തിരുവനന്തപുരം: ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥിപടയുമായി അങ്കത്തിനിറങ്ങുമെന്ന് കരുതപ്പെട്ടിരുന്ന, സിപിഎം സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് പി രാജീവും പി കെ ഗുരുദാസനും മാറ്റി നിര്‍ത്തപ്പെട്ടതില്‍ രാഷ്ട്രീയ നിരീക്ഷകര്‍ക്കും അത്ഭുതം.
രാജ്യസഭാംഗമെന്ന നിലയില്‍ രാജ്യത്തിന്നാകമാനം മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തിയതെന്ന് രാഷ്ട്രീയ എതിരാളികള്‍ പോലും അഭിനന്ദിച്ച പി രാജീവും അഴിമതിയുടെ കറപുരളാത്ത സംശുദ്ധ രാഷ്ട്രീയക്കാരനെന്ന് വിലയിരുത്തപ്പെടുന്ന പി കെ ഗുരുദാസനും സ്ഥാനാര്‍ത്ഥികളായിരുന്നുവെങ്കില്‍ അത് സിപിഎം ന്റെ തിളക്കം വര്‍ദ്ധിപ്പിക്കുമായിരുന്നുവെന്നാണ് ഉയര്‍ന്ന് വരുന്ന അഭിപ്രായം.
ആദ്യഘട്ടത്തില്‍ തൃപ്പൂണിത്തറയില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് കരുതപ്പെട്ടിരുന്ന പി രാജീവിന് മത്സരിക്കാനുള്ള അനുമതി പാര്‍ട്ടി ജില്ലാസെക്രട്ടറി ആയതിനാല്‍ നിഷേധിക്കുകയായിരുന്നു.
കുന്ദംകുളം മണ്ഡലത്തില്‍ പാര്‍ട്ടി തൃശൂര്‍ ജില്ലാ സെക്രട്ടറി എ സി മൊയ്തിനും കഴക്കൂട്ടം മണ്ഡലത്തില്‍ തിരുവനന്തപുരം ജില്ലാസെക്രട്ടറി കടകംപള്ളി സുരേന്ദ്രനും മത്സരിക്കാന്‍ ഇളവ് നല്‍കിയപ്പോഴാണ് എറണാകുളം ജില്ലാസെക്രട്ടറിയായ രാജീവിന് ഈ ആനുകൂല്യം നിഷേധിക്കപ്പെട്ടത്. ഇതിനെതിരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തുന്ന സാഹചര്യം വരെയുണ്ടായി.
ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി പ്രമുഖനെ നിര്‍ത്തുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ തൃപ്പൂണിത്തറയിലേക്ക് സിപിഎം പരിഗണിക്കുന്ന ദിനേശ് മണി പറ്റിയ സ്ഥാനാര്‍ത്ഥിയല്ലെന്ന നിലപാടിലാണ് രാഷ്ട്രീയ അണികള്‍.
സിപിഎം സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടാലും അത്ഭുതപ്പെടാനില്ലെന്ന മുന്നറിയിപ്പും കീഴ്ഘടകങ്ങള്‍ നേതൃത്വത്തിന് നല്‍കിയിട്ടുണ്ട് . 2011 ലെ തെരഞ്ഞെടുപ്പില്‍ 15,778 വോട്ടുകള്‍ക്ക് കെ ബാബുവിനോട് പരാജയപ്പെട്ടയാളെ വീണ്ടും പരിഗണിക്കുന്നതില്‍ ഘടകക്ഷികളും അസ്വസ്ഥരാണ്. പ്രതിപക്ഷ പ്രതിഷേധത്തിന് ഇരയായ കെ ബാബുവിന് വിജയിക്കാനുള്ള അവസരം പാര്‍ട്ടി തന്നെ സൃഷ്ടിച്ച് നല്‍കുകയാണെന്ന ആരോപണമാണ് സിപിഎം ഇപ്പോള്‍ നേരിടുന്നത്.
മണ്ഡലത്തില്‍പ്പെടുന്ന ഉദയംപേരൂര്‍ അടക്കമുള്ള സ്ഥലങ്ങളില്‍ വിഭാഗീയത മൂലം നല്ലൊരു വിഭാഗം പാര്‍ട്ടിക്ക് വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യവും പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.പി രാജീവായിരുന്നു ഇവിടെ സ്ഥാനാര്‍ത്ഥിയെങ്കില്‍ മണ്ഡലം എളുപ്പത്തില്‍ പിടിച്ചെടുക്കാമായിരുന്നു എന്ന ആത്മവിശ്വാസം ഇടത് അനുഭാവികളിലും ദൃശ്യമാണ്.
