മമ്മൂട്ടിയെ മത്സരിപ്പിക്കാന്‍ സി.പി.എം, അണിയറയില്‍ കരുനീക്കങ്ങള്‍ സജീവം

മോഹന്‍ലാലിനെ രാഷ്ട്രീയത്തിലിറക്കാനുള്ള ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ നീക്കത്തിനെതിരെ മമ്മൂട്ടിയെ രാജ്യസഭാംഗമാക്കി തിരിച്ചടി നല്‍കാന്‍ സി.പി.എം നേതൃത്വത്തിന്റെ ആലോചന. അടുത്ത വര്‍ഷം 2021 ഏപ്രില്‍ 21ന് ഒഴിവു വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളില്‍ ഒന്നില്‍ മമ്മുട്ടിയെ മത്സരിപ്പിക്കാനാണ് സി.പി.എം ആലോചിക്കുന്നത്. വയലാര്‍ രവി, പി.വി അബ്ദുല്‍വഹാബ്, കെ.കെ രാഗേഷ് എന്നിവരുടെ രാജ്യസഭാ കാലാവധി കഴിയുന്നത് 2021 ഏപ്രില്‍ 21നാണ്. നിയമസഭയിലെ കക്ഷി നില അനുസരിച്ച് ഒഴിവു വരുന്ന മൂന്ന് സീറ്റുകളില്‍ രണ്ട് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ ഇടതുപക്ഷത്തിന് കഴിയും. ഇതില്‍ ഒരു രാജ്യസഭാ സീറ്റിലേക്ക് മമ്മുട്ടിയെയാണ് സി.പി.എം ആഗ്രഹിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ താല്‍പര്യപ്രകാരം മമ്മുട്ടിയുടെ അഭിഭാഷക ഗുരുനാഥനായിരുന്ന ഇപ്പോഴത്തെ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ മഞ്ചേരി ശ്രീധരന്‍ നായര്‍ ഇക്കാര്യം മമ്മുട്ടിയുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചന.

മാധ്യമങ്ങള്‍ വ്യാപകമായി വേട്ടയാടിയപ്പോള്‍ സി.പി.എമ്മിന് പാര്‍ട്ടി ചാനലായ കൈരളി തുടങ്ങാന്‍ ശക്തമായ പിന്തുണ നല്‍കിയത് മമ്മുട്ടിയാണ്. മോഹന്‍ലാല്‍ പേടിച്ച് പിന്‍മാറിയപ്പോഴും ഡയറക്ടര്‍ ബോര്‍ഡില്‍ മമ്മുട്ടി തുടരുകയാണ് ചെയ്തത്. അന്നും ഇന്നും കൈരളിയുടെ ചെയര്‍മാനാണ് മമ്മുട്ടി. ഈ ധൈര്യം രാഷ്ട്രീയത്തില്‍ ഇറങ്ങാനും മമ്മുട്ടി കാണിക്കുമെന്നാണ് സി.പി.എം പ്രതീക്ഷിക്കുന്നത്. കൈരളി ചാനല്‍ നടത്തുന്ന മലയാളം കമ്യൂണിക്കേഷന്റെ സ്ഥാപക ചെയര്‍മാനായ മമ്മുട്ടി ഇപ്പോഴും ആ സ്ഥാനത്ത് തുടരുന്നത് തന്നെ സി.പി.എമ്മിനോടുള്ള ആത്മബന്ധം കൊണ്ടു മാത്രമാണ്. താന്‍ ഒരു കമ്മ്യൂണിസ്റ്റാണെന്ന് തുറന്നു പറയാന്‍ ഒരു മടിയും മമ്മുട്ടിക്കില്ല. കോണ്‍ഗ്രസിന്റെ കോട്ടയായ ചാലക്കുടിയില്‍ മുന്‍പ് പി.സി ചാക്കോയെ തോല്‍പ്പിച്ച് മണ്ഡലം പിടിക്കാന്‍ താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി ഇന്നസെന്റിനെ മത്സരിപ്പിച്ചതിലും വിജയിപ്പിച്ചതിലും മമ്മുട്ടിയുടെ പങ്ക് വലുതാണ്. ചാലക്കുടി സീറ്റ് പിടിക്കാന്‍ അനുയോജ്യനായ സ്ഥാനാര്‍ത്ഥിക്കായി സി.പി.എം ബുദ്ധിമുട്ടുമ്പോള്‍ ഇന്നസെന്റിന്റെ പേര് നിര്‍ദ്ദേശിച്ചത് മമ്മുട്ടിയായിരുന്നു.

കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ രാഹുല്‍ എഫക്ട് മൂലമാണ് ഇന്നസെന്റിന് കാലിടറിയത്. ഇന്നസെന്റ് ഇത്തവണ നിയമസഭയിലേക്ക് മത്സരിക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്. കൊല്ലത്ത് പി.കെ ഗുരുദാസന്‍ ഒഴിഞ്ഞപ്പോള്‍ പകരക്കാരനായി നടന്‍ മുകേഷിനെ സ്ഥാനാര്‍ത്ഥിയാക്കിയതിലും മമ്മുട്ടിയുടെ ഇടപെടല്ലാണ് നിര്‍ണായകമായിരുന്നത്.
സുരേഷ് ഗോപിയെ ബി.ജെ.പി രാജ്യസഭാംഗമാക്കുകയും മോഹന്‍ലാലിനെ രാഷ്ട്രീയത്തിലിറക്കാന്‍ ബി.ജെ.പി കേന്ദ്ര നേതൃത്വം സമ്മര്‍ദ്ദം ശക്തമാക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ രാജ്യസഭാംഗമാകാനുള്ള സി.പി.എം സമ്മര്‍ദ്ദം മമ്മുട്ടിക്കും നിരാകരിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. താനൊരു കമ്യൂണിസ്റ്റാണെന്ന കാര്യം താരരാജാവിന്റെ വര്‍ണപൊലിമയിലും പ്രകടിപ്പിക്കാന്‍ തന്നെയാണ് മമ്മുട്ടി ആഗ്രഹിക്കുന്നത്. സുഹൃത്തുക്കളുമായുള്ള രാഷ്ട്രീയ ചര്‍ച്ചകളില്‍ പലവട്ടം അദ്ദേഹം അത് വ്യക്തമാക്കിയിട്ടുമുണ്ട്.

കൈരളി ചാനലിന്റെ ചെയര്‍മാനാകുന്നതില്‍ നിന്നും മമ്മുട്ടിയെ വിലക്കാന്‍ ശക്തമായ സമ്മര്‍ദ്ദമുണ്ടായിട്ടും അതെല്ലാം അവഗണിച്ച് ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാന്‍ അദ്ദേഹത്തിന് കരുത്ത് പകര്‍ന്നതും ഈ കമ്യൂണിസ്റ്റ് വികാരം തന്നെയാണ്. സ്വര്‍ണക്കടത്തടക്കമുള്ള വിവാദങ്ങളെ നേരിടുന്ന ഇടതുമുന്നണിക്ക് മമ്മുട്ടിയുടെ രാഷ്ട്രീയ പ്രവേശനം അടുത്ത നിമസഭാ തെരഞ്ഞെടുപ്പില്‍ വലിയ മുതല്‍കൂട്ടാകും. മഹാനടന്‍ എന്നതിലപ്പുറം മലയാളികളുടെ പൊതുജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്താന്‍ കഴിയുന്ന വ്യക്തിത്വമാണ് മമ്മുട്ടിക്കുള്ളത്. അര്‍ബുദ രോഗികളെ സഹായിക്കുന്ന പെയിന്‍ ആന്റ്് പാലിയേറ്റീവ് കെയര്‍ ചാരിറ്റി സംഘടനയുടെ രക്ഷാധികാരിയായ മമ്മുട്ടി അക്ഷയയുടെ ഗുഡ്വില്‍ അംബാസിഡര്‍ കൂടിയാണ്. മമ്മുട്ടി ഫാന്‍സ് അസോസിയേഷനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏറെ സജീവമാണ്.

