തിരുവനന്തപുരം: ബാര്‍ കോഴക്കേസിലെ യഥാര്‍ത്ഥ വില്ലന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണെന്നും ബാബുവിനെ മുന്‍നിര്‍ത്തി എല്ലാ അഴിമതിക്കും കുടപിടിച്ച മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുമെന്ന് പ്രതിപക്ഷം.
ഉടനെതന്നെ ചേരുന്ന ഇടതുമുന്നണി യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് മുന്നണി നേതാക്കള്‍ അറിയിച്ചു.
ബാര്‍കോഴയില്‍ കുരുങ്ങി രണ്ട് മന്ത്രിമാര്‍ രാജിവയ്‌ക്കേണ്ട സാഹചര്യമുണ്ടായതിനാല്‍ ധാര്‍മ്മികമായി സര്‍ക്കാര്‍ രാജിവച്ച് ജനവിധി തേടണമെന്ന് സിപിഎം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കും ഇനി ഒരു നിമിഷം പോലും പദവിയില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു.
തൃശ്ശൂര്‍ വിജിലന്‍സ് കോടതിയുടെ രൂക്ഷവിമര്‍ശനം വിജിലന്‍സിനും ഏറ്റ് വാങ്ങേണ്ടിവന്നതിനാല്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക് തല്‍സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് സിപിഎം ചൂണ്ടിക്കാട്ടി.
പിണറായി നയിക്കുന്ന നവകേരള യാത്രയിലെ പ്രധാന പ്രചരണായുധവും ഇപ്പോള്‍ ബാര്‍ കോഴയായി മാറിയിരിക്കുകയാണ്.
ബാര്‍ കുംഭകോണത്തിന്റെ അന്വേഷണം ശരിയായ രൂപത്തില്‍ നടന്നാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയില്‍ ചെന്നെത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.
നവകേരളമാര്‍ച്ച് സമാപിക്കുന്നതോടെ സര്‍ക്കാരിനെതിരെ സര്‍വ്വശക്തിയുമെടുത്ത് പ്രക്ഷോഭപരമ്പര സംസ്ഥാന വ്യാപകമായി ആരംഭിക്കാനാണ് സിപിഎം തീരുമാനം.
കതിരൂര്‍ മനോജ് വധക്കേസ് സിബിഐ അന്വേഷണത്തിന് വിട്ട് ജയരാജനെ കുരുക്കിയ സര്‍ക്കാര്‍ ഇപ്പോള്‍ വീണ്ടും ടി പിക്കേസും സിബിഐക്ക് വിട്ട് ആര്‍എസ്എസ് ഗൂഢാലോചനയുടെ ഭാഗവാക്കാകുന്ന സാഹചര്യത്തില്‍ ബാര്‍കോഴ വിധി തിരിച്ചടിക്കാന്‍ സിപിഎമ്മിന് നല്ലൊരു ആയുധമാണ്.
ബാര്‍ കോഴക്കേസില്‍ കെ. ബാബു കുടുങ്ങിയത് ഇങ്ങനെ :-
1.ബാര്‍ക്കോഴക്കേസില്‍ ഒന്നര വര്‍ഷം മുന്‍പ് ഒരു സാധാരണ ബാര്‍ വ്യവസായി മാത്രമായിരുന്ന ബിജുരമേശ് തുറന്നുവിട്ട ഭൂതം യുഡിഎഫ് മന്ത്രിസഭയിലെ രണ്ട് അംഗങ്ങളുടെ രാജിയിലേക്കു കാര്യങ്ങളെത്തിച്ചു. എല്ലാത്തിനും തുടക്കമായതു സര്‍ക്കാരിന്റെ മദ്യനയം. ഹൈക്കോടതി ഇടപെടലോടെ സര്‍ക്കാര്‍ ഫൈവ് സ്റ്റാര്‍ ഒഴികെയുള്ള ബാറുകള്‍ പൂട്ടിയതോടെ ഒരേപക്ഷത്തായിരുന്നവരുടെ ശത്രുത ആരംഭിച്ചു. ഒരു ബാറുടമയുടെ വെളിപ്പെടുത്തലിന്റെ പേരില്‍ സര്‍ക്കാര്‍ പ്രതിസന്ധിയിലാകുന്നതും രണ്ടു മന്ത്രിമാര്‍ രാജിവയ്‌ക്കേണ്ടിവരുന്നതും രാജ്യത്തുതന്നെ ആദ്യം.
