുവട് വയ്ക്കുന്നത്. ഉന്നത ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ പ്രീതിപ്പെടുത്താന്‍ മുന്‍കാലങ്ങളില്‍ മുഖ്യമന്ത്രിമാരെ കണ്ട് വണങ്ങുന്ന പതിവിനും ഇപ്പോള്‍ വിരാമമായിട്ടുണ്ട്.

സിപിഎം അനുകൂല ഭരണപക്ഷ സംഘടനാ നേതാക്കളുടെ വിലസലും ഇപ്പോള്‍ സെക്രട്ടറിയേറ്റില്‍ കുറവാണ്.

ഏത് നിമിഷവും മുഖ്യമന്ത്രിയുടെ പിടിവീഴുമെന്നതാണ് ഇവരെ പേടിപ്പെടുത്തുന്നത്.

മുന്‍കാലങ്ങളില്‍ ഇടത് സര്‍ക്കാരിന്റെ കാലത്ത് തലസ്ഥാനത്ത് ഉണ്ടാവുമായിരുന്ന തിരക്കിനെ അപേക്ഷിച്ച് ഇപ്പോള്‍ വളരെ കുറവാണെന്നാണ് ലോഡ്ജ് ഉടമകളുടെയും അഭിപ്രായം.

യുഡിഎഫ് ഭരണകാലത്തെ ‘ചാകര’ പ്രതീക്ഷിക്കുന്നില്ലെങ്കിലും കഴിഞ്ഞ ഇടത് സര്‍ക്കാരിന് സമാനമായ തിരക്കെങ്കിലും തലസ്ഥാനത്ത് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചവര്‍ക്കാണ് ഇവിടെ കണക്ക്കൂട്ടലുകള്‍ പിഴച്ചിരിക്കുന്നത്.

വിവിധ ജില്ലകളില്‍ നിന്ന് പാര്‍ട്ടിക്കത്തും വാങ്ങി തലസ്ഥാനത്തേക്ക് കയറുന്ന നേതാക്കളുടെ എണ്ണം കുറഞ്ഞതാണ് ഇതിന് കാരണം.

ഭരണത്തില്‍ പാര്‍ട്ടി ഇടപെടല്‍ നിയന്ത്രിക്കണമെന്ന് അധികാരമേറ്റയുടനെ പിണറായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിയോട് ആവശ്യപ്പെട്ടിരുന്നു.

Top