യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം; അപലപിച്ച് കേന്ദ്രനേതൃത്വം

ന്യൂഡല്‍ഹി: കാസര്‍ഗോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തെ അപലപിച്ച് സിപിഎം കേന്ദ്ര നേതൃത്വം രംഗത്ത്. സിപിഎം കാലപാതകരാഷ്ട്രീയത്തിന് എതിരാണെന്ന് പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പറഞ്ഞു.

കാസര്‍ഗോട് നടന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞിരുന്നു. ഏതുതരത്തിലുളള പ്രശ്‌നങ്ങള്‍ ഉണ്ടായാലും ഒരു പ്രകോപനവും പാര്‍ട്ടി പ്രവര്‍ത്തകരുടെ ഭാഗത്തു നിന്നുമുണ്ടാകാന്‍ പാടില്ല എന്നതാണ് പാര്‍ട്ടിയുടെ നിര്‍ദേശം. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് സമാധാനം നിലനിര്‍ത്താനുളള ശ്രമങ്ങള്‍ നടന്നുവരികയാണ്. ഈ വേളയില്‍ അരങ്ങേറിയ ഇത്തരം കൊലപാതകങ്ങള്‍ ഈ ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തും, കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

കൊലപാതകത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ജില്ലയില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.

പെരിയ കല്യോട്ടുള്ള സ്വദേശികളായ കൃപേശ്, ശരത് ലാല്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. കാറില്‍ എത്തിയ സംഘം യുവാക്കളെ തടഞ്ഞ് നിര്‍ത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ശരത് ലാല്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും ജവഹര്‍ ബാല ജനവേദി മണ്ഡലം പ്രസിഡന്റും ആണ്.

മൂന്നംഗ സംഘമാണ് ഇരുവരെയും ആക്രമിച്ചതെന്നാണ് സൂചന. രാഷ്ട്രീയ കൊലപാതകമാണെന്നും പിന്നില്‍ സിപിഎം ആണെന്നുമാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

Top