രാഷ്ട്രീയപ്രമേയ ചര്‍ച്ചയില്‍ കാരാട്ട് പക്ഷത്തിന് മുന്‍തൂക്കം; വോട്ടിനിടാന്‍ സാധ്യത

PRAKAS KARATT

ഹൈദരാബാദ്: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ രാഷ്ട്രീയ പ്രമേയചര്‍ച്ചയില്‍ കാരാട്ട് പക്ഷത്തിന് മുന്‍തൂക്കം. 13 സംസ്ഥാനങ്ങളിലെ പ്രതിനിധികളില്‍ 10 പേരും കാരാട്ട് പക്ഷത്തിന്റെ കരട് രാഷ്ട്രീയ പ്രമേയത്തോടൊപ്പം നിന്നു. മൂന്നു പേര്‍ മാത്രമാണ് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയോടൊപ്പം നിന്നത്.

മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് യെച്ചൂരിയെ പിന്തുണച്ചത്. മഹാരാഷ്ട്രയില്‍ നിന്നുള്ള പ്രതിനിധി കരട് വോട്ടിനിടണമെന്നും രഹസ്യബാലറ്റ് സംവിധാനം കൊണ്ടു വരണമെന്നും ആവശ്യപ്പെട്ടു.

കരട് രാഷ്ട്രീയ പ്രമേയം പ്രകാശ് കാരാട്ട് അവതരിപ്പിച്ചപ്പോള്‍ പാര്‍ട്ടിയിലെ ന്യൂനപക്ഷത്തിന്റെ നിലപാട് അവതരിപ്പിച്ചത് താനായിരുന്നുവെന്ന് യെച്ചൂരി പറഞ്ഞു. കേന്ദ്ര കമ്മിറ്റി തീരുമാനപ്രകാരം രണ്ടു രേഖകളും പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുകയായിരുന്നു. രണ്ട് രേഖകളും ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ചേരി തിരിഞ്ഞുള്ള വിമര്‍ശനങ്ങള്‍ വന്നതോടെ രാഷ്ട്രീയ പ്രമേയം വോട്ടിനിടാനുള്ള സാധ്യത തെളിഞ്ഞു.

കരട് പ്രമേയത്തില്‍ ഭേദഗതിക്ക് അംഗങ്ങള്‍ക്ക് ആവശ്യമുന്നയിക്കാം. വോട്ടെടുപ്പ് ആവശ്യപ്പെടാം. എല്ലാം ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന്റെ ഭാഗമാണെന്നും യെച്ചൂരി പത്രസമ്മേളനത്തില്‍ പറഞ്ഞു. ജനറല്‍ സെക്രട്ടറി ഭേദഗതി ആവശ്യപ്പെടുന്നത് ഇതാദ്യമായിട്ടല്ലെന്നും യെച്ചൂരി പറഞ്ഞു.

Top