തിരുവനന്തപുരം : ആക്ഷേപം ഉന്നയിക്കുന്ന മന്ത്രിമാരെ പിൻവലിക്കുമെന്ന ഗവര്‍ണറുടെ മുന്നറിയിപ്പില്‍ രൂക്ഷ വിമർശനവുമായി സിപിഎം പോളിറ്റ് ബ്യൂറോ. കേരളാ ഗവർണറുടെ ഭരണഘടനാ വിരുദ്ധ പ്രസ്താവനകൾ രാഷ്ട്രപതി വിലക്കണമെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു. മന്ത്രിയെ പുറത്താക്കാൻ ഗവർണർക്ക് അധികാരമില്ലെന്നും ഭരണഘടനാ വിരുദ്ധ പ്രസ്താവനകൾ നടത്തുന്നതിൽനിന്ന് രാഷ്ട്രപതി ഗവർണറെ തടയണമെന്നും പിബി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
ഗവർണറുടെ പ്രസ്താവനക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും രംഗത്തെത്തി. തെറ്റായ പ്രവണതയാണ് ഗവർണർ നടപ്പാക്കാൻ ശ്രമിക്കുന്നതെന്നും മന്ത്രിമാരെ തിരിച്ചുവിളിക്കാൻ ഒരു ഗവർണർക്കും അവകാശമില്ലെന്നും എം വി ഗോവിന്ദനും പ്രതികരിച്ചു.
ഇന്ത്യ സ്വാതന്ത്ര്യം നേടി 75 വര്‍ഷം പിന്നിട്ടു എന്നത് കേരളത്തിലെ ഗവര്‍ണര്‍ ഓര്‍മിക്കുന്നില്ല എന്നത് അത്ഭുതകരമാണ്. അദ്ദേഹത്തിന്റെ ഒടുവിലത്തെ ഇടപെടല്‍ ജനങ്ങള്‍ക്കും ജനാധിപത്യ സംവിധാനത്തിനും ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്കും നേരെയുള്ള കടന്നാക്രമണമായി മാത്രമേ കാണാനാകൂ. ഭരണഘടനയുടെ മര്‍മ്മത്താണ് ഗവര്‍ണര്‍ കുത്തിയിരിക്കുന്നത്. ജനാധിപത്യത്തിന് കളങ്കം ചാര്‍ത്തുന്ന ഇത്തരം ശ്രമങ്ങളില്‍ നിന്ന് അദ്ദേഹം പിന്മാറണം. ഭരണഘടനയുടെ അനുച്ഛേദം 163,164 എന്നിവയും സുപ്രീംകോടതി വിധികളും വായിച്ച് നിലപാട് സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്ന് സിപിഐഎം കൂട്ടിച്ചേര്‍ത്തു.