തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ വലിയ തോല്‍വി മുന്‍കൂട്ടി കാണാനായില്ലെന്ന് സി.പി.എം സംസ്ഥാന സമിതി. തിരഞ്ഞെടുപ്പില്‍ കേന്ദ്രനേതൃത്വത്തിന്റെ നിലപാട് ആശയക്കുഴപ്പം സൃഷ്ടിച്ചെന്നും, ദേശീയതലത്തില്‍ കോണ്‍ഗ്രസിനോട് എടുത്ത നിലപാട് കേരളത്തില്‍ തെറ്റിദ്ധാരണയ്ക്കിടയാക്കിയെന്നും സംസ്ഥാന സമിതി അഭിപ്രായപ്പെട്ടു.. തിരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച് കേന്ദ്ര കമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ടിന്‍മേല്‍ നടന്ന ചര്‍ച്ചയിലാണ് വിമര്‍ശനം.
പാര്‍ട്ടി ശബരിമല വിഷയത്തിലുള്‍പ്പെടെ നിലപാട് വ്യക്തമാക്കണം. പാര്‍ട്ടി വോട്ടുകള്‍ വ്യാപകമായി ബി.ജെ.പിയിലേക്ക് പോയി. അത് മറച്ചുവച്ചിട്ട് കാര്യമില്ലെന്ന് വിമര്‍ശനമുയര്‍ന്നു.താഴെത്തട്ടില്‍ പണിയെടുക്കാതെ ഇനി മുന്നോട്ടുപോകാനാകില്ല എന്നാണ് ഒരംഗം അഭിപ്രായപ്പെട്ടത്. ശബരിമല വിഷയത്തില്‍ താഴെത്തട്ടില്‍ ബോധവത്കരണം നടത്തി വിശ്വാസികളെ കൂടെനിറുത്തണമെന്നും ആവശ്യമുയര്‍ന്നു. പക്ഷേ ചര്‍ച്ചയില്‍ പങ്കെടുത്ത അംഗങ്ങളാരും ശബരിമലയില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് തള്ളിയില്ല.ബി.ജെ.പി യു.ഡി.എഫിന് വോട്ട് മറിച്ചു, എല്‍.ഡി.എഫ് പരാജയം ഉറപ്പിക്കലായിരുന്നു ബി.ജെ.പി ലക്ഷ്യമെന്നും സംസ്ഥാന സമിതി നിരീക്ഷിച്ചു.
യു.ഡി.എഫും ബി.ജെ.പിയും ശബരിമല പ്രചാരണായുധമാക്കി, വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചു, ഇത് മറികടക്കാന്‍ എല്‍.ഡി. എഫിനായില്ലെന്നും സംസ്ഥാന സമിതി കൂട്ടിച്ചേര്‍ത്തു. ബി.ജെ.പിയുടേയും യു.ഡി.എഫിന്റെയും പ്രചാരണം വിശ്വാസികള്‍ വിശ്വസിച്ചുവെന്നും സംസ്ഥാന സമിതി വിശദമാക്കി. ജനങ്ങളുടെ മനസ് അറിയുന്നതില്‍ പരാജയപ്പെട്ടു. അടിയൊഴുക്ക് തിരിച്ചറിഞ്ഞില്ല. ജനങ്ങളുമായുള്ള ബന്ധം നഷ്ടമാകുന്നു എന്ന ആശങ്കയും സംസ്ഥാന സമിതി അംഗങ്ങള്‍ പങ്കുവച്ചു.
അതേസമയം യോഗത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയി കോടിയേരിക്ക് എതിരെയുള്ള ലൈംഗിക പീഡനാരോപണം , ആന്തൂരിലെ പ്രവാസി വ്യവാസായിയുടെ ആത്മഹത്യ ഉള്‍പ്പെടെയുള്ള വിവാദ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തില്ല.