മൂന്നു പതിറ്റാണ്ടിലേറെയായി അഭിനയരംഗത്ത് സജീവമായ മമ്മുട്ടി മലയാള സിനിമയിലെ മിസ്റ്റര്‍ ക്ലീനായാണ് അറിയപ്പെടുന്നത്. കാസ്റ്റിങ് കൗച്ചും മയക്കുമരുന്ന് വിവാദവുമടക്കം മലയാള സിനിമയെ വരിഞ്ഞുമുറുക്കിയപ്പോഴും അവയില്‍ നിന്നെല്ലാം വിട്ടുനില്‍ക്കുകയായിരുന്നു ഈ സൂപ്പര്‍താരം. മലയാള സിനിമയിലും നിര്‍ണായകമായ സ്വാധീനമാണ് മമ്മുട്ടിക്കുള്ളത്. മലയാളി കുടുംബ സദസുകളിലും മമ്മുട്ടി ഏറെ പ്രിയങ്കരനാണ്. ഇന്ത്യന്‍ സിനിമാ ലോകത്ത് തന്നെ മമ്മുട്ടിയെപ്പോലെയുള്ള പ്രതിഭാധനനായ നടന്‍മാര്‍ അധികമില്ല. മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാരം മൂന്നു തവണയാണ് മമ്മുട്ടിയെ തേടിയെത്തിയിട്ടുളളത്. മതിലുകള്‍ക്കും വടക്കന്‍ വീരഗാഥക്കും 1990-ലും വിധേയനും പൊതന്‍മാടക്കും 1994ലും അംബേദ്ക്കറിന് 1999-ലുമാണ് മമ്മുട്ടിക്ക് ദേശീയ പുരസ്‌ക്കാരം ലഭിച്ചിരിക്കുനത്. മികച്ച നടനുള്ള സംസ്ഥാന പുരസ്‌ക്കാരം അഞ്ചു തവണയും മമ്മുട്ടിക്ക് കരസ്ഥമാക്കിയിട്ടുണ്ട്.

സിനിമാ നടനാകുന്നതിനു മുമ്പ് അഭിഭാഷകനായിരുന്നു മമ്മുട്ടി. മഹാരാജാസ് കോളേജില്‍ നിന്നും ബിരുദവും എറണാംകുളം ലോ കോളേജില്‍ നിന്നും എല്‍.എല്‍.ബിയും നേടിയിട്ടുണ്ട്. മഞ്ചേരി ശ്രീധരന്‍ നായരുടെ ജൂനിയറായി മഞ്ചേരി കോടതിയിലാണ് അദ്ദേഹം ആദ്യം പ്രാക്ടീസ് ആരംഭിച്ചിരുന്നത്. പിന്നീട് മലയാള സിനിമയിലെ മഹാനടനായി വളര്‍ന്നപ്പോഴും പഴയ ഗുരുനാഥന്‍ ശ്രീധരന്‍ നായരുമായുള്ള ആത്മബന്ധം മമ്മുട്ടി തുടര്‍ന്നിരുന്നു. സി.പി.എം പ്രതിസന്ധിയിലായ ഘട്ടങ്ങളിലെല്ലാം പാര്‍ട്ടിയെ സഹായിക്കാന്‍ സമുന്നതനായ സി.പി.എം നേതാവും മുന്‍ ധനമന്ത്രിയുമായ ടി. ശിവദാസ മേനോന്റെ മരുമകനായ ശ്രീധരന്‍ നായര്‍ എന്നും ഉണ്ടായിരുന്നു. ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന് 1980തില്‍ നായനാര്‍ മന്ത്രിസഭയില്‍ തൊഴില്‍ മന്ത്രിയായ ആര്യാടന്‍ മുഹമ്മദ്, എ.കെ ആന്റണി വിഭാഗത്തിനൊപ്പം കോണ്‍ഗ്രസിലേക്ക് മടങ്ങിപോയപ്പോള്‍ നിലമ്പൂരില്‍ ആര്യാടനെ തോല്‍പിച്ച് പകരം വീട്ടുന്നതിനും ശ്രീധരന്‍ നായരുടെ ബുദ്ധിയാണ് നിര്‍ണ്ണായകമായിരുന്നത്. ആര്യാടനെ തോല്‍പിക്കാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ട മലപ്പുറം ഡി.സി.സി പ്രസിഡന്റായിരുന്ന ടി.കെ ഹംസയെ ഇടതുപക്ഷത്തെത്തിച്ച് സി.പി.എം സ്വതന്ത്രനായി നിലമ്പൂരില്‍ മത്സരിപ്പിച്ചതിന് പിന്നിലെ ബുദ്ധികേന്ദ്രമായിരുന്നു ശ്രീധരന്‍നായര്‍. ടി.കെ ഹംസയുമായി ചര്‍ച്ച നടത്തി സ്ഥാനാര്‍ത്ഥിയാകാന്‍ സമ്മതിപ്പിച്ചതും അദ്ദേഹം തന്നെയായിരുന്നു.

