കൊല്‍ക്കത്ത: വംഗനാട്ടില്‍ തിരിച്ചുവരവിന്റെ സൂചന നല്‍കി സിപിഎമ്മിന്റെ മഹാറാലി. മമത ബാനര്‍ജി സര്‍ക്കാരിന്റെ വെല്ലുവിളികളെ അതിജീവിച്ച് പത്ത് ലക്ഷത്തോളം പേരാണ് സംഘടനാ പ്ലീനത്തിന് മുന്നോടിയായി നടന്ന മഹാറാലിയില്‍ പങ്കെടുത്തത്.
ചരിത്ര പ്രസിദ്ധമായ ബ്രിഗേഡ് പരേഡ് മൈതാനത്താണ് വംഗനാടിന്റെ വിപ്ലവ പാരമ്പര്യം വിളിച്ചോതി മഹാറാലി നടന്നത്. റാലിയില്‍ അണിനിരക്കാന്‍ രാവിലെയോടെ തന്നെ അണികള്‍ ആവേശത്തോടെ ഒഴുകിയെത്തി.
പശ്ചിമബംഗാളിലെ ഇരുപത് ജില്ലകളില്‍ നിന്നുള്ള പാര്‍ട്ടി പ്രവര്‍ത്തകരാണ് റാലിയില്‍ അണിചേര്‍ന്നത്. പ്ലീനനഗരിയായ കൊല്‍ക്കത്ത സമീപകാലത്ത് കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ റാലിക്കാണ് ബ്രിഗേഡ് പരേഡ് മൈതാനം സാക്ഷ്യം വഹിച്ചത്. ഉച്ചയ്ക്ക് 12 മണിക്ക് ബഹുജനറാലി ആരംഭിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ സിപിഐഎം പ്രവര്‍ത്തകര്‍ രാവിലെയോടെ തന്നെ ഒഴുകിയെത്തി.
പൊളിറ്റ് ബ്യൂറോ അംഗവും പശ്ചിമബംഗാള്‍ മുന്‍ സംസ്ഥാന സെക്രട്ടറിയുമായ ബിമന്‍ ബസു ബ്രിഗേഡ് പരേഡ് മൈതാനത്ത് പതാക ഉയര്‍ത്തി. ഇതോടെയാണ് പ്രതിനിധി സമ്മേളനത്തിന് തുടക്കമായത്. തുടര്‍ന്ന് സമ്മേളന പ്രതിനിധികളും പ്രവര്‍ത്തകരും രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി.
റാലി എത്തിയ ശേഷം ഒരുമണിയോടെ മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യയുടെ അധ്യക്ഷതയിലാണ് പൊതുസമ്മേളനം ചേര്‍ന്നത്. പി.ബി അംഗങ്ങള്‍ക്കൊപ്പം വി.എസ് അച്യുതാനന്ദന്‍ വേദിയിലുണ്ടായിരുന്നുവെന്നത് ശ്രദ്ധേയമായി. പുഷ്പാര്‍ച്ചന ചടങ്ങിലും പി.ബി അംഗങ്ങള്‍ക്കൊപ്പമാണ് വി.എസ് പങ്കെടുത്തത്.
പ്ലീനത്തിന്റെ ആദ്യദിനം സംഘടനാ റിപ്പോര്‍ട്ടും പ്രമേയവുമാണ് അവതരിപ്പിക്കുന്നത്. തുടര്‍ന്നുള്ള മൂന്നു ദിവസങ്ങളില്‍ റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ച നടക്കും. ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്ന സിപിഐഎം സംഘടനാ പ്ലീനം, പശ്ചിമബംഗാളില്‍ പാര്‍ട്ടിയുടെ ശക്തമായ തിരിച്ചു വരവിന് വഴിയൊരുക്കുന്ന സമ്മേളനമായി മാറുമെന്നാണ് സംസ്ഥാന നേതാക്കളും പ്രവര്‍ത്തകരും പ്രതീക്ഷിക്കുന്നത്. ജനാധിപത്യ ധ്വംസനം നടത്തുന്ന മമതാ ബാനര്‍ജി സര്‍ക്കാരിനെതിരായ ബഹുജന മുന്നേറ്റം കൂടിയായാണ് പ്ലീനം റാലിയെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.