ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ച പി.സി ചാക്കോയ്ക്ക് രാജ്യസഭാ സീറ്റ് ഇല്ലെന്ന് സിപിഎം. രണ്ട് സീറ്റും സിപിഎം എടുത്തേക്കും. ഇടതുമുന്നണിയില്‍ സമവായത്തിന് ശ്രമം തുടരുകയാണ്. കേരളത്തില്‍ നിന്നുള്ള മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കാണ് അടുത്ത മാസം ഒഴിവ് വരുന്നത്. ഈ മാസം 31ന് മുമ്പ് നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കുന്ന രീതിയിലാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിക്രമങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
അടുത്ത മാസം 12നായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. എന്തായാലും ഈ തെരഞ്ഞെടുപ്പില്‍ പ്രധാനമായും രണ്ട് സീറ്റുകള്‍ എല്‍ഡിഎഫിന് വിജയിക്കാം. ഇതിലൊരു സീറ്റ് പി സി ചാക്കോയ്ക്ക് നല്‍കും എന്ന നിലയിലാണ് അഭ്യൂഹങ്ങള്‍ ശക്തമായത്. ശരദ് പവാര്‍ നേരിട്ട് പിണറായി വിജയനെ വിളിച്ച് ഇക്കാര്യത്തില്‍ ധാരണയുണ്ടാക്കി എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നു. ഇപ്പോള്‍ ഇടതുമുന്നണിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് പി സി ചാക്കോ തീരുമാനിച്ചിരിക്കുന്നത്. ഈ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനിറങ്ങുമെന്നും പി സി ചാക്കോ വ്യക്തമാക്കിയിട്ടുണ്ട്.