വയല്‍ക്കിളി മാര്‍ച്ചിന് അനുമതിയില്ല; സി.പി.എം നാടു കാവല്‍ സമരത്തിലേക്ക്

valkili

തളിപ്പറമ്പ്: കീഴാറ്റൂരില്‍ വയല്‍ക്കിളി സമരത്തിനെതിരെ ഇന്ന് സിപിഎമ്മിന്റെ ‘നാടുകാവല്‍’ സമരം. വയല്‍നികത്തി ബൈപാസ് റോഡ് നിര്‍മ്മാണത്തിനെതിരെ വയല്‍ക്കിളി കര്‍ഷക കൂട്ടായ്മയുടെ രണ്ടാംഘട്ട സമരം നാളെ തുടങ്ങാനിരിക്കെയാണ് ഇന്നു സിപിഎം സമരം തുടങ്ങുന്നത്. സിപിഎം തളിപ്പറമ്പ് ഏരിയാ കമ്മിറ്റിയാണു നാടുകാവല്‍ സമരം സമരം സംഘടിപ്പിക്കുന്നത്.

കീഴാറ്റൂരിലെ പ്രശ്‌നങ്ങളില്‍ പുറത്തുനിന്നുള്ളവര്‍ ഇടപെട്ടു സംഘര്‍ഷമുണ്ടാക്കുന്നുവെന്ന് ആരോപിച്ചാണ് നാടുകാവല്‍ സമരം എന്ന പേരില്‍ കീഴാറ്റൂരില്‍ നിന്നു തളിപ്പറമ്പിലേക്കു മാര്‍ച്ച് സംഘടിപ്പിക്കുന്നത്.

അതേസമയം, വയല്‍ക്കിളികളുടെ നേതൃത്വത്തില്‍ നാളെ തളിപ്പറമ്പില്‍ നിന്നു കീഴാറ്റൂരിലേക്കു നടത്താനിരിക്കുന്ന മാര്‍ച്ചിനു പൊലീസ് ഇതുവരെ അനുമതി നല്‍കിയിട്ടില്ല. ഇന്നലെ വൈകുന്നേരം വയല്‍ക്കിളി നേതാക്കള്‍ പൊലീസുമായി ചര്‍ച്ച നടത്തിയെങ്കിലും സിപിഎം മാര്‍ച്ചിനു ശേഷം തീരുമാനമെടുക്കാമെന്നാണു നിലപാട്. സിപിഎമ്മിന്റെ മാര്‍ച്ചിനു ശേഷം പ്രദേശത്തു നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ പൊലീസ് ആലോചിക്കുന്നതായും സൂചനയുണ്ട്.

സിപിഎം മാര്‍ച്ച് ഇന്നു നാലിനു കീഴാറ്റൂരില്‍ സംസ്ഥാന സമിതി അംഗം എം.വി.ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും. വയലില്‍ കൊടി നാട്ടി കാവല്‍പുര സ്ഥാപിച്ച ശേഷം തളിപ്പറമ്പ് പട്ടണത്തിലേക്കു മാര്‍ച്ച് നടത്തുകയും ചെയ്യും. മൂവായിരത്തിലേറെ പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കെടുക്കുമെന്നാണ് അറിയിപ്പ്.

വയല്‍ക്കിളി കര്‍ഷകരുടെ നേതൃത്വത്തില്‍ നടത്തുന്ന ‘കേരളം കീഴാറ്റൂരിലേക്ക്’ എന്ന മാര്‍ച്ചില്‍ 2000 പേരെ പങ്കെടുക്കുമെന്നാണ് വിവരം. ഉച്ചയ്ക്കു രണ്ടിനു തളിപ്പറമ്പില്‍ നിന്നാണ് മാര്‍ച്ച് തുടങ്ങുക. മധ്യപ്രദേശിലെ മലയാളി സാമൂഹിക പ്രവര്‍ത്തക ദയാബായ്, കര്‍ണാടകയിലെ കര്‍ഷകസമര നേതാവ് അനസൂയാമ്മ, പ്രഫ. സാറാ ജോസഫ്, കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍, പി.സി.ജോര്‍ജ് എംഎല്‍എ, സുരേഷ് ഗോപി എംപി, കെ.കെ.രമ തുടങ്ങിയവര്‍ പങ്കെടുക്കും.

അതേസമയം, ബൈപാസ് ഒഴിവാക്കി തളിപ്പറമ്പ് പട്ടണത്തിലെ നിലവിലെ റോഡ് വീതികൂട്ടിയും മേല്‍പാലം നിര്‍മിച്ചും ദേശീയപാത വികസിപ്പിക്കണമെന്ന നിര്‍ദേശത്തോട് എതിര്‍പ്പില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മന്ത്രി ജി.സുധാകരനും കഴിഞ്ഞ ദിവസംവ്യക്തമാക്കിയിരുന്നു.

Top