തിരുവനന്തപുരം: ലോ അക്കാദമി പ്രശ്നത്തിൽ പാർട്ടിയെയും സർക്കാറിനെയും കടന്നാക്രമിക്കുന്ന ബി ജെ പി- കോൺഗ്രസ്സ് നേതാക്കൾക്ക് തിരിച്ചടി നൽകാനൊരുങ്ങി സി പി എം.
സി പി എം സംസ്ഥാന കമ്മിറ്റി അംഗം കോലിയക്കോട് കൃഷ്ണൻ നായർ ലോ അക്കാദമി ഡയറക്ടർ ബോർഡിലുളളത് ചൂണ്ടി കാട്ടിയും എസ്എഫ്ഐ സമരം പിൻവലിച്ചത് ഒത്ത് കളിയാണെന്നും ആരോപിച്ച് കടന്നാക്രമണം രൂക്ഷമായ സാഹചര്യത്തിലാണ് തിരിച്ചടിക്കാൻ സി പി എംഉം എസ്എഫ്ഐയും രംഗത്തിറങ്ങുന്നത്.
മുൻ ചീഫ് സെക്രട്ടറിയും അറിയപ്പെടുന്ന ആർഎസ്എസുകാരനുമായ രാമചന്ദ്രൻ നായരുടെ ഉടമസ്ഥതയിലുള്ള നേമം വിദ്യാരാജ ഹോമിയോ കോളേജിലെ തട്ടിപ്പുകൾ ഉന്നയിച്ച് ശക്തമായി രംഗത്ത് വരാൻ സി പി എം തീരുമാനിച്ചിട്ടുണ്ട്.
ഇവിടെ എൻട്രൻസ് പോലും എഴുതാതെ 10 വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകിയത് സംബന്ധമായി വിജിലൻസ് അന്വേഷണം തുടങ്ങി കഴിഞ്ഞു. ഈ കോളേജിന് സർക്കാർഭൂമി ദാനം ലഭിച്ചതിന് പിന്നിലും വലിയ ദുരൂഹതയുണ്ടെന്നാണ് ആക്ഷേപം.
ഒരിക്കൽ സർവ്വകലാശാല തന്നെ അഫിലിയേഷൻ റദ്ദാക്കിയെങ്കിലും പിന്നീട് തലസ്ഥാനത്തെ കോൺഗ്രസ്സ്- ബി ജെ പി ധാരണയുടെ അടിസ്ഥാനത്തിൽ നടപടികൾ ഒഴിവാക്കുകയായിരുന്നുവത്രെ.
മറ്റൊന്ന് ലോ അക്കാദമിക്ക് മുന്നിൽ നിരാഹാരമിരുന്ന ബി ജെ പി ദേശീയ നിർവാഹക സമിതി അംഗം വി.മുരളീധരന് പിന്തുണ പ്രഖ്യാപിച്ച് സജീവമായി രംഗത്തുണ്ടായിരുന്ന കുട്ടനാട്ടിലെ എൻ ഡി എ സ്ഥാനാർത്ഥി കൂടിയായ സുഭാഷ് വാസുവിന്റെ ഉടമസ്ഥതയിലുള്ള വെള്ളാപ്പള്ളി നടേശൻ കോളേജ് ഓഫ് എൻജിനീയറിംങ്ങ് ആണ്.
ഇവിടെ ഇടിമുറിയുണ്ടെന്നും ഇന്റേണൽ മാർക്കിന്റെ പേരിലും മറ്റും കൊടിയ പീഢനങ്ങളാണ് നടക്കുന്നത് എന്നുമാണ് എസ്എഫ്ഐ ചൂണ്ടി കാണിക്കുന്നത്.
വൻതോതിൽ വയൽ നികത്തി നിർമ്മിച്ച ഈ സ്ഥാപനത്തിന്റെ ഉടമക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകണമെന്ന് സി പി എംന്റെ കർഷക വിഭാഗമായ കർഷക തൊഴിലാളി യൂണിയനും സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബി ജെ പിയുടെ കേരളത്തിലെ പ്രധാന ഘടക കക്ഷിയായ ബി ഡി ജെ എസിന്റെ സംസ്ഥാന സാരഥിയാണ് സുഭാഷ് വാസു.
എൻ ഡി എ സ്ഥാനാർത്ഥിയായി മത്സരിച്ച മറ്റൊരു നേതാവ് പ്രൊഫ.ശശികുമാറിന്റെ നിയന്ത്രണത്തിലുള്ള ശ്രീ ബുദ്ധ വുമൺ കോളേജ് ഓഫ് എഞ്ചിനീയറിംങ്ങിൽ മതിയായ സൗകര്യമില്ല എന്ന് സാങ്കേതിക സർവ്വകലാശാലയുടെ വിദഗ്ദ സമിതി കണ്ടെത്തിയിട്ടും ഈ റിപ്പോർട്ട് പൂഴ്ത്തിവച്ച് കോളേജ് അഫിലിയേഷൻ വാങ്ങിയത് വിജിലൻസ് അന്വേഷിക്കേണ്ടതാണെന്നാണ് സി പി എം നേതാക്കൾ ചൂണ്ടി കാണിക്കുന്നത്.
വിവാദ കേന്ദ്രമായ ടോംസ് കോളേജിനൊപ്പമാണ് ഈ കോളേജിനും സർവ്വകലാശാലയുടെ അഫിലിയേഷൻ കിട്ടിയിരുന്നത്.ഇതിന് പുറമെ കോഴിക്കോട് ജില്ലയിൽ കോൺഗ്രസ്സ് നേതാവിന്റെ ഉടമസ്ഥതയിലുള്ള സ്വാശ്രയ ബി എഡ് കോളേജുകൾ അടക്കം ബി ജെ പി- കോൺഗ്രസ്സ് നേതാക്കളുടെയും അടുപ്പക്കാരുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥി വിരുദ്ധ നടപടികളും അഴിമതികളും പുറത്ത് കൊണ്ട് വരാൻ പ്രക്ഷോഭം സംഘടിപ്പിക്കുവാനാണ് ആലോചന.
സി പി എംന്റെ രാഷ്ട്രീയ അനുമതി ലഭിക്കുന്നതോടെ സംസ്ഥാന – ജില്ലാ കമ്മിറ്റികൾ വിളിച്ച് ചേർത്ത് പ്രക്ഷോഭം ആരംഭിക്കാനാണ് എസ്എഫ്ഐ നീക്കം.
ഞായറാഴ്ചയോടെ കൊച്ചിയിലെ ദേശീയ സമ്മേളനം അവസാനിച്ചു കഴിഞ്ഞാൽ ഡിവൈഎഫ്ഐയും സജീവമായി രംഗത്തുണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന. ഇതിനായി പ്രത്യേക ലിസ്റ്റ് തന്നെ അണിയറയിൽ തയ്യാറാകുന്നുണ്ട്. സി പി എംനെയും എസ്എഫ്ഐയേയും സംഘടിതമായി വേട്ടയാടുന്നതാണ് ചെമ്പടയെ പ്രകോപിപ്പിച്ചിരിക്കുന്നത്.