കള്ളവോട്ടില്‍ വിശ്വസിച്ച് ജയിക്കാമെന്ന് സിപിഎം കരുതേണ്ട; കെസി വേണുഗോപാല്‍

കണ്ണൂര്‍: സംസ്ഥാനത്ത് പോസ്റ്റല്‍ വോട്ടുകളിലും കള്ളവോട്ടുകളിലും വിശ്വസിച്ച് തെരഞ്ഞെടുപ്പിനെ ജയിക്കാമെന്നാണ് സി.പിഎം കരുതുന്നതെന്നും അത് അംഗീകരിക്കാനാവില്ലെന്നും കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാല്‍.
സംസ്ഥാനത്ത് പത്ത് ലക്ഷത്തിലധികം കള്ള വോട്ടര്‍മാരെ തിരുകി കയറ്റിയിരിക്കുന്നുവെന്നാണ് പാര്‍ട്ടി നടത്തിയ പഠനത്തില്‍ വ്യക്തമായത്.

കേരളത്തിലെ ചീഫ് ഇലക്ടറല്‍ ഓഫിസറുടെ മുമ്പാകെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നാലര ലക്ഷം പേരുടെ കള്ളവോട്ട് സംബന്ധിച്ച തെളിവുകള്‍ നല്‍കി കഴിഞ്ഞു. ഈ വിഷയത്തില്‍ സത്വരവും ഫലപ്രദവുമായ നടപടി കൈക്കൊള്ളണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനോട് അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. ഒരേ വോട്ടര്‍മാരുടെ പേരില്‍ ഒരേ ബൂത്തിലും വിവിധ ബൂത്തുകളിലും മറ്റ് നിയോജക മണ്ഡലങ്ങളില്‍ പോലും ഒന്നിലധികം വോട്ടുകളുണ്ട്. ജീവിച്ചിരിപ്പില്ലാത്ത പലരുടേയും പേരുകളും വോട്ടര്‍ പട്ടികയിലുണ്ടെന്നും വേണുഗോപാല്‍ പറഞ്ഞു.

കഴിഞ്ഞ കുറേ നാളുകളായി കെ.പി.സി.സി ഏര്‍പ്പെടുത്തിയ പാര്‍ട്ടിയുടെ ഒരു ഗവേഷണ വിഭാഗം നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ ഇരട്ടവോട്ട് സംബന്ധിച്ച് പഠനം നടത്തുകയായിരുന്നു. ഒരു സാമ്പിളെന്ന നിലയില്‍ ഒരു നിയോജക മണ്ഡലമെടുത്ത് പഠിച്ചപ്പോള്‍ ലഭിച്ച ഞെട്ടിക്കുന്ന വിവരങ്ങളാണ് കൂടുതല്‍ ആഴങ്ങളിലേക്ക് പഠനം കൊണ്ടുപോകാന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കളുടെ പേരില്‍ പട്ടികയില്‍ ഇരട്ട വോട്ട് കടന്നുകൂടിയതും സി.പി.എം ഗൂഢാലോചനയുടെ ഭാഗമായാണ്. വിവാദമായാല്‍ ന്യായീകരിച്ചു പിടിച്ചു നില്‍ക്കാനായി അറിയപ്പെടുന്ന കോണ്‍ഗ്രസ് നേതാക്കളുടെ പേര് ഇത്തരത്തില്‍ ഉള്‍പ്പെടണമെന്ന് സി.പി.എം ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ്. ഇരട്ട വോട്ട് ആര്‍ക്കൊക്കെയുണ്ടോ അതെല്ലാം റദ്ദാക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. കോണ്‍ഗ്രസുകാരുടെ പേരില്‍ ഇരട്ടവോട്ടുണ്ടെന്ന് ആരോപിക്കുന്ന സി.പി.എം ഇതുവരെ അതിനെതിരെ പരാതി കൊടുക്കുകയോ വോട്ടര്‍ പട്ടികയിലെ ഇരട്ടവോട്ട് തള്ളിക്കളയണമെന്ന് ആവശ്യപ്പെടുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

 

 

Top