കണ്ണൂര്‍: ബജറ്റിലെ സ്വകാര്യ-വിദേശ സര്‍വ്വകലാശാല പ്രഖ്യാപനത്തില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സിപിഎം നയത്തില്‍ മാറ്റമില്ലെന്നും വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യവത്കരണം പുതിയതല്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. എസ്എഫ്‌ഐയുമായും ബജറ്റ് നിര്‍ദേശം മറ്റെല്ലാവരുമായും ചര്‍ച്ച നടത്തും. വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ നിക്ഷേപമാകാമെന്നാണ് മുന്‍ നിലപാട്. പ്രതിപക്ഷത്തിന്റെ നിലപാട് നിഷേധാത്മകമാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
സ്വകാര്യ മേഖല പാടില്ലെന്ന് പറഞ്ഞല്ല പണ്ട് സമരം നടത്തിയതെന്ന് എം വി ഗോവിന്ദന്‍ ഇന്നലെ പറഞ്ഞിരുന്നു. ഇഎംഎസിന്റെ കാലം തൊട്ടേ ഇവിടെ സ്വകാര്യ മേഖലയുണ്ട്. ആഗോള തലത്തിലാണ് സ്വകാര്യ മേഖലയെ എതിര്‍ത്തതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. സ്വകാര്യ മൂലധനത്തെ അന്നും ഇന്നും എതിര്‍ത്തിട്ടില്ലെന്നും ഇനി എതിര്‍ക്കുകയും ഇല്ലെന്നും എംവി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ വിദേശ സര്‍വ്വകലാശാലകള്‍ക്ക് അനുമതി നല്‍കാനുള്ള ബജറ്റിലെ തീരുമാനം വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് ഗോവിന്ദന്റെ പരാമര്‍ശം.
ഇതൊരു മുതലാളിത്ത സമൂഹമാണ്. പിണറായി വിജയന്‍ ഭരിക്കുന്നതുകൊണ്ട് ഒരു സോഷ്യലിസ്റ്റ് ഭരണസംവിധാനമാണെന്ന് തെറ്റിദ്ധാരണ വേണ്ട. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരിക്കുന്നതുകൊണ്ട് തൊഴിലാളിവര്‍ഗ്ഗം മുന്നോട്ടുവയ്ക്കുന്ന എല്ലാ മുദ്രാവാക്യങ്ങളും നടപ്പിലാക്കാന്‍ ഈ ഗവണ്‍മെന്റിന് ആവും എന്ന ഒരു തെറ്റിദ്ധാരണയും ഞങ്ങള്‍ക്കില്ല. ഭരണം മാത്രമേ 5 കൊല്ലത്തില്‍ മാറുന്നുള്ളൂ. എക്‌സിക്യൂട്ടീവ് ജുഡീഷ്യറിക്ക് മാറ്റമില്ല. അതാണ് പരിമിതിയെന്നും എംവി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.