82ല്‍ നിലമ്പൂരില്‍ ആര്യാടനെ തോല്‍പിച്ച ടി.കെ ഹംസ പിന്നീട് സി.പി.എമ്മിന്റെ മന്ത്രിയും ചീഫ് വിപ്പും ലോക്സഭാംഗവുമായത് ചരിത്രമാണ്. ഇന്നും മലപ്പുറത്തെ ജനകീയനായ സി.പി.എം നേതാവാണ് ടി.കെ ഹംസ. ഇതെല്ലാം രാഷ്ട്രീയ എതിരാളികള്‍ക്ക് പോലും നിഷേധിക്കാന്‍ പറ്റാത്ത യാഥാര്‍ത്ഥ്യങ്ങളാണ്. മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാറുകളിലൊരാളായ മോഹന്‍ലാല്‍ നിലവില്‍ സംഘപരിവാറിനൊപ്പമാണ് സഹവാസം. ആര്‍.എസ്.എസിന്റെ കീഴിലുള്ള സേവാഭാരതിയുമായി ചേര്‍ന്നാണ് മോഹന്‍ലാലിന്റെ സേവന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. അടുത്തനിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ രജനീകാന്തിനെയും കേരളത്തില്‍ മോഹന്‍ലാലിനെയും രംഗത്തിറക്കാനാണ് ബി.ജെ.പി നീക്കങ്ങള്‍ നടത്തുന്നത്.

https://youtu.be/vQypNBLByU8

പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി നേരത്തെ മോഹന്‍ലാല്‍ കൂടിക്കാഴ്ചയും നടത്തിയിരുന്നു. നേമത്ത് രാജഗോപാലിന് പകരം മോഹന്‍ലാലിനെ രംഗത്തിറക്കാനാണ് ബി.ജെ.പി കരുക്കള്‍ നീക്കുന്നത്. അതല്ലെങ്കില്‍ തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നും മത്സരിപ്പിക്കാനാണ് ശ്രമം. ഇതിനും ലാല്‍ വഴങ്ങിയില്ലെങ്കില്‍ അതിന് ഒരുപടി മുന്നേ എറിയാനാണ് സി.പി.എം കരുനീക്കം. മമ്മുട്ടിയെ രാജ്യസഭാംഗമാക്കിയാല്‍ രാഷ്ട്രീയ തിരിച്ചടി പ്രതിപക്ഷത്തിന് നല്‍കാന്‍ കഴിയുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ഇരു വിഭാഗവും സൂപ്പര്‍ സ്റ്റാറുകളെ കളത്തിലിറക്കിയാല്‍ സമാനതകളില്ലാത്ത താരയുദ്ധത്തിനാണ് കേരളം സാക്ഷ്യം വഹിക്കുക.

Top