ദില്ലി :മാസപ്പടി വിവാദത്തില്‍ പ്രതികരണവുമായി സിപിഎം എംപി എ. എ റഹീം. പാര്‍ലമെന്റില്‍ വെച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, സ്മൃതി ഇറാനിക്ക് ഫ്‌ലൈയിങ് കിസ് നല്കിയെന്ന ആരോപണം പോലെ ശുദ്ധ അസംബന്ധമാണെന്ന് എ എ റഹീം പ്രതികരിച്ചു. ആരെങ്കിലും സ്വന്തം അക്കൗണ്ടിലൂടെ കൈക്കൂലി വാങ്ങുമോയെന്ന ചോദ്യമുന്നയിച്ച റഹീം, ആരോപണത്തെ രാഷ്ട്രീയമായി നേരിടുമെന്നും വ്യക്തമാക്കി. വീട്ടില്‍ ഇരിക്കുന്നവരെ അധിക്ഷേപിക്കുന്നത് നിര്‍ത്തണമെന്നും റഹീം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്ക്ക് കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് എന്ന കമ്പനിയില്‍നിന്ന് മാസപ്പടി ഇനത്തില്‍ 3 വര്‍ഷത്തിനിടെ 1.72 കോടി രൂപ കിട്ടിയെന്നതിന്റെ രേഖകള്‍ പുറത്ത് വന്നതാണ് പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. ഒരു സേവനവും കിട്ടാതെ തന്നെ കമ്പനി വീണയ്ക്ക് പണം നല്‍കിയത് പ്രമുഖ വ്യക്തിയുമായുള്ള ബന്ധം കാരണമാണെന്നാണ് ആദായ നികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് കണ്ടെത്തല്‍.