ചെന്നൈ: നടന്‍ കമല്‍ ഹാസനുമായി സിപിഎം ഉന്നത നേതൃത്വം ചര്‍ച്ച നടത്തി !
തമിഴക രാഷ്ട്രീയത്തില്‍ കമല്‍ രംഗപ്രവേശം ചെയ്യുമെന്ന ശക്തമായ അഭ്യൂഹത്തിനിടെയാണ് അപ്രതീക്ഷിത കൂടിക്കാഴ്ച.
സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് സ്വന്തം രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കി തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങിയിരിക്കെ, തെന്നിന്ത്യന്‍ സിനിമയില്‍ എക്കാലത്തും രജനിയുടെ എതിരാളിയായ കമല്‍ രാഷ്ട്രീയ സൂചന നല്‍കിയത് ഇതിനകം തന്നെ തമിഴകത്ത് ചൂട് പിടിച്ച ചര്‍ച്ചക്ക് വഴിമരുന്നിട്ട് കഴിഞ്ഞിട്ടുണ്ട്.
തമിഴ്‌നാട് സര്‍ക്കാറിനെതിരെ കടുത്ത അഴിമതി ആരോപണം ഉന്നയിച്ച് ആദ്യ വെടിപ്പൊട്ടിച്ച കമലിനെതിരെ മന്ത്രി ഡി.ജയകുമാര്‍ അടക്കമുള്ളവര്‍ രൂക്ഷമായ പ്രതികരണങ്ങളുമായാണ് രംഗത്ത് വന്നിരുന്നത്.
സമൂഹത്തിനായി കമല്‍ എന്തു ചെയ്‌തെന്ന മന്ത്രിയുടെ ചോദ്യത്തിന്, കഴിഞ്ഞ 38 വര്‍ഷമായി പ്രളയ ദുരിതാശ്വാസം, സുനാമി, കാഴ്ചവൈകല്യമുള്ളവരുടെ പുനരധിവാസം . . തുടങ്ങി കമലിന്റെ ഫാന്‍സ് അസോസിയേഷന്‍ ചെയ്ത അനവധി സേവനങ്ങള്‍ അക്കമിട്ടു നിര്‍ത്തിയാണ് ഫാന്‍സ് ഭാരവാഹികള്‍ മറുപടി പറഞ്ഞിരുന്നത്.
അണ്ണാ ഡിഎംകെ സര്‍ക്കാറുമായുള്ള ഭിന്നത തുറന്ന ഏറ്റുമുട്ടലില്‍ കലാശിച്ച ഈ സാഹചര്യത്തിലാണ് സിപിഎം കേന്ദ്ര നേതൃത്വത്തിലെ ഉന്നതനായ നേതാവ് കമലുമായി ആശയവിനിമയം നടത്തിയതെന്നതും ശ്രദ്ധേയമാണ്.
‘ അടുത്ത സുഹൃത്തുക്കള്‍ തമ്മിലുള്ള ബന്ധപ്പെടലിന് മറ്റൊരു അര്‍ത്ഥം നല്‍കേണ്ടതില്ലന്നാണ് ‘ ഇതു സംബന്ധമായ ചോദ്യത്തിന് സി.പി.എം നേതാവിന്റെ പ്രതികരണം.
കമ്യൂണിസ്റ്റ് ആശയത്തില്‍ വിശ്വസിക്കുന്ന കമല്‍ ഹാസന്‍ നിരവധി വര്‍ഷങ്ങളായി സിപിഎം നേതൃത്വവുമായും വര്‍ഗ്ഗ ബഹുജന സംഘടനകളുമായും നിരന്തരം സഹകരിച്ച് പ്രവര്‍ത്തിക്കുന്ന താരമാണ്.
എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ സംഘടനകളുടെ വിവിധ പരിപാടികളില്‍ കമല്‍ ഇതിനകം തന്നെ പങ്കെടുത്തിട്ടുണ്ട്.
കമലിന്റെ അടുത്ത ബന്ധു പ്രശസ്ത നടി സുഹാസിനിയുടെ മകന്‍ നന്ദന്‍ തമിഴ് നാട്ടിലെ അറിയപ്പെടുന്ന മുന്‍ എസ്.എഫ്.ഐ നേതാവ് കൂടിയാണ്.
