നിലമ്പൂര്‍: സി.പി.എം വിമതരുടെ കുറ്റവിചാരണ പൊതുയോഗം കയ്യേറിയ സി.പി.എം പ്രവര്‍ത്തകര്‍ ആക്രമിച്ചത് ടി.പി ചന്ദ്രശേഖരന്റെ വിധിയെന്ന് വധഭീഷണിയുള്ള വിമത നേതാവിനെ.
സി.പി.എം വിമതരുടെ ജനകീയകൂട്ടായ്മ ജനറല്‍ സെക്രട്ടറിയും നഗരസഭാ കൗണ്‍സിലറുമായ പി.എം ബഷീറിനെയാണ് തലക്ക് ഇരുമ്പുവടികൊണ്ട് ആക്രമിച്ചത്. അക്രമം നടക്കുമ്പോള്‍ വിളിപ്പാടകലെയുള്ള സി.പി.എം നിലമ്പൂര്‍ ഏരിയാ കമ്മിറ്റി ഓഫീസില്‍ ഉന്നത നേതാവുണ്ടായിരുന്നുവെന്നാണ് വിമതരുടെ ആരോപണം.
സി.പി.എം നേതാക്കള്‍ക്കെതിരെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു നല്‍കിയ പരാതിയിലെ വസ്തുതകള്‍ ജനങ്ങളോട് തുറന്നു പറഞ്ഞ് കുറ്റവിചാരണ നടത്താനും കൂട്ടനടപടിയില്‍ പ്രതിഷേധിച്ച് വിമതപക്ഷത്തെ പാര്‍ട്ടി അംഗങ്ങള്‍ അംഗത്വം ഒഴിയുന്നതും പ്രഖ്യാപിക്കാനായി നടത്തിയ പൊതുയോഗമാണ് സി.പി.എം കൈയ്യേറിയത്. ഇതു തടയാന്‍ പാര്‍ട്ടി ഓഫീസില്‍ ഗൂഡാലോചന നടത്തിയാണ് സി.പി.എം നേതാക്കള്‍ക്കെതിരെ ആക്രമണം നടത്തിയതെന്ന് വിമതപക്ഷം ആരോപിക്കുന്നത്.
അതേസമയം മുന്‍ ഏരിയാ കമ്മിറ്റി അംഗം ഇ.എം റഷീദിന്റെ അനുസ്മരണ ചടങ്ങിനാണ് ഉന്നത നേതാവ് പാര്‍ട്ടി ഓഫീസില്‍ എത്തിയതെന്നാണ് സി.പി.എം നേതൃത്വത്തിന്റെ വിശദീകരണം.
ടി.പിയുടെ വിധിയാകുമെന്ന് നേരത്തെ ഫോണില്‍ വധഭീഷണി വന്നതിനെ തുടര്‍ന്ന് ബഷീര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. നിലമ്പൂരില്‍ ഒഞ്ചിയം ആവര്‍ത്തിക്കാനുള്ള നീക്കമാണ് സി.പി.എം നടത്തുന്നത് എന്ന ആരോപണമാണ് ബഷീര്‍ ഉയര്‍ത്തിയത്. വിഭാഗീയതയുടെ പേരില്‍ സി.പി.എം കൗണ്‍സിലറായിരിക്കെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട ബഷീര്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും സി.പി.എമ്മിനും എതിരെ മത്സരിച്ചാണ് ജനകീയ കൂട്ടായ്മ സ്ഥാനാര്‍ത്ഥിയായി വിജയിച്ചത്.
സി.പി.എം ഏരിയാ സമ്മേളനത്തിലെ വിഭാഗീയതയെത്തുടര്‍ന്ന് 12 വിമതനേതാക്കളെയാണ് ഇതുവരെ സി.പി.എം പുറത്താക്കിയത്. പാര്‍ട്ടി ഓഫീസില്‍ അനാശാസ്യം, മദ്യസല്‍ക്കാരം, ഇ.എം.എസ് സെമിനാറിന്റെ ഫണ്ട് വെട്ടിപ്പ് തുടങ്ങിയ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് 87 സി.പി.എം അംഗങ്ങള്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പരാതി നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കമ്മിറ്റി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഔദ്യോഗികപക്ഷത്തെ പ്രമുഖനായമുന്‍ ഏരിയാ സെക്രട്ടറിയും ജില്ലാ കമ്മറ്റി അംഗവുമായിരുന്ന പി.ടി ഉമ്മറിനെ ഏരിയാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തുകയും പരാതി നല്‍കിയ വിമതപക്ഷത്തെ പി.എം ബഷീറിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയും ചെയ്തു.
ഇതോടെ നഗരസഭാ കൗണ്‍സിലറും ഡി.വൈ.എഫ്.ഐ മുന്‍ ബ്ലോക്ക് സെക്രട്ടറികൂടിയായ ബഷീറിന്റെ നേതൃത്വം വിമതപക്ഷം ജനകീയ കൂട്ടായ്മ എന്ന പേരില്‍ പ്രത്യേക പാര്‍ട്ടിയായാണ് പ്രവര്‍ത്തിച്ചത്. നഗസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനെതിരെ മത്സരിച്ച പി.എം ബഷീറും കെ.ഗോപാലകൃഷ്ണന്‍ എന്ന മണിയും വിജയിക്കുകയും ചെയ്തു. വിമതര്‍ രണ്ടു സീറ്റ് നേടി ശക്തിതെളിയിച്ചപ്പോള്‍ 10 അംഗങ്ങളുണ്ടായിരുന്ന സി.പി.എം അഞ്ചു സീറ്റിലേക്ക് കൂപ്പുകുത്തുകയും ചെയ്തു. ഇതോടെയാണ് സി.പി.എമ്മിനെതിരെ മത്സരിച്ച ബഷീറുള്‍പ്പെടെ മൂന്നു പേരെ പുറത്താക്കിയതിനു പിന്നാലെ എട്ടു പേരെക്കൂടി പുറത്താക്കി സി.പി.എം നടപടി ശക്തിമാക്കിയത്.
നേതാക്കള്‍ക്കെതിരെ സംസ്ഥാനകമ്മിറ്റിക്ക് നല്‍കിയ കത്തില്‍ ഉന്നയിച്ച ആരോപണങ്ങള്‍ കുറ്റവിചാരണയായി ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കാനും വിമതപക്ഷത്തെ നിലവിലുള്ള പാര്‍ട്ടിഅംഗങ്ങള്‍ അംഗത്വം ഒഴിയാനും തീരുമാനിച്ച യോഗമാണ് കഴിഞ്ഞ ദിവസം സിപിഎം പ്രവര്‍ത്തകരുടെ ഏറ്റുമുട്ടലില്‍ കലാശിച്ചത്.