ലീഗ് കോട്ടകൾ തകർക്കാൻ സി.പി.എം ! മലപ്പുറത്ത് തന്ത്രപരമായ കരുനീക്കം

കുഞ്ഞാലിക്കുട്ടിയുടെ തിരിച്ച് വരവ് മുസ്ലീംലീഗിലും കോണ്‍ഗ്രസ്സിലും ഉണ്ടാക്കിയിരിക്കുന്നത് വന്‍ പൊട്ടിത്തെറി.
‘അധികാരത്തെ ഭ്രാന്തായി എടുക്കരുതെന്നും അധികാരം വിട്ടൊഴിയാന്‍ ധൈര്യമുള്ളവന് മാത്രമേ അധികാരത്തില്‍ ശോഭിക്കാന്‍ സാധിക്കൂ എന്നുമുള്ള കെ.എം. ഷാജി എം.എല്‍.എയുടെ പ്രതികരണം ലീഗില്‍ വലിയ ചര്‍ച്ചക്കാണ് തിരികൊളുത്തിയിരിക്കുന്നത്. അധികാരം ഇല്ലെങ്കില്‍ നില്‍ക്കാനാകില്ല എന്ന ചിന്ത ലീഗ് നേതാക്കള്‍ക്ക് ഒരിക്കലുമുണ്ടായിരുന്നില്ലെന്നും എം.എല്‍.എ തുറന്നടിച്ചിട്ടുണ്ട്. നാദാപുരം ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജേതാക്കളായവര്‍ക്ക് കുമ്മങ്കോട് ഒരുക്കിയ സ്വീകരണത്തിന്റെ ഭാഗമായി നടന്ന യു.ഡി.എഫ് പൊതുസമ്മേളനത്തിലായിരുന്നു ഈ വിവാദ പരാമര്‍ശം.

മത്സരിക്കലും ജയിക്കലുമല്ല രാഷ്ട്രീയ ഉത്തരവാദിത്തമെന്നും പുറത്തു നില്‍ക്കുന്നവനും ഒരുപാട് ഉത്തരവാദിത്തമുണ്ടെന്നും കെ.എം ഷാജി തുറന്നടിച്ചിട്ടുണ്ട്. എം.പി സ്ഥാനം രാജിവച്ച് സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാനുള്ള പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരായ പരോക്ഷ വിമര്‍ശനമായാണ് ഈ പ്രതികരണത്തെ രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്. മുസ്ലീംലീഗില്‍ എം.കെ മുനീര്‍ വിഭാഗക്കാരനായാണ് കെ.എം ഷാജി അറിയപ്പെടുന്നത്. ലീഗില്‍ തലമുറ മാറ്റം വേണമെന്ന് ആഗ്രഹിക്കുന്ന യൂത്ത് ലീഗ് നേതൃത്വത്തിന്റെ പിന്തുണയും ഈ വിഭാഗത്തിനാണുള്ളത്. കുഞ്ഞാലിക്കുട്ടിക്ക് പുറമെ രാജ്യസഭാംഗവും വ്യവസായിയുമായ പി.വി അബ്ദുള്‍ വഹാബും നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കും. ഇതും ലീഗിലെ ഒരു വിഭാഗത്തെ ചൊടിപ്പിച്ച ഘടകമാണ്.

നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ പാളയത്തിലെ പടയെ നേരിടേണ്ട അസാധാരണ സാഹചര്യമാണ് ലീഗ് നേതൃത്വത്തിന് നിലവിലുള്ളത്. റിബല്‍ സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാകാനുള്ള സാധ്യതയും ഒരിക്കലും തള്ളിക്കളയാന്‍ കഴിയുന്നതല്ല. ലോകസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കുഞ്ഞാലിക്കുട്ടി എം.എല്‍.എ സ്ഥാനം രാജിവച്ചപ്പോള്‍ ഉപതിരഞ്ഞെടുപ്പ് നടന്ന വേങ്ങരയില്‍ ലീഗ് വോട്ടില്‍ 6,954 വോട്ടിന്റെ കുറവാണുണ്ടായിരുന്നത്. ലോകസഭ തിരഞ്ഞെടുപ്പിലെ വിജയത്തില്‍ രാഹുല്‍ എഫക്ട് കൂടി പ്രതിഫലിച്ചതിനാല്‍ ആ ഭൂരിപക്ഷം കണക്കാക്കാനും കഴിയുകയില്ല. കുഞ്ഞാലിക്കുട്ടി വിരുദ്ധ തരംഗം ആഞ്ഞടിച്ച 2006-ല്‍ ലീഗ് കോട്ടയായ കുറ്റിപ്പുറത്ത് കെ.ടി ജലീല്‍ ഇടതു പിന്തുണയോടെ നേടിയ അട്ടിമറി വിജയം ഇന്നും ലീഗിനെ സംബന്ധിച്ച് ഞെട്ടിക്കുന്ന ഓര്‍മ്മ തന്നെയാണ്.

എം.പി സ്ഥാനം രാജിവച്ച് നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കുഞ്ഞാലിക്കുട്ടിക്കെതിരെ ലീഗില്‍ നിന്നു തന്നെ റിബലുകള്‍ ഉദയം ചെയ്താല്‍ കുഞ്ഞാലിക്കുട്ടി ശരിക്കും വിയര്‍ക്കും. അങ്ങനെ വന്നാല്‍ കുറ്റിപ്പുറം മോഡല്‍ തന്ത്രപരമായ സമീപനമായിരിക്കും ഇടതുപക്ഷവും സ്വീകരിക്കുക. കുഞ്ഞാലിക്കുട്ടിയുടെ രാജിയോടെ മലപ്പുറം ലോകസഭ മണ്ഡലത്തിലെ തിരഞ്ഞെടുപ്പും നിയമസഭ തിരഞ്ഞെടുപ്പിനൊപ്പമാണ് നടക്കുവാന്‍ പോകുന്നത്. 2004 ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ ലീഗ് കോട്ടയായ അന്നത്തെ മഞ്ചേരി മണ്ഡലത്തില്‍ നിന്നും, 47, 745 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സി.പി.എം നേതാവ് ടി.കെ ഹംസ അട്ടിമറി വിജയം നേടിയിരുന്നത്. 2009-ല്‍ മണ്ഡലം ആകൃതിമാറി മലപ്പുറമായെങ്കിലും ഇടതുപക്ഷത്തെ ഒരിക്കലും എഴുതി തള്ളാന്‍ കഴിയുകയില്ല.

ഹംസയുടെ മഞ്ചേരി മാജിക്ക് പ്രചോദനമാക്കി ഇത്തവണ പൊരുതാന്‍ തന്നെയാണ് ഇടതുപക്ഷത്തിന്റെ തീരുമാനം. കുഞ്ഞാലിക്കുട്ടി രാജിവയ്ക്കുന്ന മലപ്പുറം ലോകസഭ മണ്ഡലവും മത്സരിക്കാന്‍ പോകുന്ന വേങ്ങര മണ്ഡലവും പിടിച്ചെടുക്കാന്‍ ശേഷിയുള്ള സ്ഥാനാര്‍ത്ഥികളെ തന്നെ രംഗത്തിറക്കാനാണ് ചുവപ്പിന്റെ തീരുമാനം. ലീഗില്‍ നിന്നും പ്രമുഖരായ ആരെങ്കിലും പുറത്ത് ചാടിയാല്‍ അവരെ മുന്‍ നിര്‍ത്തിയായിരിക്കും പരീക്ഷണം നടത്തുക. പൗരത്വ നിയമ ഭേദഗതിക്കെതിരായ ഇടതുപക്ഷ സര്‍ക്കാറിന്റെ നിലപാടും മനുഷ്യ ശൃംഖലയുമെല്ലാം തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം പ്രധാന പ്രചരണ വിഷയമാക്കും. കോണ്‍ഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് പോലും കേന്ദ്ര നിയമത്തിനെതിരെ പ്രമേയം പാസാക്കാന്‍ കേരള മുഖ്യമന്ത്രിയുടെ കത്ത് വേണ്ടി വന്നതും സി.പി.എം ശരിക്കും ഉപയോഗപ്പെടുത്തും.

