പി.കെ.ശശിക്കെതിരായ നടപടി വൈകും, അന്വേഷണ റിപ്പോര്‍ട്ട് ചര്‍ച്ചയായില്ല

തിരുവനന്തപുരം: പി.കെ ശശി എംഎല്‍എയ്‌ക്കെതിരായ നടപടി വൈകും. ലൈംഗികാതിക്രമ പരാതിയില്‍ പാര്‍ട്ടി അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് സിപിഎം സെക്രട്ടറിയേറ്റ് യോഗം ചര്‍ച്ച ചെയ്തില്ല.മന്ത്രി എകെ ബാലനും പികെ ശ്രീമതി എംപിയുമടങ്ങിയ കമ്മീഷനാണ് അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിക്കെതിരെ ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ കമ്മിറ്റിയംഗമായ യുവതി പാര്‍ട്ടിക്ക് നല്‍കിയ പരാതിയിലാണ് അന്വേഷണം നടന്നത്. ഓഗസ്റ്റ് 14നാണ് പെണ്‍കുട്ടി പി.കെ ശശിക്കെതിരെ സംസ്ഥാന സെക്രട്ടറിക്ക് പരാതി നല്‍കുന്നത്.2017 ഡിസംബറില്‍ എംഎല്‍എ അപമര്യാദയായി പെരുമാറിയെന്നായിരുന്നു യുവതിയുടെ പരാതി. ഡിവൈഎഫ്‌ഐ സമ്മേളനത്തിനിടെ ലൈംഗിക ചുവയോടെ സംസാരിക്കുകയും വഴങ്ങിക്കൊടുക്കാന്‍ ആവശ്യപ്പെട്ടുവെന്നും പരാതിയിലുണ്ട്.

പരാതി സി പി എം സംസ്ഥാന സെക്രട്ടറിക്ക് നല്‍കി രണ്ടാഴ്ച കാത്തിരുന്നിട്ടും മറുപടി ലഭിക്കാതായതോടെ പരാതിയുടെ കോപ്പി ജനറല്‍ സെക്രട്ടറിക്കും പോളിറ്റ് ബ്യൂറോ അംഗം ബ്രിന്ദ കാരാട്ടിനും അയച്ചു. സെപ്തംബര്‍ മൂന്നിന് വിഷയം മാധ്യമങ്ങളില്‍ വാര്‍ത്തയായെങ്കിലും നാലാം തിയ്യതി നടന്ന പാലക്കാടു ജില്ല കമ്മിറ്റി യോഗത്തിനെത്തിയ പി കെ ശശിയും ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രനും അങ്ങനെയൊരു പരാതിയെ ഇല്ലെന്നായിരുന്നു പ്രതികരിച്ചത്. എന്നാല്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സംസ്ഥാന സെക്രട്ടേറിയറ്റും പരാതിയുണ്ടെന്നു സ്ഥിരീകരിച്ചു.

തൊട്ടടുത്ത ദിവസം തന്നെ മന്ത്രി എ കെ ബാലനും പി കെ ശ്രീമതി എം പി യും അംഗങ്ങളായ രണ്ടംഗ കമ്മീഷനെക്കൊണ്ട് പരാതിയെക്കുറിച്ച് അന്വേഷിക്കാനും പാര്‍ട്ടി തീരുമാനിച്ചു. പൊതുപരിപാടികളില്‍ പങ്കെടുത്ത് വെല്ലുവിളികള്‍ നടത്തിയ പി കെ ശശിയോടു പാര്‍ട്ടി പരിപാടികളിലോ പൊതു പരിപാടികളിലോ പങ്കെടുക്കരുതെന്ന് പാലക്കാടു ജില്ല നേതൃത്വം നിര്‍ദേശം നല്‍കി. അന്വേഷണ കമ്മീഷന്‍ പെണ്‍കുട്ടിയില്‍ നിന്നും പി കെ ശശിയില്‍ നിന്നും മൊഴികളുടെ അടിസ്ഥാനത്തില്‍ ജില്ലയിലെ പ്രമുഖ നേതാക്കളില്‍ നിന്നും തെളിവെടുപ്പ് നടത്തി. യുവതിയുടെ പരാതിക്കൊപ്പം തനിക്കെതിരെ ഗൂഡാലോചന നടന്നുവെന്ന പി കെ ശശിയുടെ പരാതിയിലും കമ്മീഷന്‍ അന്വേഷണം നടത്തുന്നുണ്ട്.

Top