വിവാദ പരാമര്‍ശം; പി.മോഹനനെ പിന്തുണച്ച് സിപിഎം സംസ്ഥാന നേതൃത്വം

കോഴിക്കോട്: കോഴിക്കോട് സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്റെ വിവാദമായ’മാവോയിസ്റ്റ് ഇസ്ലാമിക തീവ്രവാദ കൂട്ടുകെട്ട്’ എന്ന പ്രസ്താവനയെ പിന്തുണച്ച് സിപിഎം സംസ്ഥാന നേതൃത്വം. മോഹനന്റെ പരാമര്‍ശം മുസ്ലീം തീവ്രവാദത്തിനെതിരെയാണ്. മുസ്ലീം സമുദായത്തിനെതിരായി ഇതിനെ വ്യാഖ്യാനിക്കേണ്ടന്നും സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് വ്യക്തമാക്കി.

മാവോയിസ്റ്റുകള്‍ക്ക് പിന്നില്‍ ഇസ്ലാമിക തീവ്രവാദ സംഘടനകളെന്ന സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

താമരശേരിയില്‍ കര്‍ഷകത്തൊഴിലാളി യൂണിയന്‍ ജില്ലാ സമ്മേളനത്തിന്റ ഭാഗമായുളള സമാപന സമ്മേളനത്തിലായിരുന്നു മാവോയിസ്റ്റ് വിഷയത്തില്‍ സിപിഎം ജില്ലാ സെക്രട്ടറിയുടെ വിവാദ ആരോപണം. ഇസ്ലാമിക തീവ്രവാദികളാണ് ഇപ്പോള്‍ കേരളത്തില്‍ മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നതെന്നും കോഴിക്കോട് കേന്ദ്രമായുള്ള ഇസ്ലാമിക തീവ്രവാദ പ്രസ്ഥാനങ്ങളാണ് മാവോയിസ്റ്റുകള്‍ക്ക് വെള്ളവും വളവും നല്‍കി വളര്‍ത്തുന്നതെന്നുമായിരുന്നു മോഹനന്റെ വാക്കുകള്‍.

പ്രസംഗം വിവാദമായതിന് പിന്നാലെ മുസ്ലീം സമുദായത്തെ താന്‍ ആക്ഷേപിച്ചിട്ടില്ല, ഉദ്ദേശിച്ചത് എന്‍ഡിഎഫിനെയും പോപ്പുലര്‍ ഫ്രണ്ടിനെയുമാണെന്നും വ്യക്തമാക്കി പി മോഹനന്‍ രംഗത്തെത്തുകയും ചെയ്തു. ഇതിനെ പിന്തുണച്ചും തള്ളിയും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സാമുദായിക സംഘടനകളും രംഗത്തെത്തിയിരുന്നു.

Top