തദ്ദേശ തിരഞ്ഞെടുപ്പില്‍ മലപ്പുറത്ത് യു.ഡി.എഫ് ഉണ്ടാക്കിയ മേധാവിത്വം നിയമസഭ തിരഞ്ഞെടുപ്പില്‍ പൊളിച്ചടുക്കാന്‍ തന്നെയാണ് ചെമ്പടയുടെ തീരുമാനം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 35 വര്‍ഷമായി യുഡിഎഫ് കോട്ടയായിരുന്ന നിലമ്പൂരും ലീഗ് മാത്രം വിജയിച്ച താനൂരും ഇടതുപക്ഷം പിടിച്ചെടുത്തത് രാഷ്ട്രീയ കേന്ദ്രങ്ങളെ ശരിക്കും ഞെട്ടിച്ച സംഭവമാണ്. പെരിന്തല്‍മണ്ണ, മങ്കട, തിരൂര്‍, തിരൂരങ്ങാടി മണ്ഡലങ്ങളിലും കഴിഞ്ഞ തവണ ലീഗ് ശരിക്കും വിയര്‍ക്കുകയുണ്ടായി. പെരിന്തല്‍മണ്ണയില്‍ മഞ്ഞളാംകുഴി അലി രക്ഷപ്പെട്ടതാകട്ടെ തലനാരിഴയ്ക്കാണ്. 1995-ലെ ഉപതെരഞ്ഞെടുപ്പില്‍ എ കെ ആന്റണിയെ ലീഗ് ക്ഷണിച്ചുകൊണ്ടുവന്ന് 22,259 വോട്ടിന് ജയിപ്പിച്ച മണ്ഡലമാണ് തിരൂരങ്ങാടി. ഇവിടെ പി കെ അബ്ദുറബ്ബ് കടന്നുകൂടിയത് 6,043 വോട്ടുകള്‍ക്ക് മാത്രമാണ്.

മങ്കടയിലെ യു.ഡി.എഫ് ഭൂരിപക്ഷം 23,593-ല്‍നിന്ന് 1,508 ആക്കി കുറച്ചപ്പോള്‍ തിരൂരില്‍ 23,566 വോട്ടിന്റെ ഭൂരിപക്ഷം 7061 ആയാണ് കൂപ്പ് കുത്തിയിരുന്നത്. മലപ്പുറം ജില്ലയില്‍ യുഡിഎഫും ഇടതുപക്ഷവും തമ്മിലുള്ള വ്യത്യാസം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പോടെ നേരിയതായാണ് മാറിയിരുന്നത്. 2011-ല്‍ 16-ല്‍ 14 സീറ്റും ജയിച്ച യുഡിഎഫിന് 10,27,629 വോട്ടും രണ്ട് സീറ്റ് മാത്രം ജയിച്ചിരുന്ന ഇടതുപക്ഷത്തിന് 6,57,683 വോട്ടുമാണ് ഉണ്ടായിരുന്നത്. ഇരുമുന്നണികളുമായി 3,69,946 വോട്ടിന്റെ വ്യത്യാസമാണ് 2011 -ല്‍ പ്രകടമായിരുന്നത്. എന്നാല്‍ 2015-ല്‍ കഥ മാറി. 12 സീറ്റില്‍ ജയിച്ച യുഡിഎഫിന് 10,82,429 വോട്ടു ലഭിച്ചപ്പോള്‍ നാലിടത്ത് ജയിച്ച ഇടതുപക്ഷം 9,47,956 വോട്ടുകള്‍ നേടിയാണ് മുന്നേറിയത്. വ്യത്യാസം 1,34,473 വോട്ടുകള്‍ മാത്രമാണ്. 2011-നേക്കാള്‍ ഇടതുപക്ഷത്തിന് 2,90,273 വോട്ടുകളാണ് അധികം ലഭിച്ചിരുന്നത്. ഇതിനു ശേഷം നടന്ന മലപ്പുറം ലോക്‌സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് 1,01,303 വോട്ടുകളാണ് വര്‍ധിച്ചിരുന്നത്.

