സി പി എം സംസ്ഥാന സമിതി: വിമർശനങ്ങള്‍ക്ക് മുഖ്യമന്ത്രി ഇന്ന്‌ മറുപടി പറയും

തിരുവനന്തപുരം: സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ അല്ലെന്ന് കുറ്റപ്പെടുത്തുന്ന സിപിഎം സംസ്ഥാന സമിതിയുടെ വിലയിരുത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മറുപടി പറയും. കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാനസമിതിയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള വിമര്‍ശനം. പൊതു അംഗീകാരമുണ്ടെങ്കിലും വകുപ്പുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുന്നില്ലെന്നായിരുന്നു സര്‍ക്കാരിനെതിരായ വിമർശനം.

ആഭ്യന്തരം, തദ്ദേശം, ആരോഗ്യം, പൊതുമരാമത്ത് തുടങ്ങി സിപിഎം മന്ത്രിമാര്‍ കൈകാര്യംചെയ്യുന്ന വകുപ്പുകള്‍ക്കെതിരെയും ഭക്ഷ്യം, വൈദ്യുതി, ഗതാഗതം അടക്കമുള്ള ഘടകക്ഷി മന്ത്രിമാര്‍ കൈകാര്യംചെയ്യുന്ന വകുപ്പുകള്‍ക്കെതിരെയും രൂക്ഷവിമര്‍ശനമാണ് സമിതിയില്‍ ഉയര്‍ന്നത്. സര്‍ക്കാരിനെതിരായ പ്രചാരണങ്ങളെ എങ്ങനെ പ്രതിരോധിക്കാമെന്നും സിപിഎം സംസ്ഥാനസമിതി ചർച്ചചെയ്യും.

ആഭ്യന്തരം, തദ്ദേശം, ആരോഗ്യം തുടങ്ങി ജനങ്ങളുമായി നേരിട്ട് ഇടപഴകുന്ന വകുപ്പുകളുടെ പ്രവര്‍ത്തനം വളരെ മോശമാണെന്നും പ്രവര്‍ത്തനം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഉണ്ടാകുന്നില്ലെന്നും വിമർശനമുണ്ട്. സിപിഐ കൈകാര്യം ചെയ്യുന്ന ഭക്ഷ്യവകുപ്പ് വിലകയറ്റം പിടിച്ചുനിര്‍ത്താനുള്ള ഒരിടപെടലും നടത്തുന്നില്ല. കെഎസ്ആര്‍ടിസിയില്‍ ശമ്പളം നല്‍കാന്‍ പണമില്ലെന്ന് പറയുക മാത്രമാണ് ഗതാഗത മന്ത്രി ആന്റണി രാജു ചെയ്യുന്നത്. തന്നിഷ്ടപ്രകാരമുള്ള പ്രവര്‍ത്തനമാണ് വൈദ്യുതിവകുപ്പിലെന്നും വിലയിരുത്തലുണ്ടായി.

മന്ത്രിസഭാ പുനഃസംഘടന നടത്തണോ എന്നതക്കമുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ മറുപടിക്കനുസരിച്ചാകും ഉണ്ടാകുക. മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിനതിരെയും രൂക്ഷ വിമര്‍ശനങ്ങളാണ് ഉയര്‍ന്നിട്ടുള്ളത്.

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങളിലേക്ക് ഇറങ്ങാന്‍ സര്‍ക്കാരും പാര്‍ട്ടിയും ഒന്നുചേര്‍ന്നുള്ള പ്രവര്‍ത്തനത്തിനാണ് സി.പി.എം. രൂപംനല്‍കുന്നത്. ഇതനുസരിച്ച് സര്‍ക്കാര്‍ ജനപ്രിയ പരിഷ്‌കരണവും നടപ്പാക്കും.

 

Top