കോയമ്പത്തൂരില്‍ സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ്സ് നടന്നപ്പോള്‍ അതിന്റെ മുഖ്യ സംഘാടകന്‍ കൂടിയായിരുന്നു ഈ ചെറുപ്പക്കാരന്‍.
കേരള മുഖ്യമന്ത്രി പിണറായി വിജയനടക്കം കേളത്തിലെ സി.പി.എം നേതാക്കള്‍ക്കിടയിലും അടുത്ത വ്യക്തി ബന്ധമാണ് നടന്‍ കമല്‍ ഹാസനുള്ളത്.
തമിഴകത്ത് സി.പി.എം വലിയ ശക്തിയല്ലങ്കിലും തൊഴിലാളികള്‍ക്കിടയില്‍ ഇപ്പോഴും പല മേഖലകളിലും ശക്തമായ സ്വാധീനമുണ്ട്.
ദ്രാവിഡ പാര്‍ട്ടികളായ ഡിഎംകെ, അണ്ണാ ഡിഎംകെ പാര്‍ട്ടികളുമായി മുന്നണിയായി മത്സരിച്ച് നിരവധി സീറ്റുകളില്‍ സിപിഎമ്മും സി.പി.ഐയും ഇവിടെ നിന്നും വിജയിച്ചിട്ടുണ്ട്.
കേയമ്പത്തൂര്‍, മധുര ലോക്‌സഭാ സീറ്റുകള്‍ ഏറെ കാലം സി.പി.എം കുത്തകയാക്കി വച്ചിരുന്നതാണ്.
കമല്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ അത് കമ്യൂണിസ്റ്റു പാര്‍ട്ടികളുടെ ‘തലവര’ തന്നെ തമിഴകത്ത് മാറ്റുമെന്നാണ് ഇടത് ചിന്തകര്‍ അഭിപ്രായപ്പെടുന്നത്.
കമല്‍ സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചാല്‍ പോലും ആ മുന്നണിയില്‍ സിപിഎം ഉറപ്പായിട്ടും ഉണ്ടാകുമെന്ന് തന്നെയാണ് വിലയിരുത്തല്‍.
ഈ പശ്ചാത്തലത്തില്‍ സിപിഎം നേതാവിന്റെ കൂടിക്കാഴ്ചയെ വളരെ പ്രാധാന്യത്തോടെയാണ് തമിഴക രാഷ്ട്രീയ കേന്ദ്രങ്ങള്‍ വീക്ഷിക്കുന്നത്.
സിപിഎം നേതാക്കളുമായി അടുത്ത ബന്ധമുള്ള ഡിഎംകെ നേതാവ് എം.കെ സ്റ്റാലിന്‍ പ്രതിപക്ഷ ചേരിയുടെ ഭാഗമായി കമല്‍ വരണമെന്ന നിലപാടുകാരനാണ്.
അങ്ങനെ വന്നാല്‍ സിപിഎമിന് വലിയ പരിഗണന നല്‍കി ഡിഎംകെ മുന്നണിയില്‍ വീണ്ടും ഉള്‍പ്പെടുത്താന്‍ തയ്യാറാണെന്നാണ് വാഗ്ദാനം.
കമല്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയില്ലങ്കില്‍ പോലും തിരഞ്ഞെടുപ്പ് സമയത്ത് ഡിഎംകെ മുന്നണിക്ക് വേണ്ടി പ്രചരണത്തിനിറങ്ങിയാല്‍ രജനിയുടെ ഭീഷണി തടയാന്‍ പറ്റുമെന്നാണ് ഡി.എം.കെയുടെ പ്രതീക്ഷ.
ജയലളിതയുടെ വിയോഗത്തോടെ അണ്ണാ ഡി.എം.കെ പിളര്‍ന്ന് പ്രതിസന്ധി നേരിടുന്നതിനാല്‍ രജനിയെയാണ് പ്രതിപക്ഷം തമിഴകത്ത് പ്രധാനമായും പേടിക്കുന്നത്.
കലങ്ങി മറിഞ്ഞ രാഷ്ട്രീയ സാഹചര്യത്തില്‍ കമലിന്റെ തീരുമാനത്തിനായി കാതോര്‍ത്തിരിക്കുകയാണ് തമിഴകത്തെ ജനങ്ങളെ പോലെ തന്നെ രാഷ്ട്രീയ പാര്‍ട്ടികളും