തൃശൂര്‍: സംസ്ഥാനത്തൊട്ടാകെ 2000 വീടുകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ സിപിഎം സംസ്ഥാന സമ്മേളനത്തില്‍ തീരുമാനം.സംസ്ഥാന സര്‍ക്കാരിന്റെ ഭവന നിര്‍മ്മാണ പദ്ധതിയായ ലൈഫ് മിഷനില്‍ ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് സംസ്ഥാനമൊട്ടാകെ വീടുകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ സമ്മേളനത്തില്‍ ധാരണയായതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു
സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യക്തമായ ദിശാബോധം നല്‍കുന്ന ചര്‍ച്ചകളും തീരുമാനങ്ങളും സമ്മേളനത്തില്‍ കൈക്കൊണ്ടതായി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു. ഒരു പ്രദേശത്ത് കുറഞ്ഞത് ഒരു വീടെങ്കിലും നിര്‍മ്മിക്കാനാണ് തീരുമാനം. ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് 2000 കേന്ദ്രങ്ങളില്‍ കുളങ്ങളും തോടുകളും മാലിന്യമുക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങളും, ജൈവകൃഷിയും സംയോജിത കൃഷിയും വ്യാപിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും പാര്‍ട്ടി ലോക്കല്‍ കമ്മിറ്റികള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
45 ഇന കര്‍മപരിപാടികളാണ് തയ്യാറാക്കിയിട്ടുള്ളത്. ജനകീയാസൂത്രണവും സാക്ഷരതായജ്ഞവും പോലെ പാര്‍ട്ടി സംഘടനാ സംവിധാനത്തെ ഇതിനായി ഉപയോഗിക്കുമെന്നും സിപിഐ എം സംസ്ഥാന സമ്മേളനം സമാപിച്ച ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സര്‍ക്കാര്‍ എയിഡഡ് സ്‌കൂളുകള്‍ മികവിന്റെ കേന്ദ്രങ്ങളാക്കാനുള്ള സര്‍ക്കാര്‍ നടപടികളില്‍ ജനപങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് പാര്‍ട്ടി ലോക്കല്‍ തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കും. ഇതിനായി സ്‌കൂള്‍ വികസനസമിതികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും, ഒരു ഏരിയയില്‍ ഒരു സര്‍ക്കാര്‍ ആശുപത്രിയുടെ വികസനപ്രവര്‍ത്തനങ്ങളിലും പാര്‍ട്ടി മുന്‍കൈയെടുക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇത്തരത്തില്‍ സംസ്ഥാനത്തൊട്ടാകെ 209 ആശുപത്രികളാണ് പാര്‍ട്ടി ഏറ്റെടുക്കുക.
കേരളമൊട്ടാകെ 2000 സാന്ത്വന പരിചരണ കേന്ദ്രങ്ങള്‍ പാര്‍ട്ടി മുന്‍കൈയെടുത്ത് സ്ഥാപിക്കും. അത്യാസന്ന നിലയിലുള്ള രോഗികള്‍ക്ക് വീടുകളില്‍ ചെന്ന് പരിചരണം നല്‍കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തും. ഇതിനായി ഒരു പ്രദേശത്ത് പത്തോളം വോളണ്ടിയര്‍മാര്‍ എന്ന നിലയില്‍ നിയോഗിക്കുമെന്നും അവര്‍ക്ക് പരിശീലനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.