തിരുവനന്തപുരം: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷനില്‍ നടന്ന സമരത്തെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍.
ഇടത് സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷം കണ്ണൂര്‍ ജില്ലയില്‍ 6 പേര്‍ കൊല്ലപ്പെട്ട കാര്യം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടിയപ്പോഴാണ് ആരുടെയും പേര് പരാമര്‍ശിക്കാതെ മുഖ്യമന്ത്രി പ്രതികരിച്ചത്.
കണ്ണൂരിലെ അക്രമം അവസാനിപ്പിക്കാന്‍ ചര്‍ച്ച നടത്തിയത് കൊണ്ട് കാര്യമില്ല. ഒരു പാര്‍ട്ടി ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടിക്കൊണ്ടിരിക്കുകയാണ്. അവര്‍ ആയുധം താഴെ വയ്ക്കുമോ എന്നതാണ് പ്രശ്‌നമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജെപി-ആര്‍എസ്എസ് വിഭാഗത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തി മുഖ്യമന്ത്രി തുറന്നടിച്ചു.
പയ്യന്നൂരിലാണ് ഒടുവില്‍ ദാരുണമായ കൊലപാതകമുണ്ടായത്. നിരപരാധിയായ മനുഷ്യനെ പ്ലാന്‍ ചെയ്ത് ഒരു കൂട്ടര്‍ കൊലപ്പെടുത്തുകയായിരുന്നു.
ഇതിനെതിരെ അവിടെ ജനങ്ങള്‍ക്കിടയില്‍ വികാരമുണ്ടായി. ഇതിന്റെ ഭാഗമായാണ് പിന്നീട് ഒരാള്‍ കൊല്ലപ്പെട്ടത്. ഇത് നടക്കാന്‍ പാടില്ലാത്തതാണ്.
പൊലീസ് അക്രമികള്‍ക്കെതിരെ ഫലപ്രദമായ നടപടിയാണ് സ്വീകരിച്ച് വരുന്നത്. പൊലീസ് നടപടിയുടെ ഭാഗമായി വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്ന് വന്നെങ്കിലും ഈ പ്രതികരണം നോക്കിയല്ല പൊലീസ് നടപടി സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കണ്ണൂരില്‍ പൊലീസിനെതിരെ പരസ്യമായി ജില്ലാ സെക്രട്ടറി പി ജയരാജന്റെ നേതൃത്വത്തില്‍ സിപിഎം രംഗത്ത് വന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ തുറന്നടിച്ച മറുപടി ശ്രദ്ധേയമായി.
കുറ്റവാളികള്‍ക്കെതിരെ പൊലീസ് മുഖം നോക്കാതെയാണ് നടപടി സ്വീകരിച്ചതെന്നും ഇനിയും അത് തുടരുമെന്നുമുള്ള മുഖ്യമന്ത്രിയുടെ നിലപാട് സിപിഎം ജില്ലാ നേതൃത്വത്തിനുള്ള മറുപടി കൂടിയായിട്ടാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
കണ്ണൂര്‍ എസ്പി സഞ്ജയ് ഗുരുഡിന്‍ അടക്കമുള്ളവരെ മാറ്റണമെന്ന നിലപാടിലാണ് സിപിഎം ജില്ലാ നേതൃത്വം.