2.സര്‍ക്കാര്‍ തീരുമാനത്തില്‍ വെള്ളം ചേര്‍ക്കാന്‍ ധനമന്ത്രി മാണിക്ക് ഒരു കോടി നല്‍കിയെന്ന ആരോപണം ബിജുരമേശ് ഉന്നയിക്കുന്നത് 2014 ഒക്ടോബര്‍ 30നാണ്. ആരോപണം പ്രതിപക്ഷം ഏറ്റെടുക്കുകയും കോടതി ഇടപെടലുണ്ടാകുകയും ചെയ്‌തോടെ മന്ത്രിമാണി രാജിവച്ചു. മാണി രാജിവച്ചതിന്റെ പിറ്റേദിവസം ബാര്‍ക്കോഴക്കേസില്‍ വീണ്ടും ആരോപണങ്ങളുമായി ബിജു രംഗത്തെത്തി. മന്ത്രി ബാബു ഒരു കോടി കോഴ വാങ്ങിയെന്നായിരുന്നു ആരോപണം.
3.പ്രീ ബജറ്റ് ചര്‍ച്ചയുടെ ഭാഗമായാണ് ബാറുടമകള്‍ മന്ത്രി ബാബുവിന്റെ ഓഫീസില്‍ ചര്‍ച്ച നടത്തിയതെന്നും ഉദ്യോഗസ്ഥര്‍ പുറത്തുപോയപ്പോഴാണ് മന്ത്രി കോഴ ആവശ്യപ്പെട്ടതെന്നും ബിജു പറഞ്ഞു. എന്നാല്‍, ഇങ്ങനെ ഒരു ചര്‍ച്ച നടന്നില്ലെന്നാണ് ബാര്‍ അസോസിയേഷന്‍ നേതാക്കള്‍ വ്യക്തമാക്കിയത്. പിന്നീട് ആരോപണങ്ങളുടെ കുത്തൊഴുക്കുതന്നെ ഉണ്ടായി. ബാര്‍ അസോസിയേഷന്‍ രണ്ടുതട്ടിലായി.
5.അതുവരെ കൂടെയുണ്ടായിരുന്നവര്‍ ഒറ്റപെടുത്തിയിട്ടും തന്റെ നിലപാടിലുറച്ച് അന്‍പതുകാരനായ ബിജു മുന്നോട്ടുപോയി. സ്വത്തുമുഴുവന്‍ നഷ്ടപ്പെട്ടാലും കേസുമായി മുന്നോട്ടുപോകുംഅന്ന് ബിജു മാധ്യമങ്ങളോടു പറഞ്ഞു.
6.ബിജുവിന്റെ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ കത്തു നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തി, 2015 ജൂണ്‍ 10ന് റിപ്പോര്‍ട്ട് നല്‍കി. ദ്രുതപരിശോധനയില്‍ ബാബുവിനെതിരെ തെളിവു ലഭിച്ചിട്ടില്ലെന്നാണ് എസ്പി കെ.എം.ആന്റണിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്. ‘ബിജുവിന്റെ ആരോപണങ്ങള്‍ മുഖവിലയ്‌ക്കെടുക്കാന്‍ കഴിയില്ല. ബാര്‍ഫീസ് കുറയ്ക്കാന്‍ ബാബു 10 കോടി വാങ്ങിയെന്നായിരുന്നു ബിജു ആരോപിച്ചത്. ലൈസന്‍സ് ഫീസ് കുറയ്ക്കാനാണ് ബാബു പണം വാങ്ങിയതെങില്‍ ഫീസ് വര്‍ധിപ്പിച്ചതെന്തിനായിരുന്നു അന്വേഷണ സംഘം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
7.മാണിക്ക് ഒരു നീതിയും ബാബുവിനു മറ്റൊരു നീതിയുമെന്ന ആക്ഷേപവുമായി കേരള കോണ്‍ഗ്രസ് രംഗത്തെത്തി. പിന്നാലെ സര്‍ക്കാരിന്റെ മദ്യനയം സുപ്രീംകോടിയും അംഗീകരിച്ചു. ബിജുരമേശിന്റെ ആരോപണങ്ങള്‍ ശരിവച്ച്, ചില കാര്യങ്ങള്‍ തുറന്നു പറയേണ്ടിവരുമെന്ന ബാര്‍ ഓണേഴ്‌സ് അസോസിയേഷന്റെ ആരോപണം പിന്നാലെ എത്തി.
8.കേസ് പൂര്‍ണമായി അവസാനിച്ചിരുന്നില്ല. ബാബുവിനെ വിജിലന്‍സ് കുറ്റവിമുക്തനാക്കിയതിനെതിരെ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ജോര്‍ജ് വട്ടുകുളം പൊതു താല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്തു. ബാബുവിനെതിരെ അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടു. എന്നാല്‍, സമയത്ത് അന്വേഷണം പൂര്‍ത്തിയാക്കാനോ ബാബുവിനെ ചോദ്യം ചെയ്യാനോ വിജിലന്‍സ് തയ്യാറായില്ല. കൂടുതല്‍ സമയം വേണമെന്നാണ് വിജിലന്‍സ് ആവശ്യപ്പെട്ടത്. ഇതിനെതിരെയാണോ കോടതി പരാമര്‍ശമുണ്ടായതും ബാബു രാജി വച്ചതും.