തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. അമ്പലപ്പുഴ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംഭവിച്ച വീഴ്ചകളില്‍ സംസ്ഥാന സമിതി ചുമതലപ്പെടുത്തിയ അന്വേഷണ കമ്മീഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിച്ചേക്കും.
സംസ്ഥാന സമിതി അംഗവും മുന്‍ മന്ത്രിയുമായ ജി സുധാകരനെതിരെ പരാതികളുയര്‍ന്ന പശ്ചാത്തലത്തിലാണ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ എളമരം കരീമും, കെജെ തോമസുമാണ് അന്വേഷണം നടത്തിയത്. അന്വേഷണ കമ്മീഷന്‍ നടത്തിയ തെളിവെടുപ്പില്‍ ഭൂരിപക്ഷം പേരും സുധാകരനെതിരെ മൊഴി നല്‍കിയിരുന്നു. കമ്മീഷന്റെ അന്തിമ നിഗമനവും സംസ്ഥാന നേതൃത്വം തീരുമാനിക്കുന്ന നടപടിയുമാകും നിര്‍ണ്ണായകം.
എന്നാല്‍ സുധാകരനെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുന്നതിന് പകരം താക്കീത് നല്‍കലാകും ഉണ്ടാകുകയെന്നാണ് സൂചന. ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ചേരുന്ന സംസ്ഥാന സമിതി വിഷയം ചര്‍ച്ചചെയ്യും. കേന്ദ്ര നേതൃത്വം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിച്ചതോടെ സംസ്ഥാന സമ്മേളനം മുതല്‍ ബ്രാഞ്ച് സമ്മേളനം വരെയുള്ള നടത്തിപ്പ് സംബന്ധിച്ചും ഇന്നത്തെ സെക്രട്ടറിയേറ്റില്‍ തീരുമാനമാകും.