സിപിഎം സംസ്ഥാന സമിതി ഇന്ന് ആരംഭിക്കും ; തെറ്റുതിരുത്തൽ രേഖ ചര്‍ച്ച ചെയ്യും

തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതി ഇന്ന് ആരംഭിക്കും. പാര്‍ട്ടി ആസ്ഥാനമായ എകെജി സെന്ററില്‍ മൂന്നുദിവസമാണ് യോഗം ചേരുക. കഴിഞ്ഞ ദിവസങ്ങളില്‍ ചേര്‍ന്ന പാര്‍ട്ടി സെക്രട്ടറിയേറ്റ് അംഗീകരിച്ച തെറ്റുതിരുത്തല്‍ രേഖ അടക്കമുള്ളവ സംസ്ഥാനസമിതി ചര്‍ച്ച ചെയ്യുമെന്നാണ് വിവരം.

സംഘടനാ തലത്തിലും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലും നവീകരണം ആവശ്യമാണെന്ന് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ചേർന്ന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തിയിരുന്നു.

ജനങ്ങളോടുള്ള ബന്ധം മെച്ചപ്പെടുത്താന്‍ നേതാക്കള്‍ പ്രവര്‍ത്തനശൈലി മാറ്റണമെന്നും ജനങ്ങളോട് പുച്ഛത്തോടെ സംസാരിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. നേതാക്കള്‍ ജനങ്ങളോട് ഇടപെഴകുന്ന രീതികളില്‍ അടിമുടി മാറ്റം നിര്‍ദേശിക്കുന്ന രേഖ ഇന്ന് സംസ്ഥാനസമിതി ചര്‍ച്ച ചെയ്യും.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായ വലിയ തിരിച്ചടിക്ക് ശേഷം നിശ്ചയിച്ച ഗൃഹസന്ദര്‍ശന പരിപാടി പൂര്‍ണ്ണമായി വിജയിച്ചില്ലെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. പല സ്ഥലങ്ങളിലും വീഴ്ച സംഭവിച്ചു. ഗൃഹസന്ദര്‍ശനങ്ങള്‍ തുടരും. വിശ്വാസം സംബന്ധിച്ച് സ്ത്രീകളെ കേന്ദ്രീകരിച്ച് നിലപാട് വിശദീകരിക്കാനും തീരുമാനം ആയിട്ടുണ്ട്. ഭരണ നേട്ടങ്ങള്‍ താഴേ തട്ടിലേക്ക് എത്തിക്കാന്‍ പ്രത്യേക കര്‍മ്മ പദ്ധതിയും തയ്യാറാക്കും.

Top