CPM Strike In Nilambur police station

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകേള്‍ക്കാതെ നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിന്റെ നേതൃത്വത്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ പൊലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു. കസ്റ്റഡിയിലെടുത്ത ഓട്ടോ ഡ്രൈവറെ മര്‍ദ്ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ടായിരുന്നു പൊലീസുകാരെയടക്കം സ്‌റ്റേഷനകത്തേക്കും പുറത്തേക്കും കടക്കാന്‍ അനുവദിക്കാതെ മൂന്നു മണിക്കൂര്‍ പൊലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചത്.

കഴിഞ്ഞ ദിവസം അഞ്ചു വയസുകാരിയെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ ഓട്ടോ ഡ്രൈവറായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ യഥാര്‍ത്ഥ പ്രതിയെ പിടികൂടിയപ്പോള്‍ ഇയാളെ വിട്ടയച്ചു.

യുവാവിനെയും ഭാര്യയെയും ട്രോമാ കെയര്‍ പ്രവര്‍ത്തകരും പൊലീസും മര്‍ദ്ദിച്ചെന്നാരോപിച്ച് ഇവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സതേടിയിരുന്നു. ഞായറാഴ്ച ആര്‍ട്ടിസാന്‍സ് യൂണിയന്‍ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ നിലമ്പൂരിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് പൊലീസ് മര്‍ദ്ദനത്തിനെതിരെ പരാതിയും നല്‍കിയിരുന്നു. പരിശോധിച്ച് നടപടിയെടുക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പും നല്‍കി. എന്നാല്‍ മുഖ്യമന്ത്രിയുടെ വാക്കുകേള്‍ക്കാതെയായിരുന്നു ഇന്നത്തെ മിന്നല്‍ സമരം.

Nilambur-anwar

ഉപരോധത്തിന്റെ അവസാനഘട്ടത്തിലാണ് പി.വി അന്‍വര്‍ എം.എല്‍.എ പൊലീസ് സ്‌റ്റേഷനിലെത്തി സമര നേതൃത്വം ഏറ്റെടുത്തത്. സ്റ്റേഷനില്‍ കയറി സി.ഐയോട് തട്ടിക്കയറി കുറ്റക്കാരനായ പൊലീസുകാരനെതിരെ നടപടിയാവശ്യപ്പെട്ടു. താന്‍പൊട്ടനാണെന്നു കരുതേണ്ടെന്നു പറഞ്ഞായിരുന്നു പൊലീസിനുനേരെ എം.എല്‍.എയുടെ രോഷപ്രകടനം. നിയമപ്രകാരമല്ലാതെ നടപടിയെടുക്കാനാവില്ലെന്നു സി.ഐ കെ.എം ദേവസ്യയും നിലപാടെടുത്തു.

ഒടുവില്‍ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തിയ ശേഷം നടപടി സ്വീകരിക്കാമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. സി.പി.എം നിലമ്പൂര്‍ ഏരിയാ സെക്രട്ടറി ഇ. പത്മാക്ഷനും ഏരിയാ കമ്മിറ്റി അംഗം മാട്ടുമ്മല്‍ സലീം, മമ്പാട് ലോക്കല്‍ സെക്രട്ടറി ബി.എം മുഹമ്മദ് റസാഖ് എന്നിവരും സമരത്തിനും ചര്‍ച്ചക്കുമുണ്ടായിരുന്നു.

പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവ് ചൂണ്ടികാട്ടിയ പ്രകാരമാണ് ഓട്ടോ ഡ്രൈവറെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് പറഞ്ഞു. സംശയം തോന്നി വനിതാ പൊലീസിനെകൊണ്ട് പെണ്‍കുട്ടിയില്‍ നിന്നും കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കിയാണ് മറ്റൊരു ഓട്ടോ ഡ്രൈവറാണ് പ്രതിയെന്നു മനസിലാക്കിയത്. ഇയാളെ അറസ്റ്റു ചെയ്യുകയും നിരപരാധിയെ വെറുതെവിടുകയും ചെയ്യുകയാണുണ്ടായതെന്നു സി.ഐ വിശദീകരിച്ചു.

മുഖ്യമന്ത്രിയുടെ വാക്കുകേള്‍ക്കാതെ പൊലീസ് സ്‌റ്റേഷനുമുന്നില്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ നടത്തിയ ഉപരോധസമരത്തില്‍ കടുത്ത എതിര്‍പ്പാണ് സി.പി.എം ജില്ലാ നേതൃത്വത്തിനുള്ളത്. പാര്‍ട്ടി ഭരിക്കുമ്പോള്‍ പൊലീസ് സ്‌റ്റേഷനുമുന്നില്‍ സമരം നടത്തി പ്രതിപക്ഷത്തിന് ആയുധം നല്‍കിയെന്ന വിലയിരുത്തലാണ് നേതൃത്വത്തിനുള്ളത്.

കണ്ണൂരില്‍ പൊലീസിനെതിരെ രംഗത്ത് വന്ന സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനെ സിപിഎം സംസ്ഥാന നേതൃത്വം ശാസിച്ചതിന് തൊട്ട്പിന്നാലെയാണിപ്പോള്‍ നിലമ്പൂരിലെ ഇടത് എംഎല്‍എയുടെ ഇടപെടല്‍.

നേരത്തെ ഗുണ്ടാസംഘത്തെ ഉപയോഗിച്ച് പൂക്കോട്ടുംപാടം റീഗള്‍ എസ്റ്റേറ്റ് ഭൂമി തട്ടിയെടുക്കാന്‍ ശ്രമിക്കുന്നുവെന്ന പരാതിയില്‍ അന്‍വര്‍ എം.എല്‍.എയെ ഒന്നാം പ്രതിയാക്കി പൂക്കോട്ടുംപാടം പൊലീസ് കേസെടുത്തിരുന്നു. മൂന്നു ദിവസത്തിനകം നടപടിയെടുത്തില്ലെങ്കില്‍ പൊലീസ് സ്‌റ്റേഷനുമുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്ന് എം.എല്‍.എ പത്രസമ്മേളനം നടത്തിയിരുന്നെങ്കിലും സിപി.എം നേതൃത്വം സമരത്തിനെതിരെ ശക്തമായ നിലപാടെടുത്തതോടെ ആ നീക്കം പാളിയിരുന്നു.

മുഖ്യമന്ത്രിയോട് പരാതി പറഞ്ഞിട്ടും നിയമപ്രകാരം കേസെടുത്ത എസ്.ഐയെസ്ഥലം മാറ്റാന്‍ ആഭ്യന്തരവകുപ്പ് തയ്യാറായിരുന്നില്ല.

Top