തമിഴകത്ത് പട്ടികളെ പോലും ജാതീയത വെറുതെ വിടുന്നില്ല, സർവ്വത്ര അയിത്തം !

ദ്രാവിഡ മണ്ണില്‍ താഴ്ന്ന ജാതിക്കാരുടെയും പാവപ്പെട്ട ജനവിഭാഗങ്ങളുടെയും പ്രതീക്ഷയാണിപ്പോള്‍ ചെങ്കൊടി. തിരുനെല്‍വേലിയില്‍ സവര്‍ണ്ണ ജാതിക്കാരുടെ കത്തിമുനയില്‍ ഡി.വൈ.എഫ്.ഐ ജില്ലാ നേതാവ് അശോക് പിടഞ്ഞ് വീണതോടെ ചെമ്പടയുടെ പോരാട്ടവീര്യവും കനത്തിരിക്കുകയാണ്.

പട്ടിയെ വളര്‍ത്താന്‍ പോലും കീഴ്ജാതിക്കാര്‍ക്ക് വിലക്കുള്ള നാട്ടിലാണ് പുതിയ പോര്‍മുഖം ഇടതുപക്ഷം തുറന്നിരിക്കുന്നത്. കീഴ്ജാതിക്കാര്‍ വളര്‍ത്തുന്ന ആണ്‍പട്ടികള്‍ മേല്‍ജാതി തെരുവിലെ പെണ്‍പട്ടികളുമായി ബന്ധമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി വിലക്കേര്‍പ്പെടുത്തിയത് തൂത്തുക്കുടിയിലെ ഒരു ഗ്രാമത്തിലാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും പട്ടിയെ പിടിച്ച് മേല്‍ജാതിക്കാരുടെ തെരുവില്‍ കൊണ്ടുവിട്ടാണ് ഡി.വൈ.എഫ്.ഐ ഈ കാടന്‍ നിയമം പൊളിച്ചടുക്കിയത്.

വാടിപ്പട്ടിയില്‍ ദളിതരുടെ മുടി വെട്ടാന്‍ വിസമ്മതിച്ച ബാര്‍ബര്‍ ഷോപ്പില്‍ ‘മുടിവെട്ടും പോരാട്ടം’ നടത്തിയും ജാതി മതിലുകള്‍ ഇടിച്ചു നിരത്തിയും സംഘടിത യുവജന പ്രസ്ഥാനം കരുത്ത് കാട്ടി. അയിത്തമുള്ള പൊതുകിണറുകളില്‍ നിന്നും കൂട്ടത്തോടെ വെള്ളം കോരിയും ജാതിഭേദമന്യേ സദ്യ വിളമ്പിയും ഡി.വൈ.എഫ്.ഐ തീര്‍ത്ത പ്രതിഷേധങ്ങള്‍ക്ക് തമിഴകത്ത് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

ജാതിയുടെ പേരില്‍ ഇനി ഒരാളും ഈ മണ്ണില്‍ ആക്രമിക്കപ്പെടരുതെന്നും അപമാനിക്കപ്പെടരുതെന്നും ആഗ്രഹിക്കുന്നവരാണ് തമിഴകത്തെ കമ്യൂണിസ്റ്റുകള്‍. അതിനു വേണ്ടി അടിച്ചമര്‍ത്തലുകളെ നേരിട്ടാണ് പോരാട്ടം. സവര്‍ണ്ണ വിഭാഗത്തിനൊപ്പം പലപ്പോഴും ഭരണകൂടവും ഉദ്യോഗസ്ഥരും നില്‍ക്കുന്നതിനാല്‍ സമര രംഗത്തുള്ള പ്രവര്‍ത്തകര്‍ കൊടിയ പീഡനത്തിനാണ് ഇരയാകുന്നത്. ഡി.വൈ.എഫ്.ഐ നേതാവിന്റെ കൊലപാതകവും ഇതിന്റെ തുടര്‍ച്ചയായിരുന്നു.

എങ്കിലും അടിച്ചമര്‍ത്തലുകളെ നേരിട്ട് ചെമ്പട നടത്തുന്ന പോരാട്ടം തമിഴകം ഇപ്പോള്‍ സജീവമായി ചര്‍ച്ച ചെയ്യുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ വലിയ പിന്തുണയാണ് ഡി.വൈ.എഫ്.ഐക്കും സി.പി.എമ്മിനും ലഭിച്ച് കൊണ്ടിരിക്കുന്നത്. കോര്‍പ്പറേറ്റ് മാധ്യമ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്ന ദ്രാവിഡ പാര്‍ട്ടികളാണ് ഇതോടെ അന്തം വിട്ടിരിക്കുന്നത്. സി.പി.എം അടിത്തറ ശക്തമാക്കുന്നതിനെ ഭരണപക്ഷമായ അണ്ണാ ഡി.എം.കെ മാത്രമല്ല, ഡി.എം.കെ പോലും ആശങ്കയോടെയാണ് വീക്ഷിക്കുന്നത്.

