ഇപിക്കെതിരായ ആരോപണം പരിശോധിക്കും?; സിപിഎം പിബി യോഗത്തിന് ഇന്ന് തുടക്കം

ഡൽഹി: രണ്ടു ദിവസത്തെ സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തിന് ഇന്ന് തുടക്കം. ഇപി ജയരാജനെതിരായ സാമ്പത്തിക ആരോപണം പിബിയിൽ ഉയർന്നു വന്നേക്കും. പരാതി സംബന്ധിച്ച് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പി ബി യോഗത്തിൽ അറിയിക്കും. പ്രശ്‌നം പരിശോധിക്കാൻ സംസ്ഥാനനേതൃത്വത്തിനു നിർദേശം നൽകാനാണ് സാധ്യത.

ഇ പി ജയരാജനെതിരെ സംസ്ഥാന സമിതി യോഗത്തിലാണ് പി ജയരാജൻ ആക്ഷേപം ഉന്നയിച്ചത്. അതേസമയം പി ജയരാജൻ ഇതുവരെ പാർട്ടിക്ക് പരാതി എഴുതി നൽകിയിട്ടില്ല. രേഖാമൂലം പരാതി ലഭിക്കുന്ന മുറയ്ക്ക് കേന്ദ്രകമ്മിറ്റിയിൽ ചർച്ചയ്‌ക്കെടുക്കാമെന്ന നിലപാടിലാണ് നേതൃത്വം.

മുൻകൂട്ടി നിശ്ചയിച്ച പി ബിയുടെ അജൻഡയിൽ സംഘടനാ വിഷയങ്ങളില്ല. കേന്ദ്രക്കമ്മിറ്റി അംഗത്തിനെതിരെയാണ് ആരോപണം ഉയർന്നത് എന്നതിനാൽ പാർട്ടി ഗൗരവത്തോടെയാണ് ഇത് കാണുന്നത്. അന്വേഷണത്തോട് യോജിപ്പാണെന്നാണ് കേന്ദ്രനേതൃത്വം സൂചിപ്പിക്കുന്നത്. വിവാദം പാർട്ടിക്ക് ദോഷം ചെയ്യുമെന്ന വിലയിരുത്തലുണ്ട്.

ഇപി ജയരാജനെതിരായ അന്വേഷണത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് നിർണായകമാകും. സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന പരാതിയിൽ ആന്ധ്രപ്രദേശ് സംസ്ഥാന സെക്രട്ടേറിയറ്റംഗം പി ജമലയ്യ, സംസ്ഥാനകമ്മിറ്റിയംഗം എം രാമകൃഷ്ണ എന്നിവർക്കെതിരെ അടുത്തിടെ അച്ചടക്ക നടപടി എടുത്തിരുന്നു.

Top