തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റര്‍ യാത്രയില്‍ അപാകതകളില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. യാത്രയുടെ പണം സിപിഎം നല്‍കില്ല. പണം നല്‍കേണ്ടതില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലെ പൊതു തീരുമാനം. ഉത്തരവ് പിന്‍വലിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി. പൊതുഭരണവകുപ്പിന്റെ ഫണ്ടില്‍ നിന്ന് പണം നല്‍കാനും സെക്രട്ടേറിയറ്റ് നിര്‍ദേശിച്ചു.
മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയുടെ ചെലവ് സിപിഎം ഏറ്റെടുക്കില്ലെന്നും, മുഖ്യമന്ത്രി നിയമവിരുദ്ധമായി യാതൊന്നും ചെയ്തിട്ടില്ലെന്നും നിയമമന്ത്രി എ.കെ.ബാലന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ പലരും ഇത്തരത്തില്‍ യാത്ര ചെയ്തിട്ടുണ്ട്. ഓഖി ഫണ്ടില്‍ നിന്ന് ഒരു പൈസപോലും പിണറായിയുടെ യാത്രയ്ക്കുവേണ്ടി ചെലവാക്കിയിട്ടില്ല. അതെല്ലാം തെറ്റിദ്ധാരണയാണ്. സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍ (എസ്ഡിആര്‍എഫ്) നിന്നാണ് പണമെടുത്തത്. ഇന്ത്യാരാജ്യത്തെ പ്രധാനമന്ത്രിമാരും കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും മറ്റെല്ലാ മന്ത്രിമാരും ഇതില്‍നിന്നും പണമെടുക്കാറുണ്ട്. ഓഖിപ്പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ (സിഎംഡിആര്‍എഫ്) പ്രത്യേക അക്കൗണ്ടിലാണ്. അതില്‍നിന്നല്ല തുകയെടുത്തത്. മുഖ്യമന്ത്രിക്ക് അറിയാമോ ഏതു ഫണ്ടില്‍നിന്നാണ് എടുക്കുന്നതെന്ന് ഇതെല്ലാം ഉദ്യോഗസ്ഥരാണ് ചെയ്യുന്നത്. നിയമവിരുദ്ധമായി ഉദ്യോഗസ്ഥരും പ്രവര്‍ത്തിച്ചിട്ടില്ലന്നും എ.കെ.ബാലന്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ യാത്രാച്ചെലവ് വഹിക്കാന്‍ സിപിഎമ്മിന് ശേഷിയുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും അതിനെ പിന്തുണച്ച് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തിയിരുന്നു.