ബംഗാള്‍ രാഷ്ട്രീയത്തിലെ കരുത്തുറ്റ നേതാവാണ് മുഖ്യമന്ത്രി മമത ബാനര്‍ജി. കോണ്‍ഗ്രസ്സില്‍ തുടങ്ങി തൃണമൂലില്‍ എത്തി നില്‍ക്കുന്ന അവരുടെ വളര്‍ച്ച ദേശീയ രാഷ്ട്രീയം പലവട്ടം ചര്‍ച്ച ചെയ്തിട്ടുള്ളതാണ്. രാഷ്ട്രീയം എന്തായാലും മമതയുടെ കര്‍ക്കശ നിലപാടുകളാണ് അവരെ പലപ്പോഴും വിവാദ നായികയാക്കിയിരുന്നത്.
ബംഗാള്‍ കടുവയെന്ന് മമതയെ വിളിച്ച മാധ്യമങ്ങളില്‍ ചിലതിപ്പോള്‍ ഐഷെ ഘോഷിലാണ് ആ കാര്‍ക്കശ്യം കാണുന്നത്.
ഡല്‍ഹി പൊലീസിനെ പോലും വിറപ്പിച്ച് നിര്‍ത്തുന്ന ആ ക്ഷുഭിത യൗവ്വനം നാളെയുടെ ബംഗാളിന്റെ ഭാവിയാണെന്നാണ് വിലയിരുത്തല്‍.
മുഖംമൂടി അണിഞ്ഞ അക്രമികള്‍ തല തല്ലിത്തകര്‍പ്പോഴും ചോര ഒലിക്കുന്ന മുഖത്തെ സമരാഗ്നി അപ്രത്യക്ഷമായിരുന്നില്ല. അധ്യാപകരെയും, വിദ്യാര്‍ത്ഥികളെയും നിഷ്‌കരുണം മര്‍ദ്ദിച്ച അക്രമികള്‍ ഐഷെ ഘോഷ് എന്ന എസ്എഫ്ഐക്കാരിയെ തെരഞ്ഞുപിടിച്ചാണ് അക്രമിച്ചിരുന്നത്. അത്രമാത്രം വെല്ലുവിളിയായിരുന്നു കാവി രാഷ്ട്രീയത്തിന് ഈ പെണ്‍കുട്ടി.
അക്രമത്തില്‍ പരുക്കേറ്റ മറ്റ് ഇരുപതോളം വിദ്യാര്‍ത്ഥികളുടെ കൂട്ടത്തില്‍ ഏറ്റവും ഗുരുതരമായ പരുക്ക് ഐഷെ ഘോഷിനാണ് ഏറ്റിരുന്നത്. ദുര്‍ഗാപൂര്‍ സ്വദേശിയായ ഐഷെ ഘോഷ് ജെഎന്‍യുവിലെ സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സിലാണ് ഗവേഷണം ചെയ്യുന്നത്. 2019 സെപ്റ്റംബറിലാണ് വന്‍ ഭൂരിപക്ഷത്തില്‍ ജെഎന്‍യു സ്റ്റുഡന്റ്സ് യൂണിയന്‍ പ്രസിഡന്റായി ഐഷെ തെരഞ്ഞെടുക്കപ്പെട്ടത്. 2313 വോട്ടുകള്‍ നേടിയാണ് മിന്നുന്ന വിജയം അവര്‍ കരസ്ഥമാക്കിയത്.
ഐഷെ ഘോഷിന് മുന്‍പ്, 13 വര്‍ഷക്കാലം എസ്എഫ്ഐക്ക് ജെഎന്‍യു യൂണിയനില്‍ ഒരു പ്രസിഡന്റിനെ സൃഷ്ടിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ പെണ്‍കുട്ടിയിലൂടെ ശക്തമായ തിരിച്ചു വരവാണ് ജെഎന്‍യുവില്‍ എസ്എഫ്‌ഐ നടത്തിയിരിക്കുന്നത്. ഫീസ് വര്‍ദ്ധനയ്‌ക്കെതിരേയും, പൊതു പ്രശ്‌നങ്ങളും ഉയര്‍ത്തിയും ശക്തമായ പ്രക്ഷോഭമാണ് ഐഷെ ഘോഷിന്റെ നേതൃത്വത്തില്‍ ഇവിടെ നടന്നുവരുന്നത്.
ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടിയ ശേഷമാണ് ഐഷെ ജെഎന്‍യുവില്‍ എത്തിയിരുന്നത്. സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസില്‍ രണ്ട് വട്ടം കൗണ്‍സിലറായും ഇവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ന്യൂഡല്‍ഹിയില്‍ സിഎഎ വിരുദ്ധ പ്രതിഷേധങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേതൃത്വം നല്‍കാനും ഐഷെ ഘോഷ് മുന്നില്‍ തന്നെ ഉണ്ടായിരുന്നു.
എബിവിപിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ ശബ്ദമുയര്‍ത്താന്‍ വിദ്യാര്‍ത്ഥികളോട് ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് ഇപ്പോള്‍ ഇവര്‍ അക്രമിക്കപ്പെട്ടിരിക്കുന്നത്. രാജ്യവ്യാപകമായാണ് ഇതിനെതിരെ പ്രതിഷേധം അലയടിച്ചുയര്‍ന്നിരിക്കുന്നത്.
മമതയെ പോല തന്നെ സാധാരണ കുടുംബത്തില്‍ ജനിച്ചു വളര്‍ന്നവളാണ് ഐഷെയും.
ജെഎന്‍യു തെരഞ്ഞെടുപ്പിന് മുന്‍പ് നടന്ന ചോദ്യോത്തരവേളയിലെ ഐഷെയുടെ പ്രകടനം തന്നെ അസാധാരണമായിരുന്നു.
രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥി യൂണിയന് നേതൃത്വം കൊടുക്കുക വഴി ശക്തമായ നേതൃപാടവമാണ് ഐഷെ കാണിച്ചിരിക്കുന്നത്.
ഈ വിദ്യാര്‍ത്ഥി നേതാവിന്റെ ഇടപെടലിലുള്ള അസഹിഷ്ണുതയാണ് അവരെ ആക്രമിക്കുന്നതിലേക്ക് കാവി രാഷ്ട്രീയത്തെയും നയിച്ചിരിക്കുന്നത്.
തല പൊട്ടി ചോരയൊലിക്കുന്ന ഐഷെയുടെ മുഖം ദേശീയ മാധ്യമങ്ങള്‍ വളരെ പ്രാധാന്യത്തോടെയാണ് കൊടുത്തിരുന്നത്. ബംഗാള്‍ മാധ്യമങ്ങള്‍ പ്രത്യേകം ലേഖനം തന്നെ എഴുതുന്ന സാഹചര്യവുമുണ്ടായി.
സി.പി.എമ്മിന് പുതിയ കാലത്ത് കിട്ടിയ ശക്തയായ കേഡറാണ് ഐഷെയെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.
ജെ.എന്‍.യു ഗവേഷക വിദ്യാര്‍ത്ഥിയായ ഐഷെ താമസിയാതെ ബംഗാള്‍ രാഷ്ട്രീയത്തില്‍ സജീവമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ബംഗാളില്‍ മമതയും ബി.ജെ.പിയും വര്‍ഗ്ഗീയ കാര്‍ഡ് എടുക്കുമ്പോള്‍ അവിടെ ചുവപ്പ് രാഷ്ട്രീയത്തിന് കരുത്തേകാന്‍ ഐഷെയെ പോലുള്ളവര്‍ അനിവാര്യമാണ്. ഇത് തിരിച്ചറിഞ്ഞ് സി.പി.എം ഇടപെടല്‍ നടത്തുമെന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.
നിലവില്‍ എസ്.എഫ്.ഐ ബംഗാള്‍ സംസ്ഥാന കമ്മറ്റി അംഗമാണ് ഐഷെ. 2021-ല്‍ നടക്കുന്ന ബംഗാള്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ അവര്‍ മത്സരിക്കാനുള്ള സാധ്യത ഇനി വളരെ കൂടുതലാണ്.
