കോണ്‍ഗ്രസ് ഇന്ത്യയിലെ മുഖ്യ പ്രതിപക്ഷം; മാറ്റിനിര്‍ത്താനാവില്ല, സിപിഎം പിബി വിലയിരുത്തല്‍

cpm_congress

ന്യൂഡൽഹി: കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തിയുള്ള പ്രതിപക്ഷ ഐക്യനീക്കം പ്രായോഗികമല്ലെന്ന് സിപിഎം പിബിയില്‍ വിലയിരുത്തല്‍. ഇപ്പോഴും ഇന്ത്യയില്‍ മുഖ്യ പ്രതിപക്ഷ പാര്‍ട്ടി കോണ്‍ഗ്രസാണ്. എന്നാല്‍ വര്‍ഗീയതക്കെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസ്സിന് വീഴ്ചകളുണ്ടാകുന്നുവെന്ന് പി ബി വിമര്‍ശനം. നിലവിലെ സാഹചര്യത്തില്‍ ഫെഡറല്‍ മുന്നണിയോ, മൂന്നാം മുന്നണിയോ പ്രായോഗികമല്ലെന്നും ജനകീയ വിഷയങ്ങളില്‍ പ്രാദേശിക പാര്‍ട്ടികളുമായി സഹകരിക്കാമെന്നും പിബി വിലയിരുത്തല്‍.

പ്രതിപക്ഷ പാര്‍ട്ടിക്കള്‍ക്ക് ഏറെ നിര്‍ണ്ണായകമാണ് 2024ലെ നടക്കാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പ്. ഇതില്‍ സ്വീകരിക്കേണ്ട രാഷ്ട്രീയ നയ സമീപനങ്ങള്‍ ഉള്‍പ്പെടയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലാണ്. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് നയസമീപനങ്ങള്‍ സ്വീകരിക്കുക. ഈ രാഷ്രീയ പ്രമേയത്തിന്റെ കരട് രൂപം നല്‍കാനുള്ള നിര്‍ണ്ണായക പി ബി യോഗമാണ് ഡല്‍ഹിയില്‍ പുരോഗമിക്കുന്നത്.

ഈ മാസം 22ന് ചേരുന്ന മൂന്ന് ദിവസത്തെ കേന്ദ്ര കമ്മിറ്റി യോഗത്തില്‍ കരടിന് അന്തിമ രൂപമാകും. വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ലഖിംപുര്‍ ഖേരി സംഭവം, കര്‍ഷകപ്രക്ഷോഭം എന്നീ വിഷയങ്ങളും യോഗത്തിന്റ അജണ്ടയിലുണ്ട്.

 

Top