രാജീവിന്റെ കഴിവിനെ പാര്‍ലമെന്റില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദുമടക്കമുള്ളവര്‍ അനുമോദിക്കുകയും വീണ്ടും പാര്‍ലമെന്റിലെത്തിക്കാന്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയോട് പരസ്യമായി ആവശ്യപ്പെടുകയും ചെയ്ത സാഹചര്യം മാത്രം പ്രചാരണ വിഷയമാക്കിയാല്‍ രാജീവിന് നിഷ്പ്രയാസം വിജയിച്ച് കയറാന്‍ കഴിയുമായിരുന്നു എന്ന വാദം പൊതുസമൂഹത്തിനിടയിലും ശക്തമാണ്.
ബിജെപിയെയും കോണ്‍ഗ്രസിനെയും പ്രതിരോധത്തിലാക്കുന്ന ഈ അവസരം സിപിഎം തുലച്ചതില്‍ ഏറ്റവും അധികം സന്തോഷിക്കുന്നതും ഇരുപാര്‍ട്ടികളുടെയും നേതൃത്വങ്ങള്‍ തന്നെയാണ്. അസംതൃപ്തരായ സിപിഎം വോട്ട് ബാങ്കില്‍ വിള്ളലുണ്ടാക്കിയും കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചും ‘കറുത്ത കുതിരയാവാനാണ്’ ഇവിടെ ബിജെപി ശ്രമം.
യുഡിഎഫ് ആവട്ടെ ത്രികോണ മത്സരത്തില്‍ എളുപ്പത്തില്‍ വിജയിച്ച് കയറാമെന്ന പ്രതീക്ഷയിലാണ് കരുക്കള്‍ നീക്കുന്നത്. കെ ബാബുതന്നെ വീണ്ടും തൃപ്പൂണിത്തറയില്‍ മത്സരിക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സൂചന.
നടന്‍ മുകേഷ് കൊല്ലത്ത് സ്ഥാനാര്‍ത്ഥിയാകുന്നത് സംസ്ഥാന തലത്തില്‍ തന്നെ നേട്ടമാകുമെന്ന കാഴ്ചപ്പാടിലാണ് സിപിഎം നേതൃത്വം. എന്നാല്‍ മുന്‍പ് നടന്‍ മുരളിയെ വി എം സുധീരനെതിരെ മത്സരിപ്പിച്ച് കനത്ത പരാജയം ഏറ്റുവാങ്ങിയ സാഹചര്യമാണ് മുകേഷിനെ കാത്തിരിക്കുന്നതെന്നാണ് എതിരാളികളുടെ വിമര്‍ശനം.മികച്ച പ്രതിഛായയുള്ള പി കെ ഗുരുദാസനെ തഴഞ്ഞ് മുകേഷിനെ സ്ഥാനാര്‍ത്ഥിയാക്കേണ്ടിയിരുന്നില്ലെന്ന അഭിപ്രായം ജില്ലയിലെ സിപിഎം പ്രവര്‍ത്തകരിലുണ്ട്.
കോടികള്‍ ‘കിലുങ്ങുന്ന’ എക്‌സൈസ് വകുപ്പില്‍ കഴിഞ്ഞ ഭരണകാലത്ത് ക്ലീന്‍ ഇമേജാണ് മന്ത്രി എന്ന നിലയില്‍ ഗുരുദാസനുണ്ടായിരുന്നത്. വര്‍ഷാവര്‍ഷം കോടികള്‍ വകുപ്പുമന്ത്രിമാര്‍ക്ക് നല്‍കേണ്ടിവന്നിരുന്ന തങ്ങള്‍ക്ക് ഗുരുദാസന്‍ മന്ത്രിയായിരുന്ന 5 വര്‍ഷവും ഒരു രൂപാപോലും കൈക്കൂലി നല്‍കേണ്ടി വന്നിരുന്നില്ലെന്ന് സാക്ഷ്യപ്പെടുത്തിയത് മറ്റാരുമല്ല ബാറുടമകള്‍ തന്നെയാണ്. അതാണ് ഈ കമ്യൂണിസ്റ്റിന്റെ ജീവിതമാതൃക.
അതുകൊണ്ടുതന്നെയാണ് കൊല്ലംകാരുടെ പ്രിയനടനായിട്ടും മുകേഷിനേക്കാള്‍ മീതെ ഈ കമ്യൂണിസ്റ്റുകാരന്റെ സാന്നിധ്യം അണികള്‍ വീണ്ടും ആഗ്രഹിക്കുന്നത്. ഈ മണ്ഡലത്തില്‍ ശക്തനായ സ്ഥാനാര്‍ത്ഥിയെ ഇറക്കി അട്ടിമറി വിജയം നേടാനാണ് കോണ്‍ഗ്രസിന്റെ ശ്രമം.
യാഥാര്‍ത്ഥ്യങ്ങള്‍ പരിഗണിക്കാതെയാണ് ഇപ്പോള്‍ മിക്ക മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സിപിഎം പൂര്‍ത്തീകരിക്കുന്നത് എന്നതുതന്നെയാണ് തെരഞ്ഞടുപ്പില്‍ സിപിഎം നേരിടാന്‍ പോവുന്ന പ്രധാന വെല്ലുവിളി.