പ്രതിപക്ഷത്ത് സി.പി.എമ്മിനൊപ്പം ഒരുമിച്ചാണെങ്കിലും സ്വന്തം കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുമോ എന്ന ഭയമാണ് ഡി.എം.കെ നേതൃത്വത്തിനുള്ളത്. താഴ്ന്ന ജാതിക്കാരാണ് ദ്രാവിഡ പാര്‍ട്ടികളുടെ അടിത്തറ. എന്നാല്‍ പ്രത്യക്ഷ സമരത്തിനിറങ്ങാതെ രണ്ടു തരം നിലപാടാണ് ഈ പാര്‍ട്ടികള്‍ ഇവിടെ സ്വീകരിച്ച് വരുന്നത്. ഇതു തന്നെയാണ് സി.പി.എമ്മിനും ഡി.വൈ.എഫ്.ഐക്കും തമിഴകത്ത് നേട്ടമായിരിക്കുന്നത്.

ഡി.എം.കെ- അണ്ണാ ഡി.എം.കെ അണികള്‍ പോലും ഡി.വൈ.എഫ്.ഐ സമരങ്ങളോട് ആകൃഷ്ടരാകുന്നു എന്നതാണ് ഇപ്പോള്‍ തമിഴകത്തു നിന്നുള്ള കാഴ്ച. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സഖ്യത്തിന് ഉണ്ടായ നേട്ടത്തില്‍ അഹങ്കരിക്കുന്ന ഡി.എം.കെയുടെ ചങ്കിടിപ്പിക്കുന്ന കാഴ്ചയാണിത്.

സഖ്യമായി മത്സരിച്ചപ്പോള്‍ രണ്ട് ലോക്‌സഭ സീറ്റുകളില്‍ വീതം സി.പി.എമ്മും സി.പി.ഐയും വിജയിച്ചിരുന്നു. അണ്ണാ ഡി.എം.കെ സര്‍ക്കാറിനെതിരെയും ജാതീയതക്കെതിരെയും സി.പി.എമ്മും വര്‍ഗ്ഗ ബഹുജന സംഘടനകളും സംഘടിപ്പിച്ച പ്രതിഷേധവും ഏറെ ഗുണം ചെയ്തു. ഈ പ്രതിഷേധങ്ങളും സംസ്ഥാന സര്‍ക്കാറിനെതിരെ ശക്തമായ ജനവികാരം ഉയര്‍ത്താന്‍ കാരണമായിരുന്നു. മുഖ്യ പ്രതിപക്ഷമായിട്ടും ഡി.എം.കെ സമരരംഗത്ത് പിന്നിലായിരുന്നു. യുവാക്കളുടെ സമര വീര്യത്തെ ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐയുമാണ് പരമാവധി ഉപയോഗപ്പെടുത്തിയിരുന്നത്.

കേരളത്തില്‍ കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്ക് ജനഹൃദയത്തില്‍ ഇടം നേടാന്‍ കഴിഞ്ഞതും ഇത്തരം പോരാട്ടങ്ങള്‍ മൂലമായിരുന്നു. സമാന രീതിയിലുള്ള പോരാട്ടമാണ് തമിഴകത്തും ഇപ്പോള്‍ ചെങ്കൊടി പ്രസ്ഥാനം നടത്തുന്നത്. കേരളത്തില്‍ താഴ്ന്ന ജാതിക്കാര്‍ക്ക് വഴി നടക്കാനുള്ള അവകാശവും ക്ഷേത്ര പ്രവേശനവും സാധ്യമാക്കിയത് ചുവപ്പിന്റെ പ്രതിഷേധത്തെ തുടര്‍ന്നായിരുന്നു. തല ചായ്ക്കാന്‍ പാവപ്പെട്ടവര്‍ക്ക് സ്ഥലം നല്‍കിയതും കമ്യൂണിസ്റ്റ് സര്‍ക്കാറായിരുന്നു.

