എക്‌സാലോജിക് കേസ് രാഷ്ട്രീയ പ്രേരിതം: എംവി ഗോവിന്ദന്‍

തിരുവനന്തപുരം: എക്‌സാലോജിക് കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. മകളുടെ പേരില്‍ കേസെടുത്ത് അച്ഛനെ കുടുക്കാനുള്ള ബിജെപിയുടെ ശ്രമമാണ് ഇതെന്നും എംവി ഗോവിന്ദന്‍. എക്‌സാലോജിക് കേസുമായി ഹൈക്കോടതിയില്‍ പോയ ഷോണ്‍ ജോര്‍ജ്ജിന് ബിജെപി ഭാരവാഹിത്വം നല്‍കിയെന്നും കേസിന് പിന്നില്‍ ആരാണെന്നതിന് ഇതില്‍ കൂടുതല്‍ തെളിവ് വേണോയെന്നും അദ്ദേഹം ചോദിച്ചു. ബിജെപി കേസുകള്‍ പലതും കൈകാര്യം ചെയ്യുന്ന ഒരു എംഎല്‍എ തന്നെയാണ് നിയമസഭയില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളെ ഒരാഴ്ചക്കുള്ളില്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എക്‌സാലോജിക്ക് മൈനസ് പിണറായി വിജയന്‍ എന്നായാല്‍ പിന്നെ കേസുണ്ടാവില്ല. കേന്ദ്ര ഏജന്‍സികള്‍ കോണ്‍ഗ്രസിനെതിരെയാണെങ്കില്‍ മാത്രം എതിര്‍ക്കുകയെന്ന നിലപാടാണ് പ്രതിപക്ഷത്തിന്റേത്. ബിജെപി കേസുകള്‍ പലതും കൈകാര്യം ചെയ്യുന്ന ഒരു എംഎല്‍എ തന്നെയാണ് നിയമസഭയില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നതെന്നും അത് പിന്നീട് യുഡിഎഫ് ഏറ്റെടുക്കുന്ന കാഴ്ചയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. എക്‌സാലോജിക് കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും. പിണറായി വിജയനെ എങ്ങനെ കുടുക്കാം എന്ന് മാത്രമാണ് കേസിന് പിന്നില്‍. ഏത് ഏജന്‍സി വേണമെങ്കിലും വന്ന് അന്വേഷണം നടത്തട്ടെ, ബാക്കി അതിന് ശേഷം പറയാമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര ബജറ്റ് നിരാശാജനകമെന്ന് പറഞ്ഞായിരുന്നു തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പാര്‍ട്ടി സെക്രട്ടറി സംസാരിച്ച് തുടങ്ങിയത്. സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം വന്‍തോതില്‍ കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചുവെന്നും വായ്പാ പരിധി നിയന്ത്രണത്തിലും ഗുണകരമായി ഒന്നും നടന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എയിംസ് പോലുള്ള വികസന പദ്ധതികളോടും കേന്ദ്രസര്‍ക്കാരിന് അനുകൂല സമീപനം ഇല്ല. സില്‍വര്‍ ലൈന്‍ കേരളത്തിന്റെ അഭിമാന പദ്ധതിയെന്ന് പറഞ്ഞ അദ്ദേഹം ഈ പദ്ധതി ഒരു ഘട്ടത്തിലും ഉപേക്ഷിക്കില്ലെന്നും വ്യക്തമാക്കി.

Top