ന്യൂഡല്‍ഹി: ബന്ധുനിയമന വിവാദത്തില്‍ ഇപി ജയരാജനും പി കെ ശ്രീമതി ടീച്ചര്‍ക്കും വീഴ്ച പറ്റിയെന്ന് സിപിഎം പോളിറ്റ് ബ്യൂറോയുടെ വിലയിരുത്തല്‍. നാളെ ആരംഭിക്കുന്ന കേന്ദ്രകമ്മിറ്റി യോഗത്തില്‍ ഇരുവര്‍ക്കും പറയാനുള്ളത് കേള്‍ക്കും. ഇരുവര്‍ക്കുമെതിരെ നടപടിയുണ്ടാകാനാണ് സാധ്യത. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ പൊതു സ്ഥാനാര്‍ഥി എന്ന ആവശ്യത്തെ പിന്തുണക്കുന്ന കാര്യത്തില്‍ കേന്ദ്രകമ്മിറ്റി യോഗത്തിന് ശേഷം അന്തിമ നിലപാട് സ്വീകരിക്കും.
ബന്ധുനിയമന വിവാദത്തില്‍ ഇരുവര്‍ക്കും വീഴ്ച പറ്റിയെന്ന സിപിഎം സംസ്ഥാന ഘടകത്തിന്റെ വിലയിരുത്തലുകള്‍ പിബി യോഗം ശരിവെച്ചു. കേന്ദ്രകമ്മിറ്റി യോഗത്തില്‍ ഇരുവര്‍ക്കും വിശദീകരണം നടത്താനുള്ള അവസരം നല്‍കും. അതിന് ശേഷമായിരിക്കും യോഗം നടപടിയെക്കുറിച്ച് ആലോചിക്കുക. നടപടി ശാസനയിലോ താക്കീതിലോ ഒതുങ്ങാനാണ് സാധ്യത.
രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം നിര്‍ത്തുന്ന പൊതു സ്ഥാനാര്‍ത്ഥിയെ പിന്തുണക്കുന്നത് സംബന്ധിച്ച് പോളിറ്റ് ബ്യൂറോ യോഗത്തില്‍ ചര്‍ച്ചയായി. ബിജെപിക്കെതിരെ വിശാല മുന്നണി രൂപീകരിക്കപ്പെടണം എന്ന പൊതുവികാരമാണ് പോളിറ്റ് ബ്യൂറോ യോഗത്തിലും ഉണ്ടായത്.
സര്‍വസമ്മതനായ പൊതു സ്വതന്ത്രന്‍ എന്നതിലേക്ക് പ്രതിപക്ഷപാര്‍ട്ടികള്‍ക്ക് എത്തിച്ചേരാനുള്ള ചര്‍ച്ചകളെ സ്വാഗതം ചെയ്യാനും യോഗത്തില്‍ ധാരണയായി. ഇക്കാര്യത്തില്‍ കേന്ദ്രകമ്മിറ്റി യോഗത്തില്‍ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം അന്തിമ തീരുമാനം എടുക്കും.
കേരളത്തിലെ സിപിഎം-സിപിഐ തര്‍ക്കവും കേന്ദ്രകമ്മിറ്റി യോഗം ചര്‍ച്ചയാകും. സിപിഎം-സിപിഐ തര്‍ക്കങ്ങള്‍ സംസ്ഥാന തലത്തില്‍ തന്നെ പരിഹരിക്കണമെന്ന നിലപാടാണ് സിപിഎം കേന്ദ്ര നേതൃത്വത്തിനുള്ളത്.