എന്നാല്‍ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ ഇപ്പോഴും ‘കോരന് കഞ്ഞി കുമ്പിളില്‍ തന്നെയാണ്’. അവന്‍ ഇപ്പോഴും അവഗണിക്കപ്പെടുന്നു, ആക്രമിക്കപ്പെടുന്നു. ഇടതുപക്ഷ കേരളം മുന്‍പ് നല്‍കിയ അതിജീവനത്തിന്റെ ഓര്‍മ്മകളാണ് തമിഴകത്തെ കീഴ് ജാതിക്കാര്‍ക്കും പട്ടിണി പാവങ്ങള്‍ക്കും ഇപ്പോള്‍ അതിജീവനത്തിന് കരുത്ത് പകരുന്നത്. ദ്രാവിഡ പാര്‍ട്ടികള്‍ പരമ്പരാഗതമായി ആധിപത്യം പുലര്‍ത്തുന്ന മണ്ണില്‍ ചെങ്കൊടിക്ക് ഇപ്പോള്‍ ലഭിക്കുന്ന സ്വീകാര്യത ഈ യാഥാര്‍ഥ്യമാണ് ചൂണ്ടിക്കാണിക്കുന്നത്.

നിരന്തര പോരാട്ടങ്ങളുടെ ഫലമായി അനവധി ക്ഷേത്രങ്ങളിലാണ് കീഴ്ജാതിക്കാര്‍ക്ക് പ്രവേശനം സാധ്യമാക്കിയിരുന്നത്. തിരുവണ്ണാമലൈ താമരപക്കം അഗ്‌നീശ്വര്‍ ക്ഷേത്രം, ഡിണ്ടിഗല്‍ ആയക്കുടി കാളിയമ്മന്‍ കോവില്‍, പെരമ്പലൂര്‍ വേപ്പംതട്ടൈ ശിവക്ഷേത്രം, പെരമ്പലൂര്‍ ആണ്ടിമഠം യൂണിയന്‍ അഴകുപുരം കാശിവിശ്വനാഥന്‍ കോവില്‍, തിരുനെല്‍വേലി പന്ദപ്പുള്ളി മാരിയമ്മന്‍ കോവില്‍, തിരുവണ്ണാമലൈ വേടപ്പന്തൈ കൂത്താണ്ടര്‍ കോവില്‍, വില്ലുപുരം കാങ്കിയനൂര്‍ ദ്രൗപതിയമ്മാള്‍ കോവില്‍, നാഗപട്ടിണം ചെട്ടിപ്പുളം അഖണ്ഡ ഈശ്വര്‍ കോവില്‍ തുടങ്ങിയവയാണ് ഈ ക്ഷേത്രങ്ങള്‍.

ദുരഭിമാന കൊലകള്‍ അനവധി നടന്ന സംസ്ഥാനമാണ് തമിഴകം. 2016ലെ ഉദുമല്‍പേട്ട ദുരഭിമാനക്കൊലയില്‍ ശങ്കര്‍ മരിക്കുമ്പോള്‍ പത്തൊമ്പതുകാരിയായ ഭാര്യ കൗസല്യ രണ്ടാംവര്‍ഷ എന്‍ജിനിയറിങ് വിദ്യാര്‍ഥിയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കൗസല്യ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ സമയം ഒരുപാടെടുത്തു. സഹായിക്കാന്‍ ആരുമില്ലാതെ അരക്ഷിതാവസ്ഥയിലായ യുവതിക്ക് തുണയായി എത്തിയത് സിപിഎം നേതൃത്വം നല്‍കുന്ന തൊട്ടുകൂടായ്മ നിര്‍മാര്‍ജന മുന്നണിയായിരുന്നു.

വിരുദുനഗര്‍ ജില്ലയില്‍ ഒന്നര ലക്ഷത്തിലധികം ദളിതരുണ്ടെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. ഇതുവരെ രണ്ടുപേരാണ് എല്‍എല്‍ബി പാസായത്. ബിരുദധാരികള്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രം. വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യമുന്നേറ്റം സാധ്യമാക്കാന്‍ തൊട്ടുകൂടായ്മ നിര്‍മാര്‍ജന മുന്നണി കോയമ്പത്തൂരില്‍ പട്ടികജാതിക്കാര്‍ക്കായി ഡോ. അംബേദ്കര്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് എംപ്ലോയ്‌മെന്റ് കോച്ചിങ് സെന്റര്‍ തുടങ്ങി. ഇവിടെ പരിശീലനം നേടിയ നിരവധിപേര്‍ക്ക് സര്‍ക്കാര്‍ജോലി ലഭിച്ചു. ജഗന്‍ എന്ന വിദ്യാര്‍ഥി സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ പാസായി. ഉദ്യോഗാര്‍ഥികള്‍ക്കായി സേലത്ത് ഒരു റിസോഴ്‌സ് സെന്ററും ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ട്.

