ന്യൂഡല്‍ഹി: ഏപ്രില്‍ 18 മുതല്‍ 22 വരെ ഹൈദരാബാദില്‍ നടക്കുന്ന സി.പി.എം 22-ാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ കേരളത്തില്‍ നിന്നും പി.രാജീവ്, കെ.എന്‍.ബാലഗോപാല്‍ ,എം.ബി രാജേഷ് എന്നിവര്‍ കേന്ദ്ര കമ്മറ്റിയിലെത്തിയേക്കും.
എസ്.എഫ്.ഐ മുന്‍ അഖിലേന്ത്യാ പ്രസിഡന്റും കര്‍ഷക സംഘം നേതാവുമായ പി.കൃഷ്ണപ്രസാദും കേന്ദ്ര കമ്മറ്റി അംഗമാവാന്‍ സാധ്യതയുണ്ട്.
വയനാട് സ്വദേശിയായ കൃഷ്ണപ്രസാദ് ഇപ്പോള്‍ ഡല്‍ഹി എ.കെ.ജി ഭവന്‍ കേന്ദ്രീകരിച്ച് കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചു വരികയാണ്.
കൃഷ്ണപ്രസാദ് കേന്ദ്ര കമ്മറ്റിയില്‍ എത്തുകയാണെങ്കില്‍ അത് ഡല്‍ഹി പാര്‍ട്ടി സെന്ററിന്റെ ഭാഗമായിട്ടായിരിക്കും.
എണ്‍പത് വയസ്സു കഴിഞ്ഞവരെ കേന്ദ്ര നേതൃത്വത്തില്‍ നിന്നും ഒഴിവാക്കുമെന്നതിനാല്‍ പി.ബി അംഗവും മലയാളിയുമായ എസ്.രാമചന്ദ്രന്‍ പിള്ള കേന്ദ്ര കമ്മറ്റിയില്‍ നിന്നും ഒഴിവാകും.
വി.എസിനെ പോലെ പ്രത്യേക പരിഗണന നല്‍കി കേന്ദ്ര കമ്മറ്റിയില്‍ ക്ഷണിതാവാക്കി രാമചന്ദ്രപിള്ളയെ മാറ്റാനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ല.
കര്‍ഷക സംഘടനാ രംഗത്ത് രാമചന്ദ്രന്‍ പിള്ളയുടെ പിന്‍ഗാമിയാണിപ്പോള്‍ കൃഷ്ണപ്രസാദ്.
കേരളത്തില്‍ നിന്നും പരിഗണിക്കപ്പെടുന്ന മറ്റ് മൂന്ന് പേരില്‍ കെ.എന്‍ ബാലഗോപാലും എസ്.എഫ്.ഐ മുന്‍ അഖിലേന്ത്യാ പ്രസിഡന്റാണ്.
പി.രാജീവ് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായിരുന്നു.
നിലവില്‍ ബാലഗോപാല്‍ കൊല്ലത്തും രാജീവ് എറണാകുളത്തും സിപിഎം ജില്ലാ സെക്രട്ടറിമാരാണ്.
കേന്ദ്ര കമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാല്‍ ഇരുവര്‍ക്കും ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിയേണ്ടി വരും.
പി.ബിയില്‍ കേരളത്തില്‍ നിന്നും മുഖ്യമന്ത്രിപിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തുടരും. സംസ്ഥാന സെക്രട്ടറി സ്ഥാനത്തും കോടിയേരി രണ്ടാം വട്ടവും തിരഞ്ഞെടുക്കപ്പെടുമെന്നാണ് സൂചന.
എം.എ ബേബിയാണ് കേരളത്തില്‍ നിന്നുള്ള മറ്റൊരു പി.ബി അംഗം. ഡല്‍ഹി കേന്ദ്രീകരിച്ചാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തനം.
സി.പി.എം സ്ഥാപകരില്‍ ജീവിച്ചിരിക്കുന്ന ഏക നേതാവെന്ന പരിഗണനയില്‍ വി.എസ് വീണ്ടും കേന്ദ്ര കമ്മറ്റി ക്ഷണിതാവായി തുടരാനാണ് സാധ്യത.
ഇപ്പോഴും സജീവമായി പാര്‍ട്ടി കമ്മറ്റികളിലും പൊതുരംഗത്തും ഇടപെടുന്നതിനാല്‍ അദ്ദേഹത്തെ ഒഴിവാക്കാന്‍ കേന്ദ്ര നേതൃത്വത്തിനും ബുദ്ധിമുട്ടാണ്.