അങ്ങനെ വന്നാല്‍ ഡല്‍ഹിയില്‍ മോദി ഭരണകൂടത്തിന്റെ കണ്ണിലെ കരടായ ഐഷെ ബംഗാളില്‍ മമതയ്ക്കും തലവേദനയാകും.
ബംഗാളിന്റെ മണ്ണില്‍ തിരിച്ചു വരാനുള്ള തീവ്ര ശ്രമത്തിലാണിപ്പോള്‍ ഇടതുപക്ഷം.
ന്യൂനപക്ഷ വോട്ടുകള്‍ സംഘടിതമായി തൃണമൂല്‍ കോണ്‍ഗ്രസ്സിന് ലഭിക്കുന്നതാണ് മമതയ്ക്ക് കരുത്താകുന്നത്. പൗരത്വ ഭേദഗതി നിയമത്തില്‍ അവര്‍ പിടിമുറുക്കിയതും അതുകൊണ്ടാണ്. എന്നാല്‍ വീരവാദം മുഴക്കുന്ന മമത, കേരള മോഡലില്‍ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കാത്തത് അവരുടെ ഉദ്ദേശശുദ്ധിക്ക് തിരിച്ചടിയായിട്ടുണ്ട്.
ഇടതുപക്ഷം ഭരിക്കുന്ന സംസ്ഥാനത്ത് എടുത്ത ധീര നടപടി ബംഗാളില്‍ സ്വീകരിക്കാത്തതിനെ സി.പി.എമ്മും ശരിക്കും ഉപയോഗപ്പെടുത്തുന്നുണ്ട്.
സര്‍ക്കാറിനെ പിരിച്ച് വിട്ടാലും നിലപാടില്‍ നിന്നും പിന്‍മാറില്ലന്നത് പ്രവര്‍ത്തിയില്‍ തെളിയച്ചവരാണ് തങ്ങളെന്നാണ് സി.പി.എം ചൂണ്ടിക്കാട്ടുന്നത്.
പൗരത്വ ഭേദഗതി വിഷയത്തില്‍ ഡല്‍ഹിയില്‍ പ്രതിഷേധ കൊടി ഉയര്‍ത്തുന്നതില്‍ ആദ്യം മുന്നില്‍ നിന്നതും ഐഷെ ഉള്‍പ്പെടെയുള്ള ജെ.എന്‍.യു വിദ്യാര്‍ത്ഥികളായിരുന്നു. ജാമിയ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ ആക്രമിക്കപ്പെട്ടപ്പോഴും അവര്‍ ശക്തമായി പ്രതിഷേധിക്കുകയുണ്ടായി.
ഐഷെ ഘോഷ് ഉള്‍പ്പെടെ ആക്രമിക്കപ്പെട്ടപ്പോള്‍ അര്‍ദ്ധരാത്രിയില്‍ തെരുവിലിറങ്ങിയതും ജാമിയയിലെ വിദ്യാര്‍ത്ഥികളായിരുന്നു. അവര്‍ കൂട്ടമായി ഡല്‍ഹി പൊലീസ് ആസ്ഥാനം ഉപരോധിക്കുകയുമുണ്ടായി.
ഐഷെയുടെ തലയടിച്ച് പൊട്ടിച്ചതിനെതിരെ ബംഗാളിലും ശക്തമായ പ്രതിഷേധമാണ് ഇടതു സംഘടനകള്‍ ഉയര്‍ത്തിയിരിക്കുന്നത്.
ജാദവ് പൂര്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിന് നേരെ പൊലീസ് ലാത്തിചാര്‍ജ് നടത്തുകയുമുണ്ടായി. ഈ സംഭവത്തില്‍ നിശിതമായ വിമര്‍ശനമാണ് മമത ഭരണകൂടമിപ്പോള്‍ ഏറ്റുവാങ്ങുന്നത്. ഐഷെയെ ഇപ്പോള്‍ തന്നെ മമത പേടിച്ച് തുടങ്ങിയോ എന്നുവരെ മാധ്യമങ്ങളും ചോദ്യങ്ങള്‍ ഉയര്‍ത്തി കഴിഞ്ഞു.
Staff Reporter