തൊട്ടുകൂടായ്മയ്‌ക്കെതിരെ തമിഴകത്ത് ചെമ്പട നടത്തുന്ന സമരങ്ങള്‍ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. എന്നാല്‍ ആ പോരാട്ടം കൂടുതല്‍ ശക്തിപ്പെടുന്നത് ഇപ്പോഴാണ്. 1989ലെ ജാതിസംഘര്‍ഷത്തിനുശേഷമാണ് ഉത്തപുരത്ത് ദളിത്, പിള്ളയാര്‍ തെരുവുകളെ വേര്‍തിരിക്കുന്ന ജാതിമതില്‍ പണിതത്.

ഉന്നത റവന്യൂ ഉദ്യോഗസ്ഥന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗ തീരുമാനം അനുസരിച്ചായിരുന്നു മതില്‍ പണിതത്. സിപിഎമ്മായിരുന്നു ഇതിനെതിരെ പോരാട്ടം നയിച്ചിരുന്നത്. 600 മീറ്റര്‍ ദൂരത്തില്‍ കെട്ടിയ മതിലിന്റെ 12 അടി വരുന്ന ഭാഗം പിന്നീട് ഇടിച്ചുതകര്‍ത്തു.

ഈ പ്രദേശത്തെ മുത്താലമ്മന്‍ കോവിലില്‍ പ്രവേശനം ലഭിക്കാന്‍ ദളിതര്‍ക്ക് 2011വരെ കാത്തിരിക്കേണ്ടിയും വന്നിരുന്നു. ഇന്നും ഒക്ടോബറില്‍ ഉത്സവസമയത്ത് ഇവിടെ സംഘര്‍ഷമുണ്ടാകാറുണ്ട്. ഒരു പതിറ്റാണ്ടിലേറെയായി ഉച്ചനീചത്വത്തിനെതിരെ ചെറുതും വലുതുമായ ആയിരക്കണക്കിന് സമരങ്ങളാണ് സിപിഎം നേതൃത്വത്തില്‍ തമിഴ്‌നാട് തൊട്ടുകൂടായ്മ നിര്‍മാര്‍ജന മുന്നണി ഏറ്റെടുത്ത് നടത്തിയത്. തുടര്‍സമരത്തിലൂടെ അരുന്ധതിയര്‍ വിഭാഗത്തിന് മൂന്നുശതമാനം സംവരണം ഏര്‍പ്പെടുത്തിക്കാനും ഈ പോരാട്ടങ്ങള്‍ മൂലം കഴിഞ്ഞിരുന്നു.

കീഴ് വെണ്‍മണി രക്തസാക്ഷികള്‍ ഇന്നും തമിഴകത്തെ പോരാളികളുടെ ആവേശമാണ്. കൂലിയായി അരപ്പടി നെല്ല് കൂടുതല്‍ ചോദിച്ചതിനാണ് 44 ദളിത് കര്‍ഷകത്തൊഴിലാളികളെ 1968 ഡിസംബര്‍ 25ന് ഭൂപ്രഭുക്കന്മാര്‍ ചുട്ടുകൊന്നത്. ഭൂപ്രഭുക്കന്മാരുടെ തുടര്‍ അക്രമത്തെയും പീഡനത്തെയും തൊഴിലാളികള്‍ ചെറുത്തുനിന്നതാണ് മുതലാളിമാരെ ചൊടിപ്പിച്ചത്. സമരത്തിന് വഴങ്ങി അരപ്പടി നെല്ല് കൂടുതല്‍ അനുവദിക്കേണ്ടിവന്നതില്‍ കലിപൂണ്ടായിരുന്നു ഈ കൂട്ട കശാപ്പ്.

വെണ്‍മണി പോരാളികള്‍ മുതല്‍ തിരുനെല്‍വേലി തച്ചനല്ലൂരിലെ ഡിവൈഎഫ്‌ഐ നേതാവ് അശോക് വരെ, നീതിയ്ക്കു വേണ്ടി പോരാടിയതിനു വേണ്ടി രക്തസാക്ഷിത്വം വരിച്ച ധീരന്മാരാണ്. ഇവരുടെ ഓര്‍മ്മകളാണ് അതിജീവനത്തിനു വേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് ഒരു ജനതയ്ക്ക് കരുത്താകുന്നത്. ഈ പ്രതിഷേധാഗ്നി ആളിപ്പടരുമ്പോള്‍ ചുവപ്പു രാഷ്ട്രീയത്തിന്റെ പ്രസക്തി കൂടിയാണ് തമിഴക മണ്ണില്‍ പ്രസ്‌കതമാകുന്നത്.

Political Reporter

Top