തിരുവനന്തപുരം : സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. കള്ളവോട്ട് ചെയ്ത എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത പശ്ചാത്തലത്തില്‍ ഇതിന്റെ തുടര്‍ നടപടികളും സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്യും.
പിലാത്തറയിലും തൃക്കരിപ്പൂരിലും കള്ളവോട്ട് കണ്ടെത്തുകയും പിലാത്തറയില്‍ കള്ളവോട്ട് ചെയ്തവര്‍ക്കെതിരെ കേസ്സെടുക്കുകയും ചെയ്തതോടെ സി.പി.എം പ്രതിസന്ധിയിലായിട്ടുണ്ട്.
കള്ളവോട്ട് വിഷയത്തില്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറായ ടിക്കാറാം മീണക്കെതിരെ പാര്‍ട്ടി നേരത്തെ തന്നെ പരസ്യനിലപാട് സ്വീകരിച്ചിരുന്നു. കള്ളവോട്ട് ആരോപണം സ്ഥിരീകരിക്കുന്നതിന് മുന്‍പ് ആരോപണവിധേയരുടെ വിശദീകരണം കേള്‍ക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ തയ്യാറായില്ല,യു.ഡി.എഫ് തന്ത്രത്തിന്റെ ഭാഗമായാണ് തെരഞ്ഞെടുപ്പ് ഓഫീസര്‍ പ്രവര്‍ത്തിക്കുന്നത് ,തുടങ്ങിയ ആക്ഷേപങ്ങളാണ് സി.പി.എം ഉന്നയിച്ചിരിക്കുന്നത്.
ടിക്കാറാം മീണയുടെ നടപടിക്ക് എതിരെ നിയമപരമായി നീങ്ങുമെന്ന് നേരത്തെ വ്യക്തമാക്കിയ സാഹചര്യത്തില്‍ അതിന്റെ നടപടികളും യോഗം ചര്‍ച്ച ചെയ്‌തേക്കുമെന്നാണ് സൂചന.