സിപിഎം പോളിറ്റ് ബ്യൂറോ ഇന്നും നാളെയും ഡല്‍ഹിയില്‍ ; അയോധ്യ, ശബരിമല ചര്‍ച്ചയില്‍

PB meet

ന്യൂഡല്‍ഹി : സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്നും നാളെയുമായി ഡല്‍ഹയില്‍ ചേരും. അയോധ്യവിധിയും ശബരിമല പുനപരിശോധന ഹര്‍ജികള്‍ക്ക് ശേഷമുള്ള സാഹചര്യവും പോളിറ്റ് ബ്യൂറോ വിലയിരുത്തും. ശബരിമലയില്‍ യുവതിപ്രവേശനത്തിന് അനുകൂലമായ നിലപാട് മാറ്റില്ലെങ്കിലും പുതിയ സാഹചര്യത്തില്‍ തിടുക്കം കാണിക്കേണ്ടെന്ന അഭിപ്രായമാണ് നേതാക്കള്‍ക്ക്.

കോടതിവിധികള്‍ സ്വാധീനിക്കപ്പെടുന്നുണ്ടോയെന്ന് സിപിഎം പിബി ചര്‍ച്ച ചെയ്ത് നിലപാട് പ്രഖ്യാപിക്കുംമെന്നാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചിരുന്നത്. അയോധ്യ , ശബരിമല , റാഫേല്‍ വിധികളുടെ പശ്ചാത്തലത്തിലാണ് പൊളിറ്റ് ബ്യൂറോ യോഗം ചേരുന്നതെന്നും അദേഹം വ്യക്തമാക്കിയിരുന്നു.

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധി എന്തായാലും അംഗീകരിക്കുമെന്നാണ് പാര്‍ട്ടിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും നിലപാടെന്നും യെച്ചൂരി അറിയിച്ചു.

കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് സംസ്ഥാന ഘടകം പിബിക്ക് നല്കും. മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും ചര്‍ച്ചയാവും. ബിജെപിയെ മാറ്റിനിറുത്താന്‍ മറ്റു പാര്‍ട്ടികള്‍ സഖ്യമുണ്ടാക്കുന്നതിനോട് എതിര്‍പ്പില്ലെന്നാണ് സിപിഎം നയം.

Top