2014-ല്‍ 2,42,984 വോട്ടാണ് ഇടതുപക്ഷ സ്ഥാനാര്‍ഥി പി കെ സൈനബക്ക് ലഭിച്ചിരുന്നത്. ഉപതെരഞ്ഞെടുപ്പില്‍ അഡ്വ. എം ബി ഫൈസലിന് 3,44,307 വോട്ടുകളാണ് നേടാനായത്. എസ്ഡിപിഐ- വെല്‍ഫെയര്‍ പാര്‍ട്ടികളുടെ എഴുപതിനായിരത്തോളം വോട്ടുകള്‍ യുഡിഎഫിന് ലഭിച്ച തിരഞ്ഞെടുപ്പ് കൂടിയായിരുന്നു അതെന്നതും മറന്നു പോകരുത്. മലപ്പുറം -വേങ്ങര ഉപതെരഞ്ഞെടുപ്പുകളില്‍ ഭൂരിപക്ഷം കുത്തനെ കുറഞ്ഞതോടെയാണ് ജമാഅത്തെ ഇസ്ലാമി സഹകരണത്തിന് ലീഗ് നിര്‍ബന്ധിതമായത്. വെല്‍ഫയര്‍ പാര്‍ട്ടിയുമായി തദ്ദേശ തിരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കിയതും ഇതിന്റെ ഭാഗമാണ്. തല്‍ക്കാലം മലപ്പുറത്ത് പിടിച്ച് നില്‍ക്കാന്‍ ഈ സഖ്യം ഉപകാരപ്പെട്ടെങ്കിലും മലപ്പുറത്തിന് പുറത്ത് ഇത് യു.ഡി.എഫിന് ഉണ്ടാക്കിയിരിക്കുന്നത് വലിയ തിരിച്ചടിയാണ്. മുന്നണി എവിടെ തോറ്റാലും, മലപ്പുറത്ത് തോല്‍ക്കരുത് എന്ന ഒറ്റ അജണ്ട മാത്രമാണ് ലീഗിന് ഇപ്പോഴുമുള്ളത്.

നിയമസഭ തിരഞ്ഞെടുപ്പില്‍ 30 സീറ്റില്‍ മത്സരിക്കാനാണ് ആ പാര്‍ട്ടി തയ്യാറെടുക്കുന്നത്. കുഞ്ഞാലിക്കുട്ടിയെ ഭാവി ഉപമുഖ്യമന്ത്രിയാക്കി ഉയര്‍ത്തി കാട്ടുന്നത് തന്നെ മലപ്പുറത്തെ മണ്ണ് ഒലിച്ച് പോകാതിരിക്കാനാണ്. നിയമസഭ തിരഞ്ഞെടുപ്പില്‍ ‘കളി’ മാറുമെന്ന് സാക്ഷാല്‍ കുഞ്ഞാലിക്കുട്ടിക്കും ശരിക്കറിയാം. മുസ്ലീം സമുദായത്തിനിടയില്‍ പ്രത്യേകിച്ച് പുതു തലമുറയില്‍ വര്‍ദ്ധിച്ച് വരുന്ന ഇടത് അനുകൂല നിലപാടാണ് ലീഗിന്റെ ഉറക്കം കെടുത്തുന്നത്. അസംതൃപ്തര്‍ പാര്‍ട്ടി വിട്ടാല്‍ അവരെ ഇടതുപക്ഷം പിന്തുണയ്ക്കുമെന്നതിനാല്‍ യൂത്ത് ലീഗ്, എം.എസ്.എഫ് നേതാക്കള്‍ക്ക് ഇത്തവണ സീറ്റുകള്‍ നല്‍കണമെന്ന ആവശ്യവും ലീഗ് നേതൃത്വത്തിലുണ്ട്. എന്നാല്‍ സീറ്റ് നിഷേധിച്ചാല്‍ സിറ്റിംഗ് എം.എല്‍.എമാര്‍ തന്നെ എതിരാകുമെന്നതിനാല്‍ പരമാവധി അനുനയ നീക്കം നടത്താനാണ് തീരുമാനം.

അതേസമയം ഇത്തവണ മലപ്പുറത്ത് നിന്നും കൂടുതല്‍ സീറ്റുകള്‍ പിടിച്ചെടുക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ഇടതുപക്ഷം. അതിന് അനുസരിച്ചുള്ള തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്കാണ് സി.പി.എം രൂപം നല്‍കിയിരിക്കുന്നത്. ലീഗിന്റെ പൊന്നാപുരം കോട്ട ഇത്തവണ തകര്‍ത്ത് തരിപ്പണമാക്കുമെന്ന വാശിയിലാണ് സി.പി.എം പ്രവര്‍ത്തകര്‍. ലീഗില്‍ ഉയര്‍ന്നു വരുന്ന പാളയത്തിലെ ‘പട’, ലീഗ് നേതൃത്വത്തെ വീഴ്ത്തുന്നതില്‍ നിര്‍ണ്ണായ പങ്കുവഹിക്കുമെന്നാണ് ചെമ്പടയുടെ കണക്ക് കൂട്ടല്‍. സംഘ പരിവാറിനെതിരായ പോരാട്ടത്തിന്റെ നായകനായി പിണറായിയെ ഇടതുപക്ഷം ഉയര്‍ത്തി കാട്ടുമ്പോള്‍ അങ്ങനെ ഉയര്‍ത്തി കാട്ടാന്‍ പോലും യു.ഡി.എഫിനെ സംബന്ധിച്ച് ഇപ്പോള്‍ ഒരു നായകനില്ല. ആരാണ് യു.ഡി.എഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന ചോദ്യത്തിന് ലീഗിനും മറുപടിയില്ല. ചെന്നിത്തലയും മുല്ലപ്പള്ളിയും ഹസ്സനും നേതൃനിരയില്‍ നിന്നും മാറണമെന്നതാണ് ലീഗും ആഗ്രഹിക്കുന്നത്. പക്ഷേ അത് അവര്‍ തുറന്ന് പറയുന്നില്ലന്ന് മാത്രം.

കുഞ്ഞാലിക്കുട്ടിക്കെതിരെ ലീഗില്‍ തന്നെ കലാപക്കൊടി ഉയര്‍ന്നതും ഇതിനൊരു കാരണമാണ്. അധികാരം ലക്ഷ്യമിട്ട് നീങ്ങുന്നതില്‍ ലീഗെന്നോ കോണ്‍ഗ്രസ്സെന്നോ വ്യത്യാസമില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. കുഞ്ഞാലിക്കുട്ടിക്ക് പിന്നാലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറായി നില്‍ക്കുന്നത് അര ഡസന്‍ കോണ്‍ഗ്രസ്സ് എം.പിമാരാണ്. 21 വയസ്സുള്ളവരെ മേയറും പഞ്ചായത്ത് പ്രസിഡന്റും ഒക്കെയാക്കി സി.പി.എം ചരിത്രം സൃഷ്ടിക്കുമ്പോള്‍ പുതു തലമുറയെ അവഗണിച്ചാണ് യു.ഡി.എഫ് നേതൃത്വം മുന്നോട്ട് പോകുന്നത്. നിയമസഭ തിരഞ്ഞെടുപ്പിലും യുവത്വത്തിന് സി.പി.എം പ്രാധാന്യം കൊടുക്കുന്നതോടെ പ്രതിപക്ഷത്തിന്റെ അവസ്ഥയാണ് കൂടുതല്‍ ദയനീയമാകുക.

Top